| Tuesday, 5th October 2021, 2:24 pm

സിനിമയുടെ രാഷ്ട്രീയ ചുംബനം

ഡോ. എസ്. ഗോപു

മലയാളത്തിലെ നവ സമാന്തര സിനിമയുടെ സ്വതന്ത്രമുഖമാണ് പ്രതാപ് ജോസഫിന്റെ സിനിമകള്‍. പ്രമേയം, ആഖ്യാനം, നിര്‍മ്മാണം, പ്രദര്‍ശനം എന്നിങ്ങനെ ചലച്ചിത്രത്തിന്റെ സമസ്ത തലങ്ങളെയും പതിവു ചിന്തകളില്‍ നിന്നും വഴക്കങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ സിനിമകളെ വ്യതിരിക്തമാക്കുന്നത്. ‘കുറ്റിപ്പുറം പാലം’, ‘അവള്‍ക്കൊപ്പം’, ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്നീ ഫീച്ചര്‍ സിനിമകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ (രണ്ടു ലക്ഷത്തില്‍ താഴെ) നിര്‍മ്മിച്ച സിനിമകളാണിവ. ഈ പണമാകട്ടെ ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ചതുമാണ്. മൂന്ന് സിനിമകളും തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല.

‘കുറ്റിപ്പുറം പാലം’ ഒഴികെയുള്ള സിനിമകള്‍ സെന്‍സര്‍ ചെയ്തവയുമല്ല. ചലച്ചിത്രമേളകളിലും കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്‌ക്രീന്‍ പോലുള്ള സമാന്തര പ്രദര്‍ശന ഇടങ്ങളിലും സാംസ്‌കാരിക വേദികളിലുമാണ് ഇവ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ‘സ്വതന്ത്ര സിനിമ’യെന്ന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും സ്വാംശീകരിക്കാനുള്ള ശ്രമമാണ് പ്രതാപ് ജോസഫ് എന്ന ചലച്ചിത്രകാരനെ നിര്‍ണയിക്കുന്നത്. ‘സ്വതന്ത്ര മനുഷ്യന്റെ നിലപാടുകളും പ്രതിസന്ധികളും തന്നെയാണ് സ്വതന്ത്ര സിനിമയുടേതും. കലയും ജീവിതവും രണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ജീവിതം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കലയും. എന്നെങ്കിലും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്ന എന്നെ കണ്ടാല്‍ എന്റെ കലയില്‍ ‘തീര്‍പ്പായി’ എന്നു കരുതിയാല്‍ മതി.

വിട്ടുവീഴ്ചയില്ലാതെ സ്വാതന്ത്രമാവുക എന്ന ദര്‍ശനമാണ് സിനിമയിലും ജീവിതത്തിലും അയാള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഈ നിലപാട് ഏറ്റവും ശക്തമായി ആഖ്യാനത്തിലും രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്ന സിനിമയാണ് ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന സിനിമയുടെ പോസ്റ്റര്‍

‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍/ലോകം മാറുന്നു/ അഭിലാഷങ്ങള്‍ക്ക് മാംസമുണ്ടാകുന്നു/ ചിന്തകള്‍ക്ക് മാംസമുണ്ടാകുന്നു’ എന്നു തുടരുന്ന ഒക്ടോവിയ പാസിന്റെ വരികളെ ഓര്‍മ്മയിലെത്തിക്കുന്ന ശീര്‍ഷകം ഗൗരവമേറിയ ചലച്ചിത്രപരിചരണത്തിലേക്കുള്ള സര്‍ഗ്ഗാത്മക പ്രവേശനം സാധ്യമാക്കുന്നു.

2014-ല്‍ കേരളത്തെ ഇളക്കി മറിച്ച ചുംബനസമരമാണ് ചിത്രത്തിന്റെ പ്രേരകവും പശ്ചാത്തലവും. വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുന്ന സദാചാര പോലീസിങ്ങിനെതിരായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു ചുംബനസമരം. കോഴിക്കോട്ട് ആരംഭിച്ച് കേരളത്തിലെയും ഇന്ത്യയിലെയും തെരുവുകളിലേക്കും ക്യാപസുകളിലേക്കും പടര്‍ന്നു പിടിച്ച സമരത്തിന്റെ രാഷ്ട്രീയത്തെ പിന്തുണക്കുന്ന കഥാഭാഗവും പ്രസ്തുത സമരത്തെ ദൃശ്യപരമായി രേഖപ്പെടുത്തുന്ന കഥേതരഭാഗവും ചേര്‍ന്നതാണ് ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന സിനിമ.

കടലിനോട് ചേര്‍ന്ന പാറക്കെട്ടിന്റെ മറവില്‍ ഒന്നിച്ചിരിക്കുന്ന അവരുടെ സ്വകാര്യനിമിഷങ്ങളിലെ ആലിംഗനവും ചുംബനവുമൊക്കെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ‘അപരന്‍’ സിനിമയുടെ രാഷ്ട്രീയത്തെ സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ സഹായകമായ വ്യവഹാരങ്ങളിലേക്ക് ആഖ്യാനത്തെ നയിക്കുന്ന കഥാപാത്രമാണ്. മകളുടെ പ്രണയത്തെ എതിര്‍ക്കുകയും വ്യക്തി എന്ന നിലയില്‍ തന്റെ ജൈവികമായ പ്രണയത്തെ രഹസ്യമായി ആഘോഷിക്കുകയും ചെയ്യുന്ന സദാചാരവാദിയായ പുരുഷന്റെ പ്രതിനിധാനമായി സിനിമയില്‍ താരയുടെ അച്ഛന്‍ മാറുന്നുണ്ട്.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന സിനിമയിലെ ഒരു ദൃശ്യം

ഒളിക്യാമറ പ്രയോഗം നടത്തുന്നവനിലും സദാചാര പോലീസിന്റെ പുരുഷമുഖം പ്രകടമാണ്. ”എടോ താനൊരു മാന്യനാ, അതെനിക്കറിയാം. എടോ അവളു പെഴയാടോ…അവള്‍ക്കേ, കുത്തിക്കഴപ്പാ.!” എന്നയാള്‍ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ പ്രത്യുപകാരമായി ‘അവളെ ഭോഗിക്കണം’ എന്ന നിബന്ധന മുന്നോട്ടുവെയ്ക്കുന്നു. ലൈഗിംക സ്വാതന്ത്ര്യത്തെ സംബന്ധിച്ച് പുരുഷകേന്ദ്രിതമായ പൊതുബോധം നിര്‍മ്മിച്ചെടുത്ത സ്ത്രീവിരുദ്ധ ധാരണകളാണ് അയാളെ നയിക്കുന്നത്. രണ്ടു പുരുഷന്മാര്‍ മുഖാമുഖം നില്‍ക്കുന്ന ഈ സന്ദര്‍ഭം മലയാള സിനിമ ഇതുവരെ സൃഷ്ടിച്ച പല മുഹൂര്‍ത്തങ്ങളെയും അപനിര്‍മ്മിക്കുന്നുണ്ട്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവനും സദാചാരഭ്രംശ ഭയത്താല്‍ അവനുമായി ഒത്തു തീര്‍പ്പിലെത്താന്‍ ശ്രമിക്കുന്നവനും ഒരുപോലെ അസംബന്ധ കാഴ്ചയായി സ്ത്രീക്ക് ഇടംവലം നില്‍ക്കുന്നു.

ചെറ്റ, നാറി, മൈര, ഊള തുടങ്ങിയ മുഴുത്ത തെറികൊണ്ട് സധൈര്യം പ്രതിരോധിക്കുന്ന സ്ത്രീയാകട്ടെ കരുത്തുറ്റ രാഷ്ട്രീയ പ്രതിനിധാനമായി മാറുന്നു. ചുംബനസമരത്തിന്റെ ഡോക്യുമെന്റേഷനിലേക്ക് സഞ്ചരിക്കുന്ന സിനിമ അതുപോലൊരു സമരത്തെ അനിവാര്യമാക്കിയ സമൂഹത്തിന്റെ ‘മാനസിക വൈകല്യത്തെ’ രണ്ടു പുരുഷന്മാരിലൂടെ സമര്‍ത്ഥമായി വെളിപ്പെടുത്തുന്നു.

‘ആഴമുള്ള സ്നേഹബന്ധത്തെയും പ്രണയത്തെയും ഭയക്കുന്ന/ രക്ഷിതാവ് ചമഞ്ഞ് അതിനെ ആട്ടിയോടിക്കുന്ന പുരുഷ മലയാളിയെ അവന്റെ മുഴുനീള ചേഷ്ടകളെ പച്ചയ്ക്ക് കാണാന്‍ കഴിയുന്നു. ചുംബനസമരം സദാചാര മലയാളിക്കു നല്‍കിയ ആഘാതം കാഴ്ചയുടേതായിരുന്നു.
ചുംബനം എന്ന പ്രക്രിയയല്ല സദാചാര വാദികളുടെ പ്രശ്നം. ആരും കാണാതെ ചുംബിക്കാം. പരസ്യമായ ചുംബനമാണ് അരുതാത്തത്. അതായത് ചുംബനം എന്ന കാഴ്ചയാണ് അലോസരം സൃഷ്ടിക്കുന്നത് എന്നു ചുരുക്കം.

ചുംബനസമരം തെരുവിലഴിച്ചു വിട്ടത് ‘അരുതാത്ത കാഴ്ചകളെ’യാണ്. അത്തരം കാഴ്ചകളുടേതായ രണ്ടാം പകുതിയിലേക്ക് പുറപ്പെട്ടുപോകുന്ന പ്രതാപിന്റെ സിനിമ കഥയുടേതായ ഒന്നാം പകുതിയിലും കാഴ്ചയുടെ പ്രഹരങ്ങള്‍ കരുതിവെക്കുന്നു. പ്രൊഫസര്‍ക്കും വിദ്യാര്‍ത്ഥിനിക്കും ഇടയില്‍ ചുംബനം സംഭവിക്കുന്നു. അയാളുടെ കഷണ്ടിയില്‍ അവള്‍ ഉമ്മവെക്കുന്നു. അവള്‍ മാറിലേക്കു ചേര്‍ക്കുമ്പോള്‍ അയാളവളുടെ മാറില്‍ മുഖമമര്‍ത്തുന്നു. അടുത്ത സീനില്‍ നഗരത്തിലെ അണ്ടര്‍ പാസേജില്‍ താരയും കൂട്ടുകാരിയും തമ്മില്‍ നിര്‍വഹിക്കുന്ന ചുംബനം അല്‍പം കൂടി കടുത്തതാണ്.

പെണ്ണും പെണ്ണും തമ്മിലുള്ള സ്വവര്‍ഗാനുരാഗത്തിന്റെ കൃത്യമായ സൂചനകള്‍ക്കൊപ്പം ‘ലിപ് ലോക്ക് കിസും’ ചേരുമ്പോള്‍ സദാചാര വ്യാകരണങ്ങളോടുള്ള വിയോജിപ്പിന്റെ ദൃശ്യനിര്‍മ്മിതിയായി ആ സന്ദര്‍ഭം മാറുന്നു. എം.ഡി. രാധികയുടെ കഥയിലെ താരയുടെ ആണ്‍ സുഹൃത്തിനെയും പ്രണയത്തെയും സൂചനകളിലൂടെ സിനിമ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും കാഴ്ചപ്പെടുന്നത് അവളുടെ പെണ്‍സുഹൃത്തുമായുള്ള സ്വവര്‍ഗാനുരാഗമാണ്. ശ്രദ്ധേയമായ ഈ അനുവാദന വ്യതിയാനവും ചലച്ചിത്രകാരന്റെ രാഷ്ട്രീയ നിലപാടിന്റെ ഉല്‍പന്നമാണ്.

താരയുടെ അമ്മയും അവരുടെ പൂര്‍വ കാമുകനും തമ്മില്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലെ സംഭാഷണം, ഇരിപ്പ്, നോട്ടം, ചലനം, തുടങ്ങിയവയെല്ലാം മലയാളിയുടെ വ്യവസ്ഥാപിത സദാചാര ബോധ്യത്താല്‍ നിര്‍മ്മിതമാണ്. അവരുടെ പ്രണയ പരാജയത്തെക്കുറിച്ചുള്ള ഭൂതകാലസൂചനകളിലും പില്‍ക്കാല ജീവിതസൂചകങ്ങളിലും വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും തിരഞ്ഞെടുപ്പിനും അതിരിടുന്ന വിധത്തില്‍ കുടംബവും സമൂഹവും പിന്തുടര്‍ന്നു വരുന്ന പ്രതിലോമകരമായ പ്രവണതകള്‍ അടയാളപ്പെടുന്നുണ്ട്. ഇവിടെയും പിരിയും മുമ്പ് അയാളുടെ കൈയില്‍ അമര്‍ത്തിപ്പിടിക്കുന്ന സ്ത്രീ നിഷേധത്തിന്റെ ദിശാഫലമാകുന്നു. എങ്കിലും കഥയിലെ ചുംബനം സിനിമയില്‍ നിന്നും ഒഴിവാക്കിയതിലൂടെ ചലച്ചിത്രകാരന്‍ ന്യായീകരിക്കാനാവാത്ത വീഴ്ച വരുത്തി എന്നു പറയാതെ വയ്യ. തികച്ചും സ്വതന്ത്രമായ ഒരു സിനിമയില്‍ കഥ മുന്നില്‍ വെച്ച സാധ്യതയെ പ്രതാപ് എന്തുകൊണ്ട് നിരസിച്ചു എന്ന് വ്യക്തമല്ല. അവരുടെ ചുംബനത്തില്‍ നിന്നാണ് സിനിമ രണ്ടാം പകുതിയിലേക്ക് കടന്നിരുന്നതെങ്കില്‍….!

ചിത്രത്തിന്റെ രണ്ടാം പകുതി ചുംബനസമരത്തിന്റെ തുടക്കവും വികാസവും പടര്‍ച്ചയും രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും വാക്കുകളും എഴുത്തുകളും കൊണ്ട് നിറഞ്ഞതാണ്. 2014 ഒക്ടോബര്‍ 23ന് കോഴിക്കോട് പി.ടി. ഉഷാറോഡിലുള്ള ഡൗണ്‍ടൗണ്‍ കഫേയുടെ പാര്‍ക്കിങ്ങ് ഏരിയയില്‍ അനാശാസ്യം നടന്നു എന്ന മട്ടില്‍ ജയ്ഹിന്ദ് ടി.വി. പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് ഭാരതീയ ജനതാ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കഫേ ആക്രമിക്കുന്നത്. പിന്നീട് ഉയര്‍ന്ന സദാചാര ചര്‍ച്ചകളോടുള്ള പ്രതിഷേധം എന്ന നിലയില്‍ ‘Kiss Of Love’ എന്ന ഫേസ്ബുക്ക് പേജ് രൂപമെടുത്തു. 2014 നവംബര്‍ 2ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തുചേര്‍ന്ന് ചുംബനംകൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ഉണ്ടായി.

ഈ പ്രതിരോധത്തെ ഏതാനും സങ്കുചിത മതാധിഷ്ഠിത സംഘടനകളും പോലീസും ചേര്‍ന്ന് നേരിട്ടു. ഇതോടെ ചുംബനസമരം രാജ്യശ്രദ്ധയിലെത്തി. എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് ലോ കോളേജ്, ഹൈദരാബാദ് യൂണിവേഴ്സ്റ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റി, പോണ്ടിച്ചേരി യൂണിവേസ്റ്റി, മദ്രാസ് ബോംബെ ഐ.ഐ.ടികള്‍, കൊല്‍ക്കത്ത ഐസര്‍ തുടങ്ങി നിരവധി കലാലയങ്ങളില്‍ ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമരപരിപാടികള്‍ അരങ്ങേറി. കോഴിക്കോട്ട് തെരുവിന്റെ വിവിധ ഇടങ്ങളില്‍ ഒരേ സമയം പ്രക്ഷോഭമുയര്‍ന്നു.

തിരുവനന്തപുരത്ത് 19-ാമത് ഐ.എഫ്.എഫ്.കെയുടെ വേദിയിലും പ്രതിഷേധം അലയടിച്ചെത്തി. ബാംഗ്ലൂരിലും ബോംബെയിലുമൊക്കെ ഐക്യദാര്‍ഢ്യവേദികള്‍ ഉണ്ടായി. ‘വ്യക്തി, സമൂഹം, ലിംഗം, പൊതുവിടം, രാഷ്ട്രീയം, ഫാസിസം അങ്ങനെ അനേകതലങ്ങളില്‍ രചിക്കപ്പെട്ട ഒരു സമരം കേരളചരിത്രത്തില്‍ വേറെ ഉണ്ടാവാന്‍ ഇടയില്ല. കേരളത്തിന്റെ ആധുനിക നവോത്ഥാന ശരീര രാഷ്ട്രീയ ചരിത്രം ചുംബനസമരത്തിനു മുമ്പും ശേഷവും എന്നാകും എഴുതപ്പെടുക എന്നതില്‍ ആര്‍ക്കും തര്‍ക്കം ഒന്നും ഉണ്ടാകാന്‍ ഇടയില്ല. വെറുമൊരു സമരം എന്നതില്‍ ഒതുങ്ങാതെ ചെറുമുന്നേറ്റങ്ങളുടെ അണമുറിയാത്ത ഒരു പ്രവാഹം കൂടി ഇന്നും ഇത് നിലനിര്‍ത്തുണ്ട്.

പൊതുബോധവും ഭരണകൂടവും സങ്കുചിത രാഷ്ട്രീയ മത മിഷണറി സംവിധാനവും ഫാസിസവും എല്ലാം പല്ലും നഖവുമപയോഗിച്ച് എല്ലാം രീതിയിലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഉയര്‍ത്തിവിട്ട രാഷ്ട്രീയം ഇങ്ങനെ ചുഴലിക്കാറ്റുപോലെ സമൂഹത്തില്‍ കറക്കികൊണ്ടിരിക്കാന്‍ അതിനു കഴിയുന്നുണ്ട്. എന്നാല്‍ അരാജകമായ ജീവിതത്തിനു വേണ്ടിയുള്ള അതിരുകടന്ന അവകാശവാദമായി ചുംബനസമരത്തെ തെറ്റി വായിക്കുന്നതില്‍ ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാടുകള്‍ ഒരുപോലെ പങ്കുവഹിച്ചു. മതഫാസിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങള്‍ പൊതുബോധത്തെയും സ്വാധീനിച്ചു.

യഥാര്‍ത്ഥത്തില്‍ ചുംബനസമരം വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരപ്രഖ്യാപനമായിരുന്നു. സദാചാര പോലീസിങ്ങിനെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളെയും സ്ത്രീവിരുദ്ധമായ പുരുഷാധികാരത്തെയും ഒരുപോലെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ജനാധിപത്യപരവും അഹിംസാത്മകവുമായ സമരരൂപം എന്ന് നിലയിലാണ് ചുംബനസമരത്തെ നോക്കിക്കാണേണ്ടത്. ഈ മുന്നേറ്റത്തെ ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാനും വിവരിക്കാനുമുള്ള കലാബാധ്യതയാണ് ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ നിറവേറ്റുന്നത്. ‘മലയാളിയുടെ ദുരാചാരചരിത്രത്തില്‍ ഒരു വിള്ളല്‍ വീഴ്ത്തിയ ചുംബന സമരത്തിന്റെ സര്‍ഗാത്മകതയെ വെള്ളിത്തിരയില്‍ അടയാളപ്പെടുത്തുവാനുള്ള ധീരമായ ശ്രമമാണ് പ്രതാപ് ജോസിന്റെ സിനിമ’.

പ്രതാപ് ജോസഫ്

സമരത്തെ കറുപ്പിലും വെളുപ്പിലുമാണ് ചലച്ചിത്രകാരന്‍ അവതരിപ്പിക്കുന്നത്. നിറങ്ങള്‍ നിറഞ്ഞ കഥാഭാഗം അതിന് ആമുഖം ചമയ്ക്കുന്നു.
ചലച്ചിത്രത്തെ കഥാചിത്രം, കഥേതര ചിത്രം എന്നിങ്ങനെ വേര്‍തിരിച്ചു കാണുന്ന സാമ്പ്രദായിക രീതിയില്‍ നിന്നുമാറി ഒന്നിനെ മറ്റൊന്നുകൊണ്ട് പൂരിപ്പിക്കുകയും ഒന്നിന് മറ്റൊന്ന് അനുബന്ധമാവുകയും ചെയ്യുന്ന നിലയില്‍ നവീനമായൊരു ദൃശ്യ ശരീര നിര്‍മ്മിതി സാധ്യമാക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. ‘പോംവഴി മറ്റൊരു വിധമായിരുന്നെങ്കില്‍’ എന്ന് വൈലോപ്പിള്ളി ശങ്കിച്ചതുപോലെ ‘ഇടകലര്‍ത്തല്‍ മറ്റൊരുവിധമായിരുന്നെങ്കില്‍’ എന്ന് ചിത്രത്തെ പിന്തുണക്കുന്ന ചില പ്രേക്ഷകര്‍ പോലും പരിഭവിക്കുന്നത് ഓണ്‍ലൈന്‍ എഴുത്തുകളില്‍ കാണാം

ഡോക്യുഫിക്ഷന്‍ എന്ന കാറ്റഗറിയിലേക്ക് പലരും സിനിമയെ ചേര്‍ത്തു വെക്കുന്നുമുണ്ട് . എന്നാല്‍ ഡോക്യുമെന്ററിയുടെ സങ്കേതങ്ങളെ ഫിക്ഷനിലോ, തിരിച്ചോ ഉപയോഗിക്കുന്ന പതിവു രീതികളെ പിന്‍പറ്റുന്നതല്ല പ്രതാപിന്റെ സിനിമ. എം.ഡി. രാധികയുടെ കഥയെ ആധാരമാക്കുന്ന കഥാഭാഗം കഥാചിത്രമായും ചുംബനസമരത്തിന്റെ ഡോക്യമെന്റേഷനായ കഥേതരഭാഗം കഥേതര ചിത്രമായും തന്നെ നിലകൊള്ളുന്നു എന്നു തോന്നാം. പക്ഷെ രണ്ടിനെയും ചേര്‍ത്തുവെച്ച് ഒന്നാക്കി മാറ്റുന്നത് മറ്റ് ചില ഘടകങ്ങളാണ്.

a) കഥാഭാഗത്ത് പശ്ചാത്തലമായ ചുംബനസമരമാണ് പിന്നീടു വരുന്ന കഥേതരഭാഗത്തിന്റെ വിഷയം.

b) ചുംബന സമരത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കെടുത്തവരോ, പരസ്യമായി പിന്തുണച്ചവരോ ആയ ഒട്ടനവധി വ്യക്തികള്‍ കഥാഭാഗത്ത് അഭിനേതാക്കളായും കഥേതരഭാഗത്ത് അവരായിത്തന്നെയും പ്രത്യക്ഷപ്പെടുന്നു.

c) മാനഞ്ചിറയിലെ ഓപ്പണ്‍സ്‌ക്രീന്‍ തീയെറ്റര്‍ താരയും സുഹൃത്തും വന്നുകയറുന്ന പാട്ടിന്റെ ഇടമായി കഥാഭാഗത്തും ചുംബന സമരത്തിന്റെ നിര്‍ണ്ണായകമായ ആലോചനകള്‍ നടന്ന രാഷ്ട്രീയ ഇടമായി കഥേതരഭാഗത്തും ഒരേരൂപത്തില്‍ അടയാളപ്പെടുന്നു. (ചിത്രം റിലീസായതും ഇവിടെയാണ്)

d) ചിത്രത്തിന്റെ അണിയറയിലും ചുംബനസമരവുമായി ഐക്യപ്പെട്ടവരുടെ നിര്‍ണ്ണായക സാന്നിധ്യമുണ്ട്. (അര്‍ച്ചന പദ്മിനി, വൈശാഖ് വിശ്വനാഥ്, ബിന്‍സി, ലിജു കുമാര്‍, കുറ്റിച്ചൂലന്‍ മ്യൂസിക് ബാന്‍ഡ്). ഇത്തരത്തില്‍ അനന്യവും അപൂര്‍വ്വവുമായ സമന്വയത്തിലൂടെയാണ് കഥാഭാഗവും കഥേതര ഭാഗവും തമ്മില്‍ ചേര്‍ന്ന് ഒറ്റസിനിമയായി മാറുന്നത്, അനുഭവപ്പെടുന്നത്.
ദൃശ്യങ്ങളുടെ രൂപണത്തിലും വേറിട്ട നില പുലര്‍ത്താന്‍ നിഷ്‌കര്‍ഷയുള്ള ചലച്ചിത്രകാരന്റെ സാന്നിധ്യം ഈ ചിത്രത്തിലുണ്ട്. കഥാഭാഗത്ത് വിരലിലെണ്ണാവുന്ന ഷോട്ടുകളേയുള്ളൂ. ഒരു സീനിനെ വ്യത്യസ്ത ഷോട്ടുകളായി വിഭജിക്കാതെ ഒരു സീന്‍=ഒരു ഷോട്ട് എന്ന ദൃശ്യപരിചരണ രീതി മുന്‍ സിനിമകളിലും പ്രതാപ് പരീക്ഷിച്ചിട്ടുള്ളതാണ്.

സിനിമ ചിത്രീകരണത്തിനിടെയുള്ള ഒരു ദൃശ്യം

‘അവള്‍ക്കൊപ്പ’ത്തില്‍ അഞ്ചു സീനുകള്‍ അഞ്ചു ഷോട്ടുകളാണ്. ഇവിടെയും സീനിനെയും ഷോട്ടിനെയും ഏകീകരിക്കുന്ന പ്രക്രിയ കാണാം. പ്രൊഫസറും വിദ്യാര്‍ത്ഥിനിയും മൂന്നാമനും ഉള്‍പ്പെടുന്ന സീന്‍ ദൈര്‍ഘ്യമേറിയ ഒറ്റഷോട്ടാണ്. തുടര്‍ന്ന് താരയും പെണ്‍സുഹൃത്തും തമ്മിലുള്ള ചുംബനം, ഓപ്പണ്‍ സ്‌ക്രീന്‍ തീയറ്ററിന്റെ അകവും പാട്ടും, താരയുടെ അമ്മ ലക്ഷ്മിയുടെ ഫോണ്‍ സംഭാഷണം ലക്ഷ്മിയും പൂര്‍വ കാമുകനും തമ്മിലുള്ള നീണ്ടസംഭാഷണം ഇതെല്ലാം ഓരോ ഷോട്ടുകളിലായാണ് പൂര്‍ത്തിയാകുന്നത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ഭാഗത്ത് ആകെയുള്ളത് അഞ്ചു ഷോട്ടുകളാണ്. എന്നാല്‍ ഇതിനെല്ലാം മുന്നോടിയായ ഒമ്പത് ദൃശ്യങ്ങള്‍ ആരംഭത്തിലുണ്ട്. ടൈറ്റിലിനു മുമ്പ് നിബന്ധിച്ചിരിക്കുന്ന ഈ ദൃശ്യങ്ങള്‍ സിനിമയുടെ ദര്‍ശനത്തെ ഇമേജറികളിലൂടെ സൗന്ദര്യാത്മകമായി അവതരിപ്പിക്കുന്നു. ആകാശത്തെ ചുംബിക്കാനെന്ന വിധം മുഖമുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍, അതിലേക്ക് ഇരമ്പിയെത്തി ആലിംഗനം ചെയ്യുന്ന കടല്‍. വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ ഉറഞ്ഞുപോയ ജൈവിക ചോദനകളുടെ പ്രതിനിധാനമാണ് പാറക്കൂട്ടങ്ങള്‍. ആകാശമെന്ന വിശാല ജീവസാധ്യതയിലേക്ക് മുഖമുയര്‍ത്തി നില്‍ക്കുമ്പോഴും ആ വിശാലതയെ/ അനന്തതയെ തൊടാനാവുന്നില്ല.

വിലക്കപ്പെട്ട/നല്‍കാനാവാത്ത ചുംബനത്തിനു സമാനമായ ദൃശ്യങ്ങള്‍ കടലിന്റെ ഇരമ്പവും സാന്നിധ്യവും കഥാഭാഗത്തുടനീളമുണ്ട്. വിലക്കുകളെയെല്ലാം മറികടന്ന് ആര്‍ത്തലച്ചെത്തുന്ന ജൈവിക വികാരങ്ങളുടെ/ ചോദനകളുടെ കടല്‍ ജലം സ്വതന്ത്രമായ ജീവിതത്തിന്റെ ആര്‍ദ്രമായ സാധ്യതകളെ പ്രതിനിധാനം ചെയ്യുന്നു.

ചുംബന സമരത്തിന്റേതായ രണ്ടാം പകുതിയിലെ ദൃശ്യങ്ങള്‍ ചലച്ചിത്രകാരന്റെ നിര്‍മ്മിതിയല്ല. എന്നാല്‍ അവയെ കറുപ്പിലും വെളുപ്പിലും മാത്രമായി കാണിക്കാനുള്ള തീരുമാനവും തിരഞ്ഞെടുപ്പും ക്രമപ്പെടുത്തലും വ്യാഖ്യാനവും അയാളുടേതാണ്. സമരഭാഗം ഉന്നയിക്കുന്ന ചിന്തകള്‍ കഥാഭാഗത്തേക്ക് പ്രേക്ഷകനെ പുനരാനയിക്കുന്നു. കറുത്തു വെളുത്ത/വെളുത്തു കറുത്ത സമരാനുഭവത്തില്‍ നിന്ന് നിറങ്ങള്‍ നിറഞ്ഞ കഥാനുഭവത്തിലേക്കും, തിരിച്ചും നടക്കുന്ന സര്‍ഗാത്മകയാനം കഥയുടെയും ജീവിതത്തിന്റെയും അതിരുകളെ മായ്ച്ചുകളയുന്ന രാഷ്ട്രീയാനുഭവം സാധ്യമാക്കുന്നു. ഇത് ചലച്ചിത്രത്തെ സംബന്ധിച്ച ധാരണകളെ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രമാക്കുന്നു.

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു ബെഞ്ചില്‍ അടുത്തിരുന്നതിന്റെ പേരില്‍/സഹപാഠിയെ ഒന്നു ചേര്‍ത്തുപിടിച്ചു എന്നതിന്റെ പേരില്‍ കലാലയങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെടുന്ന നേരത്ത്, ഭാര്യയും ഭര്‍ത്താവുമല്ലാത്ത സ്ത്രീയും പുരുഷനും രാത്രിയില്‍ ഒരുമിച്ചു സഞ്ചരിച്ചാല്‍ ‘കസ്റ്റഡിയിലെടുക്കപ്പെടുന്ന’ കാലത്ത്, ജീവിതത്തിന്റെ സമസ്ത ഇടങ്ങളിലേക്കും സദാചാര പോലീസിങ്ങിന്റെ സര്‍വിജിലന്‍സ് ക്യാമറകള്‍ ഒളിഞ്ഞു നോക്കുന്ന ലോകത്ത് ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന സിനിമ കൂടുതല്‍ പ്രസക്തമായിത്തീരുന്നു.

‘അന്യനെ മാത്രമല്ല സ്വയം തന്നെയും നമ്മള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്ന്, അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ സിനിമ. രാഷ്ട്രീയമായി മാത്രമല്ല ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ ശ്രദ്ധേയമാകുന്നത്. സമാന്തരവും സ്വതന്ത്രവുമായ സിനിമയെ സംബന്ധിക്കുന്ന സങ്കല്‍പങ്ങളെ നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം വരെയുള്ള എല്ലാതലങ്ങളിലും വീട്ടുവീഴ്ചയില്ലാതെ ചേര്‍ത്തു പിടിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞതു പോലെ ‘ഇതൊരു തെറിച്ച സിനിമയാണ്. തെറിച്ച സിനിമകള്‍ക്ക് തെറിച്ച സ്പെയ്സുകള്‍ ഉണ്ടാവേണ്ടതുണ്ട്’.

സ്വതന്ത്ര സിനിമയുടെ വ്യതിരിക്തമായ ഇടം രൂപപ്പെടുത്താനുള്ള ശ്രമങ്ങളെ പിന്തുണക്കാനുള്ള ബാധ്യത കലയുടെ സാമൂഹിക പ്രതിബന്ധതയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റേതുമാണ്. അതു വഴി രൂപമെടുക്കുന്നത് സ്വതന്ത്ര ജീവിതത്തിന്റെ ഇടം കൂടിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dr.S.Gopu writes about the movie randu per chumbikumpol and chumbana samaram

ഡോ. എസ്. ഗോപു

തിരക്കഥാകൃത്ത്, സംവിധായകൻ, ചലച്ചിത്രനിരൂപകൻ. നിലമ്പൂർ ഗവ.കോളേജിൽ മലയാളവിഭാഗം അധ്യാപകൻ

We use cookies to give you the best possible experience. Learn more