| Friday, 28th May 2021, 3:23 pm

ഡി.ആര്‍.ഡി.ഒയുടെ 2 ഡിജി മരുന്നിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിലക്കുറവില്‍ ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്)യും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് 2 ഡിജി(2ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡര്‍)യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

പതിനായിരം 2 ഡിജി സാഷേകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഡി.ആര്‍.ഡി.ഒയുടെ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ്(ഐ.എന്‍.എം.എ.എസ്.)ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ സഹകരണത്തോടെയാണ് 2 ഡിജി വികസിപ്പിച്ചത്.

ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡി.ആര്‍.ഡി.ഒയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.

കൊറോണ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ് ഈ മരുന്ന് വികസിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നേടാനും മെഡിക്കല്‍ ഓക്സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

ഓക്‌സിജന്‍ ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Dr Reddy’s fixes price of DRDO’s 2-DG anti-COVID drug at Rs 990 per sachet

We use cookies to give you the best possible experience. Learn more