| Monday, 20th December 2021, 11:22 pm

ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ആത്മഹത്യശ്രമം; സംഗീത നാടക അക്കാദമിക്ക് പിഴവ് സംഭവിച്ചെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നൃത്ത കലാകാരനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തില്‍ സംഗീത നാടക അക്കാദമിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍.

മനുഷ്യാവകാശ കമ്മീഷനില്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് നിലപാട് അറിയിച്ചത്. സംഭവത്തില്‍ ജാതീയമോ ലിംഗപരമോ ആയ വിവേചനം കാണിച്ചിട്ടില്ലെന്നും എന്നാല്‍ സ്വര്‍ഗഭൂമിക ഓണ്‍ലൈന്‍ പരിപാടിയില്‍ സുതാര്യത പുലര്‍ത്തുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും സര്‍ക്കാര്‍ പറഞ്ഞു.

സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചു. മേലില്‍ പരാതികള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ അക്കാദമിക്ക് നല്‍കി എന്നു സര്‍ക്കാര്‍ കമ്മീഷനില്‍ വ്യക്തമാക്കി.

കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.

പരാതിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമിയില്‍ നടന്ന ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ നല്‍കിയ അപേക്ഷ സെക്രട്ടറി തള്ളി കളയുകയായിരുന്നു.

സാമ്പത്തികം കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്നും പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കാറില്ലെന്നുമായിരുന്നു സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞതെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ലിംഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന്’ സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more