| Saturday, 23rd April 2022, 3:53 pm

കണ്ടല്‍ക്കാടുകള്‍ക്ക് ചരമഗീതമെഴുതുന്ന പുത്തന്‍ കേരളവികസന മാതൃക

ഡോ. റാണി വര്‍ഗീസ്, അഞ്ജന പി.

നാശോന്മുഖമായ കേരളത്തിലെ ചെറു കണ്ടല്‍ത്തുരുത്തുകളെ സംരക്ഷിക്കാനായാണ് സംസ്ഥാനത്തെ തീരദേശ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഒരു വിദഗ്ധസമിതി രൂപീകരിക്കപ്പെട്ടത്. കഴിഞ്ഞ ചില ദിവസങ്ങളില്‍ ആ സമിതി ‘മംഗ്രോവ് ലാന്റ് ബാങ്ക്’ (MLB) അഥവാ ‘കണ്ടല്‍ ലാന്‍ഡ് ബാങ്ക്’ എന്ന ഒരു വലിയ പദ്ധതി സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുകയാണ്.

പേരുകൊണ്ട് വലിയ തോതില്‍ ആകര്‍ഷകമെങ്കിലും ഈ നിര്‍ദിഷ്ട പദ്ധതി കേരളത്തിലെ പ്രകൃതി ശാസ്ത്രജ്ഞരെയും പരിസ്ഥിതി സ്‌നേഹികളെയും കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ രണ്ടും മൂന്നും (CRZll, CRZIIl) പ്രദേശങ്ങളിലെ 50.സ്‌ക്വ.മീ വിസ്തൃതിയില്‍ കുറവുള്ള കണ്ടല്‍ക്കാടുകളെ അനുയോജ്യമായ മറ്റൊരു പ്രദേശത്തേക്ക് പുനരധിവസിപ്പിക്കുക, അതുവഴി ആ പ്രദേശത്തുള്ള സ്വകാര്യ ഭൂവുടമകള്‍ക്ക് അവരുടെ ഭൂമിയെ വികസനത്തിനായി ഉപയോഗിക്കുക എന്ന ആശയത്തിന്മേലാണ് ‘കണ്ടല്‍ ലാന്‍ഡ് ബാങ്ക്’ എന്ന നിര്‍ദേശം വിദഗ്ധസമിതി മുന്നോട്ടുവെച്ചത്.

കേന്ദ്രഗവണ്‍മെന്റിന്റെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (CRZ) നോട്ടിഫിക്കേഷന്‍ 2019ന്റെ ഭാഗമായി കേരളസംസ്ഥാനത്തിന്റെ തീരദേശ മാനേജ്‌മെന്റ് പദ്ധതിക്കായുള്ള രൂപരേഖ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് എന്ന സ്ഥാപനം തയ്യാറാക്കിയിരുന്നു. അതിന്റെ പോരായ്മകളും നിര്‍ദേശങ്ങളും പഠിക്കാനായി നിയോഗിക്കപ്പെട്ട വിദഗ്ദസമിതിയാണ് ‘മാന്‍ഗ്രൂവ് ലാന്റ് ബാങ്ക്’ എന്ന ആശയം മുന്നോട്ടുവെച്ചത്.

പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍വയോണ്‍മെന്റ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ് മാനേജ്‌മെന്റ് ഡയറക്ടറായ P.Z. തോമസ്, കോസ്റ്റല്‍ റെഗുലേഷന്‍ സോണുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഹൈക്കോടതി അഭിഭാഷകന്‍ P.B. സഹസ്രനാമന്‍ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാന വ്യക്തികള്‍.

പ്രധാന ശുപാര്‍ശകള്‍

കേരളത്തിലെ തീരദേശങ്ങളിലെ CRZ-2, 3 വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളിലെ 50 സ്‌ക്വ.മീറ്ററില്‍ കുറഞ്ഞ വിസ്തൃതിയിലുള്ള കണ്ടല്‍ക്കാടുകളെയാണ് കണ്ടല്‍ ലാന്റ് ബാങ്കിലേക്ക് പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇപ്രകാരം പുനരധിവസിക്കപ്പെടുന്ന കണ്ടല്‍ ചെടികള്‍ വളര്‍ന്നിരുന്ന പ്രദേശങ്ങളിലെ ഭൂവുടമകള്‍ അവിടെ നിലനിന്നിരുന്ന കണ്ടല്‍ക്കാടുകളെക്കാള്‍ അഞ്ചിരട്ടി വിസ്തൃതിയില്‍ വനവല്‍ക്കരണം നടത്താനുള്ള പണം കേരളസര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതാണ്.

ഇവയുടെ നിരീക്ഷണ ചുമതല കേരള വനം വകുപ്പിനും കണ്ടല്‍ക്കാടിന്റെ പുനരധിവാസം ഉറപ്പാക്കേണ്ട ചുമതല സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമായിരിക്കും. തന്മൂലം കണ്ടല്‍ വനവിസ്തൃതി വര്‍ധിക്കുകയും ജൈവവൈവിധ്യ സംരക്ഷണവും മത്സ്യങ്ങളുടെ പ്രജനനവും സാധ്യമാകുമെന്നുമാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

കണ്ടല്‍ക്കാടുകളുടെ പുനരധിവാസം ഉറപ്പാക്കുന്ന CRZ-2, 3ലെ ഭൂവുടമകള്‍ക്ക് അവരുടെ ഭൂമി CRZ നോട്ടിഫിക്കേഷന്‍ പ്രകാരം വികസനത്തിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്നും സമിതി നിര്‍ദേശിക്കുന്നു. ചുരുക്കത്തില്‍ വികസനവും കണ്ടലുകളുടെ സംരക്ഷണവും സംയോജിക്കപ്പെടും എന്നാണ് വിദഗ്ധസമിതിയുടെ അവകാശവാദം.

MLB എന്ന പദ്ധതിയിലൂടെ ഇത്തരത്തിലുള്ള ചെറു കണ്ടല്‍ത്തുരുത്തുകളെ ഭൂവുടമകള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവണത തടയാന്‍ സാധിക്കുമെന്നാണ് സമിതിയംഗം അഭിപ്രായപ്പെടുന്നത്. CRZ നോട്ടിഫിക്കേഷന്‍ 2019ല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാരിന്റെ അധീനതയിലുള്ള 1000 സ്‌ക്വ.മീ. കണ്ടല്‍വനങ്ങളുള്ള പ്രദേശങ്ങളെ മാത്രമേ 50 സ്‌ക്വ.മീ ബഫര്‍ സോണായി പരിഗണിക്കേണ്ടതുള്ളൂ എന്നും സമിതി നിര്‍ദേശിക്കുന്നു.

സ്വകാര്യ ഉടമസ്ഥതയിലുള്ള ബഫര്‍ സോണ്‍ വേണ്ട എന്ന് എടുത്തുപറയുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തമാണ്. മാത്രവുമല്ല 50 സ്‌ക്വ.മീ ബഫര്‍ സോണുകളെ കണ്ടല്‍ പാര്‍ക്കുകള്‍, ഗവേഷണ സൗകര്യങ്ങള്‍, സംരക്ഷണ പദ്ധതികള്‍ എന്നിവക്കായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് ശുപാര്‍ശയില്‍ പറയുന്നുണ്ട്.

കണ്ടല്‍ വനങ്ങള്‍ തീരദേശത്തിന്റെ അളവറ്റ പാരിസ്ഥിതിക സേവനങ്ങളുടെ കലവറ

കണ്ടല്‍വനങ്ങള്‍ തീരദേശത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ്. ചെറുമീനുകളുടെ പ്രജനന സ്ഥലമായ കണ്ടലുകള്‍ മത്സ്യസമ്പത്തിനെ സമ്പുഷ്ടമാക്കുകയും പ്രകൃതി ദുരന്തങ്ങളായ ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നിവയൊക്കെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭൂഗര്‍ഭ ജലവിതാനത്തെ നിലനിര്‍ത്താനും ജൈവവൈവിധ്യം നിലനിര്‍ത്താനും അവക്കുള്ള പങ്ക് വലുതാണ്.

കണ്ടല്‍ വനങ്ങള്‍ എന്നത് കേവലം ചെടികളുടെ കൂട്ടം മാത്രമായി പരിഗണിക്കാന്‍ സാധിക്കുകയില്ല. അതിനെ ഒരു ആവാസവ്യവസ്ഥയായി പരിഗണിച്ചാലേ പ്രകൃതി സേവനങ്ങള്‍ നിര്‍വഹിക്കാനുതകുന്ന രീതിയില്‍ അതിന്റെ പുനരുജ്ജീവനവും സാധ്യമാകൂ. വിസ്തൃതിയില്‍ കൂടുതലുള്ള നിത്യഹരിതവനങ്ങളേക്കാള്‍ നിരവധി പാരിസ്ഥിതിക സേവനങ്ങളും സാമ്പത്തിക മൂല്യവും ഉള്ളതാണ് ചെളിക്കുണ്ടുകളായി നമ്മള്‍ തള്ളിക്കളയുന്ന ഈ കണ്ടല്‍വനങ്ങള്‍. നമ്മുടെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള ഇവയുടെ കരുത്ത് വളരെ വലുതാണ്.

അന്തരീക്ഷത്തിലെ CO2വിനെ വലിച്ചെടുത്ത് ഈ വനങ്ങള്‍ അതിന്റെ മരങ്ങളിലും ദീര്‍ഘകാലത്തേക്ക് അതിന്റെ മണ്ണിനടിയിലും സൂക്ഷിച്ച് അന്തരീക്ഷത്തിലെ CO2ന്റെ അളവിനെ നിയന്ത്രിക്കുന്നുണ്ട്. 50 സ്‌ക്വ.കി.മീ വിസ്തൃതിയില്‍ ഉള്ള ഒരു നിത്യഹരിതവനം മണ്ണില്‍ സൂക്ഷിക്കുന്ന CO2വിന്റെ അതേ അളവ്‌വെറും 1 സ്‌ക്വ.കി.മീ വിസ്തൃതിയില്‍ ഉള്ള കണ്ടല്‍ വനങ്ങള്‍ക്ക് നിര്‍വഹിക്കാനാകും. എന്നാല്‍ കണ്ടല്‍ ചെടികള്‍ വളര്‍ന്നിരുന്ന പരിസ്ഥിതിയില്‍ ചെറിയ അസ്വാസ്ഥ്യമോ മലിനീകരണമോ നടന്നാല്‍ വര്‍ഷങ്ങളായി ആ മണ്ണില്‍ സംഭരിക്കപെട്ടിട്ടുള്ള CO2 ഹരിതഗൃഹവാതകങ്ങളായി പുറന്തള്ളപ്പെടുകയും കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോളജി വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയ ഡോ. റാണി വര്‍ഗീസ് നമ്മുടെ കേരളത്തിലെ കണ്ടല്‍ വനങ്ങളുടെ ഈ കഴിവിനെകുറിച്ച് പഠിക്കുകയും നിരവധി പ്രമുഖ അന്താരാഷ്ട്ര പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും അതുവഴി കേരളത്തിലെ കണ്ടല്‍ത്തുരുത്തുകളിലേക്ക്
അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

കണ്ടല്‍ ചെടികള്‍ കാണപ്പെടുന്ന സോണ്‍ CRZ-I

CRZ നോട്ടിഫിക്കേഷന്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്ന സ്ഥലമായി കണക്കാക്കുന്നത് അവയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലോ വേലിയേറ്റ രേഖ അനുസരിച്ചോ അല്ല. മറിച്ച്, അവ കാണപ്പെടുന്ന ഏതൊരു തീരപ്രദേശവും CRZ1Aയില്‍ ഉള്‍പ്പെടുന്നതാണ്. അവിടെ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും അനുവദനീയമല്ല. അവ എവിടെയെങ്കിലും നട്ടുപിടിപ്പിച്ചാല്‍ അതിന്റെ വനവല്‍ക്കരണം നടത്തി എന്ന ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.

നിലവിലെ പ്രകൃതിദത്ത കണ്ടല്‍ത്തുരുത്തുകളെ നശിപ്പിക്കാന്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കണ്ടല്‍വനങ്ങളുടെ പുനരധിവാസം എന്നത് തികച്ചും അശാസ്ത്രീയവും തീരദേശപരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമാണെന്നാണ്, തീരദേശ മാനേജ്‌മെന്റ് അതോറിറ്റിയില്‍ ദീര്‍ഘകാലം (6 വര്‍ഷം) അംഗമായി സേവനപാരമ്പര്യമുള്ള ഡോ. ബി. മധുസൂദനകുറുപ്പ് അഭിപ്രായപ്പെടുന്നത്. CRZ നോട്ടിഫിക്കേഷന്റെ തികച്ചും തെറ്റായ ഒരു വിലയിരുത്തലാണ് MLB എന്ന നിര്‍ദേശം എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

CRZ1991, 2011 എന്നിവയെ അപേക്ഷിച്ച് CRZ 2019ല്‍ നിരവധി ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. റോഡ് നിര്‍മാണം, പൊതുസേവനങ്ങള്‍ എന്നിവക്കുവേണ്ടി കണ്ടല്‍പ്രദേശങ്ങളെ നശിപ്പിക്കാം, എന്നാല്‍ മൂന്നിരട്ടി വെച്ചുപിടിപ്പിക്കണം എന്നതായിരുന്നു. എന്നാല്‍ ഇത്തവണ കേരളസര്‍ക്കാര്‍ ഒരുപടി കൂടി മുന്നോട്ടുകടന്ന് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ഭൂവുടമകള്‍ക്കായി കണ്ടല്‍ നശിപ്പിക്കാന്‍ ഇളവ് കൊടുത്തിരിക്കുകയാണെന്നും, ഈ നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ കേരളം വലിയ ദുരന്തത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കുറച്ച് കണ്ടല്‍സസ്യങ്ങള്‍ എവിടെയെങ്കിലും നട്ടാല്‍ മാത്രം പ്രകൃത്യാലുള്ള കണ്ടല്‍വനങ്ങളുടെ പാരിസ്ഥിതിക സേവനം പിന്നീട് തിരിച്ച് കൊണ്ടുവരിക എളുപ്പമല്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. (കടപ്പാട്: കെ.എസ്. സുധി, ഹിന്ദു)

കേരളത്തില്‍ 90 ശതമാനം കണ്ടല്‍ക്കാടുകളും സ്വകാര്യ ഉടമസ്ഥതയില്‍

ഇന്ത്യയില്‍ ആകെ 4992 സ്‌ക്വ. Km ആണ് കണ്ടല്‍വന വിസ്തൃതി (ഫോറസ്റ്റ് റിപ്പോര്‍ട്ട്, 2021). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കുറച്ച് (9 sq. Km, ഫോറസ്റ്റ് റിപ്പോര്‍ട്ട്, 2021, 17 sq.km, ഡോ.പ്രീതി സി.എം. CUSAT) കണ്ടല്‍പ്രദേശം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 1970കളില്‍ ഇത് 70,000 ha ആയിരുന്നു! എന്നാല്‍ നിലവില്‍ കേവലം 2 ശതമാനത്തില്‍ താഴെ മാത്രമാണ് കണ്ടല്‍വനങ്ങള്‍ അവശേഷിക്കുന്നത്.

അവയില്‍ 90% കണ്ടലുകളും കാണപ്പെടുന്നത് ചെറുതുരുത്തുകളായി സ്വകാര്യ ഉടമസ്ഥതയിലാണ് എന്നതും, കണ്ടല്‍ ആവാസവ്യവസ്ഥയിലും തീരദേശ ആവാസവ്യവസ്ഥയിലും 25 വര്‍ഷത്തോളമായി ഗവേഷണ പരിചയമുള്ള കൊച്ചിശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ സയന്‍സിലെയും മറൈന്‍ ബയോളജി വിഭാഗത്തിലെ പ്രൊഫസറുമായ ഡോ. ബിജോയ് നന്ദന്‍ പറയുന്നു.

ഇതുപോലെ കണ്ടല്‍ ആവാസവ്യവസ്ഥയിലും തീരദേശ ഗവേഷണത്തിനും പ്രഗത്ഭരായ ഒട്ടനവധിപേര്‍ കേരളത്തില്‍ തന്നെ ഉണ്ടായിട്ടും ഈ വിദഗ്ധസമിതിയിലോ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പദ്ധതി തയ്യാറാക്കുന്നതിലോ ഈ വിഷയത്തില്‍ പ്രാഗല്‍ഭ്യം ഉള്ളവരെ ഉള്‍പ്പെടുത്താതെ നിര്‍ദേശിച്ച MLB എന്ന ആശയം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് ഡോ. ബിജോയ് നന്ദന്‍ അഭിപ്രായപ്പെടുന്നു.

തീരദേശ പരിസ്ഥിതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയമായി കണ്ടല്‍ വനങ്ങളെ ഒരു ആവാസവ്യവസ്ഥയായി കണ്ടാല്‍ മാത്രമേ അതിനെ സംരക്ഷിക്കാനുള്ള പദ്ധതികളും വിജയകരമായി ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ടല്‍ വനവല്‍ക്കരണത്തില്‍ കേരളം ഏറ്റവും പിന്നില്‍

CRZ 2019ലെ ഇളവുകള്‍ പ്രകാരം കണ്ടല്‍ നശിപ്പിച്ചാല്‍ രണ്ടിരട്ടി കണ്ടല്‍ വനങ്ങള്‍ വെച്ചുപിടിപ്പിക്കണം എന്നതായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ കാലയളവില്‍ കേരളത്തിലെ കണ്ടല്‍ വനങ്ങളുടെ വിസ്തൃതി തുലോം കുറയുകയാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ (ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീസ) കഴിഞ്ഞ 2 ദശകങ്ങളായി വന്‍തോതില്‍ വളരെ ശാസ്ത്രീയമായി കണ്ടല്‍ വനവല്‍ക്കരണം നടത്തി വിജയിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ ഫോറസ്റ്ററി റിപ്പോര്‍ട്ടനുസരിച്ച് 2017നെ അപേക്ഷിച്ച് 37 sq.km. ആണ് 2019ല്‍ കൂടിയിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് കണ്ടാല്‍ വനവല്‍ക്കരണം നടപ്പിലാക്കുന്നതില്‍ ശരിയായ മുന്നേറ്റം നടത്തുവാന്‍ സാധിച്ചിട്ടില്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കണ്ടല്‍ വനവല്‍ക്കരണം എന്ന പേരില്‍ കോടികള്‍ സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ട്. അവയെല്ലാം ശാസ്ത്രീയമല്ലാത്ത നിര്‍ദേശങ്ങളും പദ്ധതികളുമായതിനാല്‍ പരാജയപ്പെടുകയാണുണ്ടായത്.

കണ്ടല്‍ വനങ്ങള്‍ക്ക് പെട്ടെന്ന് അതിജീവനത്തിനുള്ള കഴിവ് മറ്റ് സസ്യങ്ങളെക്കാള്‍ വളരെ കുറവാണ് എന്ന് SAARC അഗ്രികള്‍ച്ചര്‍ സെന്റര്‍, ബംഗ്ലാദേശ്-ന്റെ സീനിയര്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് (ഫിഷറീസ്) ആയ ഡോ. ഗ്രീന്‍സണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. C.M.F.R.Iല്‍ സീനിയര്‍ സയന്റിസ്റ്റ് ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പല പഠനങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (കടപ്പാട്: കെ.എസ്. സുധി, ഹിന്ദു).

2014-2016 കാലഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കണ്ടല്‍ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ ഗവേഷണം നടത്തപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഗവേഷണവും CUSATലെ ഡോ. ബിജോയ് നന്ദന്റെ നേതൃത്വത്തിലും നടന്ന കേരളത്തിലെ ഓരോ കണ്ടല്‍ ചെടികളുടെയും ശാസ്ത്രീയമായ വിവരകണക്കുകളും, അവയ്ക്ക് വളരാന്‍ അനുയോജ്യമായ പാരിസ്ഥിതിക സ്വഭാവങ്ങളും (മണ്ണ്, വെള്ളം എന്നിവയുടെ സ്വഭാവം, അമ്ലത, ഉപ്പുരസം) വളരെ കൃത്യമായി പല ഗവേഷണപ്രബന്ധങ്ങളിലും പുസ്തകങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രകാരം ശാസ്ത്രീയമായി കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചാല്‍ കണ്ടല്‍ വനങ്ങളുടെ പുനരുജ്ജീവനം ഒരുപരിധിവരെ വിജയകരമാക്കാം. എങ്കിലും അതിന്റെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം സാധ്യമാക്കാന്‍ എളുപ്പമല്ല. അവയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം.

നിലവിലെ പ്രകൃത്യാലുള്ള ചെറു കണ്ടല്‍പ്രദേശങ്ങളെ നശിപ്പിച്ചുകൊണ്ടുള്ള സംരക്ഷണ നയങ്ങള്‍ ഒരിക്കലും ശാസ്ത്രീയവുമല്ല. ഇതുമൂലം ആ പ്രദേശത്തെ പാരിസ്ഥിതിക സേവനങ്ങള്‍ നഷ്ടപ്പെടുകയും തന്മൂലം വലിയ സാമ്പത്തിക സാമൂഹിക ആഘാതങ്ങളും ദുരന്തങ്ങളും നേരിടേണ്ടി വരികയും വരും. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകയായ ഡോ. ശ്രീലക്ഷ്മി, കേരളത്തിലെ കണ്ടല്‍ക്കാടുകളുടെ പണ്ടത്തെയും ഇപ്പോഴത്തെയും സ്ഥിതിവിവരക്കണക്കിനെ പറ്റി ഈ അടുത്തകാലത്ത് പുറത്തിറക്കിയ പ്രബന്ധത്തില്‍ കേരളത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടുന്നു.

എങ്കിലും കേരളത്തിലെ ഈ ചെറിയ കണ്ടല്‍തുരുത്തുകള്‍ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. കണ്ടല്‍ തുരുത്തുകളില്‍ നിന്നും പല പുതിയ ജീവികളെയും CUSATലെ ഡോ. ഫിലോമിന ജോസഫ്, ഡോ. റാണി വര്‍ഗീസ്, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം ചെറുതുരുത്തുകളുടെ നാശം ജീവികളുടെ വംശനാശത്തിനും ഇടവരുത്തുമെന്ന് ഡോ. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ കോസ്റ്റല്‍ മറൈന്‍ മേഖലയില്‍ ദീര്‍ഘനാളത്തെ ഗവേഷണപരിചയമുള്ള ഭൂരിഭാഗം ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാരിന്റെ ഈ പുതിയ കണ്ടല്‍ലാന്റ് ബാങ്ക് എന്ന പ്രവര്‍ത്തന ആശയത്തോട് യോജിപ്പില്ല. കൂടുതല്‍ കണ്ടല്‍ വനങ്ങളും സ്വകാര്യ ഉടമസ്ഥതയിലുള്ള കേരളം പോലുള്ള സംസ്ഥാനത്തില്‍ ഈ ആശയം നടപ്പിലാക്കുന്നതോട് കൂടി അവശേഷിക്കുന്ന കണ്ടല്‍വനങ്ങള്‍ കൂടി നഷ്ടമായെക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.

കേരളം പോലെ പ്രകൃതിവിഭവങ്ങള്‍ ധാരാളമായുള്ള സ്ഥലത്ത് വാണിജ്യനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിസ്തൃതി കുറവുള്ള ഒരു സംസ്ഥാനത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂടാനുള്ള ആവാസവ്യവസ്ഥാ നശീകരണവും അത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നയങ്ങളും അല്ല നമുക്ക് വേണ്ടത്. നമ്മുടെ പ്രകൃതിയോട് ചേര്‍ത്തിണക്കി, ആ വിഭവങ്ങളെ ഏറ്റവും സുസ്ഥിരമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു സുസ്ഥിരവികസനമാണ് ആവശ്യം. കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നയങ്ങളിലും വികസന പദ്ധതികളിലും കൂടുതല്‍ ശാസ്ത്രീയമായി ഇടപെടേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

ചിത്രങ്ങള്‍: കെ.എ. ഷാജി

Content Highlight: Dr. Rani Varghese and Anjana P about Mangroves in Kerala and the destruction of it

ഡോ. റാണി വര്‍ഗീസ്, അഞ്ജന പി.

We use cookies to give you the best possible experience. Learn more