| Tuesday, 5th March 2019, 11:05 pm

നിഷേധികളായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് ഓട്ടിസവും സെറിബ്രല്‍ പള്‍സിയുമുള്ള കുട്ടികള്‍ ഉണ്ടാകുന്നത് എന്ന പ്രസ്താവന തിരുത്താതെ രജിത് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓട്ടിസവും സെറിബ്രല്‍ പള്‍സിയും ഉള്ള കുട്ടികള്‍ ഉണ്ടാകുന്നത് നിഷേധികളായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണെന്ന പ്രസ്താവന തിരുത്താതെ ശ്രീ ശങ്കര കോളെജ് ബോട്ടണി അധ്യാപകന്‍ ഡോ. രജിത് കുമാര്‍. 24 ചാനലിലെ ജനകീയ കോടതി എന്ന ടോക്ക് ഷോയിലാണ് രജിത് കുമാര്‍ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്.

“നിഷേധികളായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്ന മക്കള്‍ ഇത്തരത്തിലിരിക്കും. അവര്‍ക്കുണ്ടാകുന്ന പുതിയ രോഗമാണ് സെറിബ്രല്‍ പള്‍സി, ഓട്ടിസം. ഇങ്ങനെയുള്ള പല പല സാധനങ്ങളിലേയ്ക്കും സംഗതികള്‍ എത്തിച്ചേരും” എന്നാണ് കാസര്‍ക്കോട് നടന്ന ഒരു പ്രസംഗത്തില്‍ രജിത് കുമാര്‍ പറഞ്ഞത്. കുട്ടികളോട് സത്യം പറഞ്ഞ് ബോധ്യപ്പെടുത്തണോ അവരെ നമ്മള്‍ തെറ്റിദ്ധരിപ്പിക്കണോ
എന്നാണ് ഓട്ടിസത്തെ കുറിച്ചും സെറിബ്രല്‍ പള്‍സിയെ കുറിച്ചും ഇദ്ദേഹം ആവര്‍ത്തിച്ചത്.


അവരുടെ മാതാപിതാക്കള്‍ തെറ്റായത് കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ബാധിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്, പാരമ്പര്യമായി പരിശോധിക്കുമ്പോള്‍ നമ്മള്‍ കേട്ടിട്ടുണ്ട് പാരമ്പര്യമായി കാന്‍സര്‍ വാരാറുണ്ട് എന്ന്. അതുകൊണ്ട് എനിക്ക് കാന്‍സര്‍ വന്നാല്‍ എന്റെ അമ്മയെ കുറ്റം പറയാന്‍ പറ്റോ എന്ന വിചിത്രമായ മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്.

ഇവരുടെ മാതാപിതാക്കളെ കുറിച്ച് എത്ര പഠനം കയ്യിലുണ്ട്. കേരളത്തിലുള്ള ഓട്ടിസ്റ്റിക് ആളുകളെ കുറിച്ച് എത്ര പഠനം കയ്യിലുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് ഇതുമുഴുവന്‍ ഞാന്‍ ചെയ്താല്‍ എനിക്ക് കേരളരത്‌നം പുരസ്‌ക്കാരം കിട്ടേണ്ടേ എന്ന മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്. ഇത് കിട്ടാതെ ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് അങ്ങ് നടത്താന്‍ പാടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്.

രക്ഷിതാക്കളുടെ ജനിതക തകരാറു കൊണ്ടോ അവരുടെ പെരുമാറ്റ തകരാറു കൊണ്ടോ ഓട്ടിസം അവരുടെ കുട്ടികള്‍ക്ക് ഉണ്ടാകുന്നു എന്ന് തെളിയിച്ച പഠനം എന്തെങ്കിലും ഉണ്ടോ എന്ന് അവതാരകന്‍ വീണ്ടും ചോദിക്കുന്നുണ്ട്. “ഞാനും താങ്കളും കോളെജിലെ അധ്യാപകരാണ്. നമ്മള്‍ ക്ലാസില്‍ ചെല്ലുമ്പോള്‍ ബഹളം വെക്കുന്ന കുട്ടികളെ എന്താ പറയുക. അനുസരണ ഇല്ലാത്ത കുട്ടികള്‍ എന്ന് നമ്മള്‍ പറയും. അതുകൊണ്ട് അവരുടെ മാതാപിതാക്കള്‍ അനുസരണ ഇല്ലാത്തവരാണെന്ന് പറയോ. ഇല്ല ഒരിക്കലും പറയില്ല.

കാലില്‍ വേദനയുണ്ടാകുമ്പോള്‍ വേദന സംഹാരി കഴിച്ചാല്‍ ആ മരുന്നിന്റെ രാസവസ്തുക്കള്‍ രക്തത്തിലൂടെ കാലിന്റെ പാദത്തില്‍ വന്നിട്ടാണ് വേദന മാറ്റുന്നത്”- തുടങ്ങിയ പരസ്പര വിരുദ്ധവും വിചിത്രവുമായ മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്.

തീര്‍ത്തും ശാസ്ത്രത്തിന് വിരുദ്ധമായ പരാമര്‍ശങ്ങളായിരുന്നു രജിത് കുമാര്‍ ചര്‍ച്ചയില്‍ ഉടനീളം നടത്തിയത്. ശാസ്ത്രത്തെ വികലീകരിച്ച് സ്ത്രീ വിരുദ്ധവും ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധവുമായ പരാമര്‍ശങ്ങളും രജിത് കുമാര്‍ നടത്തുന്നുണ്ട്. “ജീന്‍സ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ധരിച്ചാല്‍ അടുത്ത തലമുറയുണ്ടാകുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ ജനിക്കും.

ശാസ്ത്രം വേദത്തില്‍ അതിഷ്ഠിതമാണ്. വേദവും വസ്ത്രവും തമ്മില്‍ ബന്ധമുണ്ട്. ബൈബിളില്‍ പറഞ്ഞിട്ടുണ്ട് സ്ത്രീ പുരുഷന്റെ വേഷമോ പുരുഷന്‍ സ്ത്രീയുടെ വേഷമോ അണിയാന്‍ പാടില്ല എന്ന്. ചിന്തക്ക് അനുസരിച്ച് ജീനില്‍ വ്യത്യാസങ്ങള്‍ വരും. പട്ടുപാവാടയും ബ്ലൗസും ഇട്ടു നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന ചിന്തപോലെയാവോ പെണ്‍കുട്ടി ജീന്‍സും ഷര്‍ട്ടും ഇട്ടു നടക്കുമ്പോള്‍. പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി ഇരുന്നില്ലെങ്കില്‍ ഗര്‍ഭ പാത്രം പുറത്തുവരും”- എന്നീ വാദങ്ങളും രജിത് കുമാര്‍ ഉന്നയിച്ചു.


ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ചെയ്താണ് ആണ്‍കുട്ടി പെണ്‍കുട്ടിയായത്. നിങ്ങള്‍ക്ക് ഗര്‍ഭപാത്രമില്ല. നിങ്ങള്‍ക്ക് കുട്ടിയെ പ്രസവിക്കാന്‍ കഴിയില്ല. സ്ത്രീകളായാല്‍ പ്രസവിക്കണം. പുരുഷന്‍ പുരുഷന്റെ സ്വഭാവങ്ങള്‍ അധപതിപ്പിക്കുമ്പോള്‍ സ്ത്രീയുടെ സ്വഭാവങ്ങള്‍ വരും, അത് തിരിച്ചും അങ്ങനെ തന്നെയാണ് തുടങ്ങിയ ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ പരാമര്‍ശങ്ങളാണ് രജിത് കുമാര്‍ നടത്തിയത്.

ഈ വിചിത്രമായ വാദങ്ങളെല്ലാം ഗൂഗിളില്‍ നിന്നും എടുത്തു കൊണ്ടുവന്ന ചില പേപ്പറുകള്‍ അടിസ്ഥാനമാക്കിയാണ് രജിത് കുമാര്‍ നടത്തുന്നത്. രഹന ഫാത്തിമ, ട്രാന്‍സ് ജെന്‍ഡര്‍ ദയ ഗായത്രി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more