| Friday, 14th June 2019, 1:16 pm

നിപ പടര്‍ന്ന വഴികള്‍ അന്വേഷിച്ചുപോയ വൈറസിലെ പാര്‍വ്വതി യഥാര്‍ത്ഥത്തില്‍ ഇവരാണ്‌

ജിന്‍സി ടി എം

നിപ ദുരന്തത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ വൈറസ് എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തില്‍ പല കഥാപാത്രങ്ങളെയും യഥാര്‍ത്ഥ ജീവിതത്തിലും കാണാം. ചിത്രത്തില്‍ പാര്‍വ്വതിയും ജിനു ജോസഫും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. റിയല്‍ ലൈഫില്‍ അവര്‍ ഡോ. ബിജിന്‍ ജോസഫും ഡോ. സീതുവുമാണ്. നിപ ദുരന്തവേളയിലെ അനുഭവങ്ങളെക്കുറിച്ച് ഡോ. ബിജിന്‍ ജോസഫും ഡോ. സീതുവും ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു

വൈറസ് കണ്ടല്ലോ. എന്താണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം?

ഡോ. സീതു: അന്ന് നമ്മുടെ എല്ലാവരുടേയും മനസില്‍ ഉണ്ടായിരുന്ന ഭീതി നാച്ചുറലായിട്ട് തന്നെ അതിനകത്ത് കാണിച്ചിട്ടുണ്ട്. ആ സമയത്ത് ഡോക്ടര്‍മാര്‍ കടന്നുപോയ സാഹചര്യത്തെ വളരെ ഭംഗിയായിട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. ഞങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചതും ഭംഗിയായിട്ടുണ്ട്. കണ്ടപ്പോള്‍ സന്തോഷം തോന്നി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. നിപാ എപിഡെമികിന്റെ ഭാഗമായിട്ട് എല്ലാ കമ്മ്യൂണിറ്റി മെഡിസിന്‍ വിദ്യാര്‍ത്ഥികളേയും നിപാ സെല്ലിലേക്ക് പോസ്റ്റ് ചെയ്തിരുന്നു. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നെ എഫ്.എ.ക്യു തയ്യാറാക്കാനാണ് ഏല്‍പ്പിച്ചിരുന്നത്. അപ്പോള്‍ നിപയുമായി ബന്ധപ്പെട്ട് നമ്മള്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് ധാരാളം കോളുകള്‍ വരുന്നുണ്ടായിരുന്നു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ വേണ്ടിയായിരുന്നു ഞങ്ങളെ ഒരുക്കിയിരുന്നത്. പിന്നെ ഭര്‍ത്താവ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത് കാരണം അത്തരമൊരു ആകാംക്ഷ ഉണ്ടായിരുന്നു.

കാരണം അദ്ദേഹം ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു മൂന്ന് കേസുകള്‍ വന്നിട്ടുണ്ടായിരുന്നത്. അന്നൊന്നും നമുക്കിത് അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് ഇത് നിപാ പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം വളരെയധികം ടെന്‍ഷനുണ്ടായി. ആദ്യം ഭയങ്കര പേടി തന്നെയായിരുന്നു. മക്കളെയൊക്കെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. ഒരു രണ്ട് ദിവസമെടുത്തു നമ്മള്‍ ഇതിലേക്കിറങ്ങണം എന്ന തീരുമാനമെടുക്കാന്‍.

സാബിത്തില്‍ നിന്നാണ് സാലിഹിനും ലിനി സിസ്റ്റര്‍ക്കുമെല്ലാം പകര്‍ന്നത് എന്ന് നമുക്കറിയായിരുന്നു. കാരണം അവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നത് വ്യക്തമായിരുന്നു. പിന്നെ വന്ന കേസ് എന്ന് പറയുന്നത് ആബിത്ത് എന്നയാളുടേയായിരുന്നു. അവരുടെ നാട് ഒളവണ്ണയിലായിരുന്നു. അപ്പോള്‍ അവര്‍ക്ക് ഇത് എവിടുന്ന് കിട്ടി എന്നതായിരുന്നു വലിയ ചോദ്യമായി നിന്നത്. അതറിയാനുള്ള ശ്രമമാണ് ആദ്യമായിട്ട് ഞാന്‍ ചെയ്തത്.

അതിന്റെ കോണ്‍ടാക്ട് ട്രേസിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൂടുതല്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. ആദ്യത്തെ കേസ് അന്വേഷിച്ചപ്പോള്‍ തന്നെ ഒരു ക്യൂര്യോസിറ്റി ഉണ്ടായി. അങ്ങനെ പിന്നെയുള്ളതും അന്വേഷിക്കാന്‍ തുടങ്ങി. ഭാഗ്യവശാല്‍ നിപാ സെല്‍ കോര്‍ കമ്മിറ്റിയുടെ അവലോകനയോഗത്തില്‍ എന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ പറ്റി. അതിനുശേഷമായിരുന്നു അവിടെ റെഗുലറായി പോസ്റ്റ് ആയത്.

വൈറസില്‍ പാര്‍വ്വതി അവതരിപ്പിച്ച ഡോ. അന്നു എന്ന കഥാപാത്രത്തിന് സീതുവിന്റെ ജീവിതവുമായി വലിയ സാമ്യമുണ്ട്. അതിനെക്കുറിച്ച്…

ഡോ. സീതു: പാര്‍വതി അത് വളരെ നന്നായിട്ട് തന്നെ ചെയ്തു. ഷൂട്ടിംഗിന് ഒരു ദിവസം മുന്‍പ് വന്ന് കണ്ടിരുന്നു. നമ്മുടെ അന്നത്തെ മാനസികാവസ്ഥ എങ്ങനെയായിരുന്നു എന്നൊക്കെ ചോദിച്ചിരുന്നു. നല്ലൊരു ഹോം വര്‍ക്ക് സിനിമയ്ക്ക് മുന്‍പ് പാര്‍വതി ചെയ്തിട്ടുണ്ട്. സൂക്ഷ്മമായ കാര്യങ്ങള്‍ പോലും പാര്‍വതി ചോദിച്ചിട്ടുണ്ടായിരുന്നു.

ഇതൊരു വണ്‍മാന്‍ഷോയായി എനിക്കൊരിക്കലും പറയാന്‍ പറ്റില്ല. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇതൊരിക്കലും ഒരാളെക്കൊണ്ട് മാത്രം ചെയ്യാന്‍ പറ്റിയ കാര്യമല്ല ഇത്. അംഗന്‍വാടി തൊഴിലാളികള്‍, ജെ.പി.എച്ച്.എസ്, ഡി.എം.ഒയിലെ മീഡിയാ സെല്ലിലെ ആളുകള്‍ തുടങ്ങിയവര്‍ ഒരോരുത്തരും തരുന്ന വിവരങ്ങള്‍ വളരെ നിര്‍ണായകമായ വിവരങ്ങളായിരുന്നു. ഒരോ ചെറിയ കാര്യങ്ങളും കൂട്ടിവെച്ചാണ് വലിയ ഹിസ്റ്ററി നമുക്ക് കിട്ടുന്നത്. സ്വന്തമായിട്ട് ഞാന്‍ കണ്ടുപിടിച്ച ഒരു സംഭവമല്ല അത്.

നിപയെന്ന രോഗത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നോ? അല്ലെങ്കില്‍ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തശേഷമാണോ ഇതിനെക്കുറിച്ച് പഠിക്കുന്നത്?

ഡോ. ബിജിന്‍ ജോസഫ്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് ടെസ്റ്റുകളില്‍ കേട്ടിട്ടുള്ള പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ ഒരു രോഗിയെ പോലും നമ്മള്‍ കണ്ടിട്ടില്ല. അതുകൊണ്ട് അത് പ്രത്യേകിച്ചും കേരളത്തിലെ ഡോക്ടര്‍മാരെ സംബന്ധിച്ച് അപൂര്‍വ്വമായിട്ടുള്ളൊരു അനുഭവം തന്നെയായിരുന്നു. അതുകൊണ്ട് ആദ്യം പരിശോധിച്ച രോഗികളെ സ്വയംരക്ഷാ ഉപാധികളൊന്നുമില്ലാതെയാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത്. സാലിഹിന്റെ റിപ്പോര്‍ട്ട് വന്നശേഷമാണ് ഇത് നിപയാണെന്ന് സ്ഥിരീകരിക്കുന്നത്.

നിപ കാലത്ത് ജനം അനുഭവിച്ച ഭീതിയെ അത്രത്തോളം തുറന്നുകാട്ടാന്‍ വൈറസിന് കഴിഞ്ഞിട്ടില്ലയെന്ന വിമര്‍ശനങ്ങളുണ്ട്. ആ ഭീതി അനുഭവിച്ചവര്‍ എന്ന നിലയില്‍ എന്താണ് ഡോക്ടറുടെ അഭിപ്രായം?

ഡോ. ബിജിന്‍ ജോസഫ്: നമ്മള്‍ വളരെ തീവ്രമായ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സിനിമയില്‍ അത് പൂര്‍ണ്ണമായ രീതിയില്‍ കൊണ്ടുവരണമെന്ന് പറയാന്‍ പറ്റില്ല കാരണം ഒരു സിനിമ എന്ന നിലയ്ക്ക് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിധം ആളുകളുടേയും വികാരം ഉള്‍ക്കൊണ്ടിട്ടുള്ള സിനിമയായാണ് അത് പുറത്തുവന്നിട്ടുള്ളത്.

പിന്നെ ആ സമയത്ത് ആളുകള്‍ക്ക് നമ്മളോട് ഇടപെടാനും ഭയങ്കര പേടിയുള്ളതായി തോന്നിയിട്ടുണ്ട്. നമ്മുടെ ആശുപത്രിയില്‍ ആദ്യം പനിയായിട്ടാണ് വരുന്നത്. പനിയുടെ കൂടെ തന്നെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ പ്രശ്നങ്ങളുമായിട്ടാണ് ഈ രോഗി നമ്മുടെ ആശുപത്രിയിലേക്ക് വരുന്നത്. സാധാരണ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് എന്‍സിഫലൈറ്റ്സ് എന്നു പറയും. അതായത് തലച്ചോറിന് എന്തെങ്കിലും ഇന്‍ഫെക്ഷന്‍ വന്നിട്ടുള്ള കേസ് ആയിരിക്കും. രോഗി സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പെരുമാറുക. അങ്ങനെയുള്ള പല ലക്ഷണങ്ങളും ഈ രോഗി കാണിച്ചിരുന്നു.

ഞങ്ങള്‍ ആദ്യം പരിശോധിക്കുമ്പോള്‍ രോഗിയുടെ ബി.പി എല്ലാം നോര്‍മലാണ്. പക്ഷെ ടെംപറേച്ചര്‍ കൂടി വരികയായിരുന്നു. പിന്നീട് വളരെ പെട്ടെന്ന് ബി.പി കൂടുന്ന ഒരു സാഹചര്യമുണ്ടായി. പനിയ്ക്ക് പാരസെറ്റാമോള്‍ കൊടുത്ത് കഴിഞ്ഞാല്‍ സാധാരണ ടെംപറേച്ചര്‍ കുറയേണ്ടതാണ്. എന്നാല്‍ ഈ രോഗിയുടെ പനി കുറയുന്നില്ലെന്ന് മാത്രമല്ല. എന്‍സിഫലൈറ്റിസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും തുടങ്ങി. സാധാരണ പേവിഷ ബാധയൊക്കെ ഉണ്ടെങ്കിലാണ് രോഗി ഈ രീതിയില്‍ പെരുമാറുക. ഞങ്ങളും ആദ്യം നോക്കിയത് പേവിഷ ബാധയുടെ സാധ്യതകളാണ്. പക്ഷെ അങ്ങനയുള്ള ഹിസ്റ്ററി ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഇത് വേറെ രീതിയിലുള്ള പനിയാണെന്ന രീതിയിലാണ് കണ്ടത്.

നിപ സെല്ലിലുള്ള ആളുകള്‍ നിരന്തരം വിളിച്ചിരുന്നു. ഞങ്ങള്‍ക്ക് വല്ല അസുഖവും ഉണ്ടോ എന്നറിയാനായി. രോഗിയുമായി കോണ്‍ടാക്ട് ഉണ്ടായ ഡോക്ടര്‍മാര്‍ പരസ്പരം ഒരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ പരസ്പരം ധൈര്യം നല്‍കി കൊണ്ടിരിക്കുകയായിരുന്നു.

നമ്മള്‍ അനുഭവിച്ച അത്ര ഭയം സിനിമയില്‍ വന്നിട്ടില്ല. ഒരു ഡോക്ടര്‍ വില്‍പത്രമൊക്കെ എഴുതിവെച്ചിട്ടാണ് ജോലിയ്ക്ക് വന്നത്. ഞങ്ങളും അസുഖം വന്നാല്‍ എന്ത് ചെയ്യും എന്നൊക്കെ നോക്കിയിരുന്നു. ഞങ്ങള്‍ ആദ്യം നോക്കിയത് ഐ.എം.എയുടെ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ എന്നൊക്കെയാണ് ഞങ്ങള്‍ നോക്കിയത്. കോഴിക്കോടുള്ളവരും മറ്റും വലിയ ഭീതി അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ആ രീതിയില്‍ സിനിമയില്‍ വന്നിട്ടില്ല. അത് ഒരുപക്ഷെ മനപൂര്‍വം വേണ്ട എന്ന് വെച്ചതായിരിക്കും.

വൈറസില്‍ ആംബുലന്‍സില്‍ നിന്നും ഒരു രോഗിയ്ക്ക് നിപ പടര്‍ന്നതായി കണ്ടെത്തുന്നുണ്ട്. അതുപോലെ ഒരു രോഗിയ്ക്ക് കള്ളനോട്ട ബന്ധമുണ്ടായിരുന്നതായി പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുണ്ടായിട്ടുണ്ടോ?

ഡോ. സീതു: സിനിമയില്‍ ചിത്രീകരിച്ച ആംബുലന്‍സില്‍ നിന്ന് വൈറസ് പകരുന്ന സംഭവം ഞാന്‍ ട്രേസ് ചെയ്തപ്പോള്‍ കിട്ടിയിട്ടില്ല. റിയല്‍ ലൈഫ് സ്റ്റോറി ആണെങ്കിലും കുറെ സിനിമാറ്റിക് കംപോനന്റ്സും അവര്‍ ചേര്‍ത്തിട്ടുണ്ട്. സിനിമയിലെ കള്ളനോട്ട് ബാക്ഗ്രൗണ്ട് സ്റ്റോറി എല്ലാം അത്തരത്തില്‍ ചേര്‍ത്തിട്ടുള്ളതാണ്.

കാരണം ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത രോഗിയ്ക്ക് ഇത് പുറത്തുനിന്ന് ലഭിച്ചതാണെന്നും ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നും തരത്തിലുള്ള ആരോപണങ്ങള്‍ വന്നിരുന്നു. അതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളായിരുന്നു. ഓരോ ഘട്ടത്തില്‍ അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. അതുകൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ അത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചു. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചു.

വിവരശേഖരണത്തിന്റെ ഭാഗമായി രോഗികളുടെ വീടുകളില്‍ സന്ദര്‍ശിച്ചിരുന്നല്ലോ. എന്തായിരുന്നു ആ ഒരു എക്‌സ്പീരിയന്‍സ്? സാബിത്തിന് നിപ പടര്‍ന്നത് റോഡില്‍ കിടുന്ന ഒരു വവ്വാലിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനിടെയാണെന്ന ഒരു നിഗമനത്തിലാണ് സിനിമ അവസാനിക്കുന്നത്. അത്തരമൊരു നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ?

ഡോ. സീതു സാബിത്തിന്റെ ഫാമിലി അത്രയും സപ്പോര്‍ട്ടീവായിരുന്നു. നമ്മുടെ കുടുംബത്തിലൊക്കെ ഇത്രയും വലിയ നഷ്ടം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് നമ്മള്‍ പുറത്തുവന്നിട്ടുണ്ടാകില്ല. ആ സമയത്താണ് അവരുടെ അടുത്തേക്ക് നമ്മള്‍ തുടര്‍ച്ചയായി പോയിക്കൊണ്ടിരിക്കുന്നത്. ഏത് പാതിരാത്രിയിലും അവര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. വവ്വാലില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ വവ്വാലില്‍ നിന്ന് എങ്ങനെ അത് സാബിത്തിലേക്ക് എത്തി എന്നതിന്റെ വിശദാംശം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വീണ്ടും നിപ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം രോഗങ്ങളെ ചെറുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് സര്‍ക്കാറിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?

ഡോ. ബിജിന്‍ ജോസഫ്: വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കാരണം രോഗകാരികളായ വൈറസുകള്‍ നമ്മുടെ നാട്ടില്‍ പഴം തിന്ന് ജീവിക്കുന്ന വവ്വാലുകളില്‍ ഉണ്ടെന്ന് വളരെ വ്യക്തമായി തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. അതുകൊണ്ട് വവ്വാലുകളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വൈറസ് മനുഷ്യശരീരത്തിലെത്തിയാല്‍ നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന ബോധ്യം സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു.

ഇത് പടരാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. വവ്വാല്‍ കടിച്ചിട്ടുള്ള പഴങ്ങള്‍ കഴിക്കുന്ന ഒഴിവാക്കുക, വെള്ളം നന്നായി തിളപ്പിച്ച് കുടിക്കുക. അത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. പിന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന ആളെ പെട്ടെന്ന് ഐസലോറ്റ് ചെയ്ത് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനുള്ള സാഹചര്യമാണ് നമുക്ക് ആദ്യം വേണ്ടത്. കഴിഞ്ഞ വര്‍ഷം നിപ റിപ്പോര്‍ട്ട് ചെയ്ത ശേഷം തിരുവനന്തപുരത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. എന്നാലും അതിന് ശേഷം കുറെ കടമ്പകള്‍ കടക്കാനുണ്ട്. വൈറല്‍ പനികള്‍ കൂടുതലായി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട് തന്നെ പെട്ടെന്ന് ടെസ്റ്റ് ചെയ്ത് രോഗനിര്‍ണ്ണയം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണം.

ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് സീരിയസായുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് ആളുകള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റണം എന്നുള്ളതും വന്നു. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആളുകള്‍ വിശ്വസിക്കാതിരിക്കാനുള്ള സാഹചര്യവുമുണ്ടായി. കാരണം ഇതുപോലത്തെ വ്യാജന്‍മാരെ പിന്തുണയ്ക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യസംബന്ധമായ ഏത് വിഷയങ്ങളിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് അത്തരക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന് ഒരു പരിധി വരെ അവിടെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്തും ഡോക്ടര്‍മാര്‍ക്ക് കാശുണ്ടാക്കാനാണ് എന്ന് ഇത്തരക്കാര്‍ പറഞ്ഞുപരത്തിയിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാണ്. കാരണം നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മറ്റുരോഗികള്‍ പോലും ആശുപത്രിയില്‍ വരാറില്ല. ബേബി മെമ്മോറിയല്‍ ആശുപത്രിയിലൊന്നും അക്കാലയളവില്‍ ഡയാലിസിസിന് വരുന്നവര്‍ പോലും വന്നിട്ടില്ല.

രോഗബാധിതനുമായി വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ നിപ പകരുകയൂള്ളൂ. അതുകൊണ്ടുതന്നെ പേടിയല്ല ജാഗ്രതയാണ് വേണ്ടത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Also Read