കണ്ണൂര്‍: തന്നെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ. എന്‍ ഷംസീറിന്റെ ഭാര്യ ഡോ. ഷഹല. തനിക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും പിന്മാറില്ലെന്നും ഡോ. ഷഹല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘അത് തീര്‍ത്തും വിഡ്ഢിത്തമാണ്. എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ എനിക്ക് പോകാം. യൂണിവേഴ്‌സിറ്റിയാണ് ഇന്റര്‍വ്യൂ എപ്പോഴാണ് നടത്തേണ്ടത്, ആരെ അതില്‍ തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അത് എനിക്ക് വേണ്ടിയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്? എനിക്ക് ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ട് പോരാടുകയായിരുന്നു. അങ്ങനെയാണ് എനിക്ക് എല്ലാം കിട്ടുന്നത്. മാത്രമല്ല, എനിക്ക് ആരുടെയും ശുപാര്‍ശയും വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ എനിക്ക് നേരത്തെ കയറാമായിരുന്നു,’ ഷഹല പറഞ്ഞു.
തസ്തിക വിളിക്കുന്നത് യൂണിവേഴ്‌സിറ്റിയാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡങ്ങള്‍ എന്റെ യോഗ്യതയുമായി തൃപ്തിപ്പെടുത്തുന്നതിനാലാണ് താന്‍ അപേക്ഷിച്ചതെന്നും ഷഹല പറഞ്ഞു.
ഷംസീറിന്റെ ഭാര്യയായതുകൊണ്ട് സമ്മര്‍ദം ചെലുത്തുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളൊക്കെ ഒരു തമാശ ആയിട്ടാണ് തോന്നുന്നതെന്നും ഷഹല പറഞ്ഞു.
ഷംസീറിന് മികച്ച ഒരു രാഷ്ട്രീയ ജീവിതമാണ് ഉള്ളതെന്നും ഷംസീറിന്റെ ഭാര്യയായതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നാണോ പറയുന്നത് എന്നും അവര്‍ ചോദിച്ചു. ഒരിക്കലും ഇതില്‍ നിന്ന് പിന്മാറില്ലെന്നും ഷഹല പറഞ്ഞു. ഇന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാല്‍ അതിന് എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കാനുള്ള നീക്കം നടക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ ഭാര്യക്കെതിരായ ആരോപണം. യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റര്‍വ്യൂ നടന്നത്.
ഇന്റര്‍വ്യൂ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സേവ് യൂണിവേഴ്‌സിറ്റി ഫോറവും രംഗത്തെത്തിയിരുന്നു. സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക