'സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ ദാമോദര്‍ജി എന്ന കഥാപാത്രത്തെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി: സരിന്‍
Kerala News
'സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ ദാമോദര്‍ജി എന്ന കഥാപാത്രത്തെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി: സരിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 11:21 pm

തിരുവനന്തപുരം: സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വന്ന ‘സന്മനസുള്ളവര്‍ക്ക് സമാധാനം’ എന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച ദാമോദര്‍ജി എന്ന കഥാപാത്രത്തെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന്  കെകെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍.

താന്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന് പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനേ എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സരിന്‍.

മുഖ്യമന്ത്രി സഭയില്‍ പറയുന്ന പഴയ വിജയനെ തങ്ങള്‍ക്ക് നന്നായിട്ടറിയാമെന്നും അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകള്‍ ദാമോദര്‍ജി എന്ന കഥാപാത്രത്തിന് സമാനമാണെന്നും സരിന്‍ പറഞ്ഞു.

പി. സരിന്‍

‘ദാമോദര്‍ജിയും പിണറായി വിജയനും വളരെ ഗൗരവത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. ഇരുവരുടെയും സ്വയം പുകഴ്ത്തല്‍ കേട്ടാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി സഭയില്‍ പറയുന്ന പഴയ വിജയനെ ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ആ ഇരുണ്ട ഭൂതകാലം മലയാളികള്‍ ഓര്‍ത്തെടുത്താല്‍ കോടികള്‍ മുടക്കി ഉണ്ടാക്കിയെടുത്ത സ്വന്തം പ്രതിച്ഛായ ബലൂണ്‍ പൊട്ടുന്നത് പോലെ തകരുന്നത് മുഖ്യമന്ത്രിക്ക് കാണാം.

ആളെ കൊല്ലിച്ചതും തല്ലിയതും തല്ലിച്ചതുമായി പല ഭൂതകാലകഥകളും കേരള മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാം. അതൊക്കെ അദ്ദേഹത്തിന് അഭിമാനവും ആയിരിക്കാം. പക്ഷേ, സാധാരണ മലയാളികളെ സംബന്ധിച്ചിടത്തോളം കേരള മുഖ്യമന്ത്രിക്ക് മോശപ്പെട്ട ഭൂതകാലം ഉണ്ടായിരുന്നു എന്നതും അദ്ദേഹം പ്രതിഷേധങ്ങളെ ഭയന്ന് നെട്ടോട്ടമോടുന്ന ആളാണെന്നതും അപമാനകരമാണ്.

അതുകൊണ്ട് പഴയ നാണംകെട്ട കഥകളില്‍ അഭിരമിക്കാതെ പാവപ്പെട്ടവന്റെ നെഞ്ചത്തടിക്കുന്ന നികുതി വര്‍ദ്ധനവിനെ പറ്റി ചര്‍ച്ച ചെയ്യാനും അത് പിന്‍വലിക്കാനും ആണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്.

ജനവിരുദ്ധ നികുതി വര്‍ദ്ധനവുമായി മുന്നോട്ടു പോകാന്‍ ആണ് പിണറായി വിജയന്റെ തീരുമാനം എങ്കില്‍ പ്രതിഷേധത്തിന്റെ പുതിയ രൂപത്തിലും ഭാവത്തിലും പ്രതിപക്ഷം തെരുവുകളില്‍ ഉണ്ടാകും,’ സരിന്‍ പറഞ്ഞു.