ഹരിത പരിവാറും പരിസ്ഥിതിയും; നിലക്കല്‍ മുതല്‍ കെ റെയില്‍ വരെ
Discourse
ഹരിത പരിവാറും പരിസ്ഥിതിയും; നിലക്കല്‍ മുതല്‍ കെ റെയില്‍ വരെ
ഡോ. പി.കെ. യാസര്‍ അറഫാത്ത്
Friday, 29th October 2021, 12:35 pm
മണ്ണും മനുഷ്യനും മരവും മാനവും മഴവില്ലും ചൂടാവുന്നതിലും, കരിഞ്ഞുപോകുന്നതിലും ഒലിച്ചു പോകുന്നതിലും, ഇല്ലാതായിപ്പോകുന്നതിലും ദുഖമുള്ളവര്‍ എങ്ങിനെയാണ് മനുഷ്യ ദുഃഖം മനസ്സിലേല്‍ക്കാത്ത പ്രത്യയശാസ്ത്ര പ്രതിനിധികളെ 'ദുരന്ത'ത്തിന്റെ പേരില്‍ കൈയ്യടിച്ചു കൂടെക്കൂട്ടുന്നത്?

‘അസുരന്‍ കൊണ്ടുപോയി നശിപ്പിക്കുന്ന ഭൂമി വീണ്ടെടുക്കാന്‍,അസുരനെ നിഗ്രഹിച്ചു വരാഹവതാരമെടുത്ത് ഭൂമിയെ തേറ്റയില്‍ പൊക്കിക്കൊണ്ടുവന്നു യഥാസ്ഥാനത്തു പ്രതിഷ്ഠിച്ച ശ്രീ മഹാവിഷ്ണുവിനെ നമുക്കറിയാം. ഇവിടുത്തെ ഹിന്ദുവിന്റെ മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ആ വരാഹവതാരമാണെന്ന് എനിക്കറിയാം’,  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രമുഖ സംഘപരിവാര്‍ നേതാവ് ശശികല ടീച്ചര്‍ ആറന്മുളയില്‍നടത്തിയപ്രസംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഇത്. ഇതില്‍ പറയപ്പെടുന്ന അവതാരപുരുഷന്‍എന്ന വിശേഷണം സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ പ്രമുഖനേതാവും മിസോറാം ഗവര്‍ണരുമായിരുന്ന കുമ്മനം രാജശേഖരനെയാണ്.

സൗത്ത് ഇന്ത്യയിലെ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ നേതാക്കളിരൊളാവാന്‍ കുമ്മനത്തിന് കഴിഞ്ഞതും കേരളത്തില്‍ വലിയ ഒരു സ്വീകാര്യ വ്യക്തിയായി അദ്ദേഹം മാറുന്നതും 2012 ല്‍ ശക്തിപ്പെട്ട ആറന്മുളയിലെ പരിസ്ഥിതി പ്രക്ഷോഭത്തിന് ശേഷമാണ്. അതുവരെ ഹിന്ദു ഐക്യവേദിയുടെ അത്രയൊന്നും ദൃശ്യതയില്ലാത്ത മുഖങ്ങളിലൊന്നായായ കുമ്മനം കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാവായതും മൂന്നു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അതിന്റെ സംസ്ഥാന പ്രസിഡണ്ടായി വരുന്നതും ആറന്മുളയിലെ വിമാനത്താവളവും അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഉണ്ടായ പ്രക്ഷോഭങ്ങളുടെ മുഖ്യ-രക്ഷാധികാരിയായി അദ്ദേഹം വരുന്നതോട് കൂടിയാണ്.

കുമ്മനം രാജശേഖരന്‍

കഴിഞ്ഞ നാല് ദശകങ്ങളായി ഉത്തരേന്ത്യയിലെ പലമേഖലകളിലും, ഇപ്പോള്‍ കേരളത്തിലും ഹിന്ദുത്വത്തിന്റെ മുഖ്യ അജണ്ടയായിരിക്കുകയാണ് പരിസ്ഥിതി രാഷ്ട്രീയം. പരിസ്ഥിതി രാഷ്ട്രീയം ഹിന്ദുത്വയുടെ സാംസ്‌കാരിക-രാഷ്ട്രീയ അജണ്ടകളെ ശക്തിപ്പെടുത്തുന്ന സംവിധാനമായി എങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ കൃത്യമായ ചിത്രം, ഈ വിഷയത്തെ ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്തവരില്‍ ഒരാളായ മുകുല്‍ ശര്‍മയുടെ Green and Saffron: Hindu Nationalism and Indian Environmental Politics എന്ന പഠനം വരച്ചുവെക്കുന്നു.

‘പച്ച'(പരിസ്ഥിതി)യുടെ’ കാവിവല്‍ക്കരണത്തിലൂടെയും’, ‘കാവിയുടെ പച്ചവല്‍ക്കരണത്തിലൂ’ടെയും ഹിന്ദുത്വ രാഷ്ട്രീയം എങ്ങിനെയാണ് പൊതുജന സ്വീകാര്യത പിടിച്ചുപറ്റുന്നത് എന്നത് വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ കൃതി. ആദ്ദേഹം സൂചിപ്പിച്ച ‘വിശുദ്ധ’ നഗരമായ മഥുരയിലെ വൃന്ദാവനിലെ’ വനനശീകരണം എങ്ങിനെയാണോ പരിവാര്‍ രാഷ്ട്രീയം ഉപയോഗിച്ചത്, അതേപോലെയായിരുന്നു കേരളത്തില്‍ ആറന്മുളയിലും നടന്നത്. ഇപ്പോള്‍ കെ റെയില്‍ പരിവാര്‍ രാഷ്ട്രീയത്തിന് ആകര്‍ഷണീയമാകുന്നതിന്റെ യുക്തിയും ഇതുതന്നെയാണ്.

പരിസ്ഥിതി വിഷയങ്ങളിലൂടെ വലതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സ്വീകാര്യതയുടെ മുഖം സൃഷ്ടിക്കുകയും അതിലൂടെ പുതിയ സാമൂഹ്യക്കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയത്തിനെ പരീക്ഷിക്കുകയായിരുന്നു പരിവാര്‍ സംഘടനകള്‍ എല്ലാം പങ്കെടുത്ത ആറന്മുള പ്രക്ഷോഭം.

മുകുല്‍ ശര്‍മയുടെ Green and Saffron: Hindu Nationalism and Indian Environmental Politics എന്ന പുസ്തകം

അതേസമയം, വിമാനത്താവളമെന്ന, പരിസ്ഥിതിയെന്ന ‘മതേതര’ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി, ‘ആറന്മുള ക്ഷേത്രം’, ‘പൈതൃകം’, ‘ധാര്‍മിക ശുദ്ധി’എന്നിവ ചര്‍ച്ചയാക്കാനായിരുന്നു മേല്‍പറഞ്ഞ സംഘടനകള്‍ കൂടുതലായും ശ്രമിച്ചത്. വിമാനത്താവള പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന കുമ്മനം രാജശേഖരന്റെയും, ശശികല ടീച്ചറുടെയും വാക്കുകളില്‍ നിരന്തരം മുഴങ്ങിയിരുന്നത് ആറന്മുളയുടെ സാംസ്‌കാരിക-പൈതൃക സ്വത്വംആയിരുന്നുഎന്നത് അവരുടെ പ്രസംഗങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ പറ്റുന്നതാണ്.

‘തിരുവാറന്മുളയപ്പനും, പമ്പയാറും, തിരുവോണത്തോണിയും, വള്ളംകളിയും ഇല്ലാത്ത കേരളത്തെ കുറിച്ച് ഒരു മലയാളിക്ക് ചിന്തിക്കാനാകുമോ എന്ന ചോദ്യത്തോടൊപ്പം തന്നെ ആറന്മുളയുടെ പൈതൃകത്തെ തകര്‍ക്കുവാനുള്ള ശ്രമത്തെ അനുവദിക്കില്ല എന്ന പ്രസ്താവനയും ഈ പ്രസംഗങ്ങളില്‍ കേള്‍ക്കുകയുണ്ടായി.

‘പരിസ്ഥിതി’ എന്നതിനേക്കാളുപരി പൈതൃകം എന്ന വികാരത്തിനായിരുന്നു അവര്‍ ഊന്നല്‍ കൊടുത്തതെന്ന് കാണാന്‍ കഴിയും. മുകുല്‍ ശര്‍മയുടെ പഠനത്തെ മുന്‍നിര്‍ത്തി ഇവിടെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്, മധുരയിലെ ‘വൃന്ദാവന്‍ പരിരക്ഷണ പ്രൊജക്ടില്‍’ പരിവാര്‍ സംഘടനകള്‍ എങ്ങിനെയാണോ പ്രവര്‍ത്തിച്ചത്, അതിന് സമാനമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആറന്മുളയിലും കണ്ടു. പ്രാചീനമായതും, ഹൈന്ദവര്‍ മഹാപുണ്യമായി കണക്കാക്കുന്ന പാര്‍ത്ഥസാരഥി ക്ഷേത്രവും, ‘വിശുദ്ധ’പമ്പാനദിയും, കാവുകളുടെയും അമ്പലങ്ങളുടെയും ശൃംഖലകളും ഉള്ള ഈ പ്രദേശത്തെ പാര്‍ട്ടികള്‍ക്കപ്പുറമുള്ള വികാരമാക്കി മാറ്റുന്നതില്‍ വ്യക്തമായി വിജയിക്കുന്നുമുണ്ട് മേല്‍പറഞ്ഞ നേതാക്കള്‍.

ആഴത്തിലുള്ള വൈകാരിക സാംസ്‌കാരിക ഭാവം നിലനിന്നിരുന്ന മഥുര നഗരത്തെ വടക്കേ ഇന്ത്യന്‍ പരിസ്ഥിതി ഇടപെടലുകളുടെ കേന്ദ്രമാക്കിയത് പോലെ, ആറന്മുളയെ പരിസ്ഥിതി വിഷയങ്ങളിലേക്കും മറ്റ് രാഷ്ട്രീയ അജണ്ടകളിലേക്കും കടക്കുവാനുള്ള കവാടമാക്കുന്നത് അങ്ങിനെയാണ്. തുടക്കത്തില്‍ ഒരു ജനകീയ പ്രക്ഷോഭമായിരുന്ന ആറന്മുള വിഷയത്തില്‍ അതുവരെ സഹകരിച്ചിരുന്ന ഇടതുപക്ഷത്തെ വളരെ കൃത്യമായി അരികിലേക്ക് മാറ്റിനിര്‍ത്തി പ്രക്ഷോഭത്തിന്റ പൂര്‍ണ്ണ ക്രെഡിറ്റും എടുക്കാന്‍ സാധിച്ചുവെന്ന് മാത്രമല്ല, അതുവഴി കേരളത്തിന്റെ രാഷ്ട്രീയ കാന്‍വാസു തന്നെ മാറ്റിയെഴുതുവാന്‍ പരിവാര്‍ രാഷ്ട്രീയത്തിന് കഴിഞ്ഞതായും കാണാന്‍ കഴിയും.

ആറന്മുള സമരത്തില്‍ നിന്നുള്ള ദൃശ്യം

പൈതൃകവും പരിസ്ഥിതിയും കൂട്ടിക്കലര്‍ത്തിയുള്ള പുതിയ രാഷ്ട്രീയ സാധ്യത അവര്‍ കേരളത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് നിലക്കല്‍ സമരം മുതലാണ്. 1980കളില്‍ നിലക്കല്‍ സമരത്തില്‍ തുടങ്ങി ആറന്മുളയില്‍ എത്തുമ്പോഴേക്കും ഇടതുപക്ഷത്തെയും, ശാസ്ത്ര സാഹിത്യ പരിഷത്തിനെയും, മറ്റ് സംഘടകളെയും പരിസ്ഥിതി വിഷയങ്ങളില്‍ നിന്ന് തികച്ചും നിശബ്ദമാക്കുന്ന പരിവാറിനെയാണ് നാം കാണുന്നത്. ഈ രാഷ്ട്രീയത്തിന്റെ സ്വീകാര്യതയാണ് 2009 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലെ 7.6 ശതമാനവോട്ടില്‍ നിന്ന് 2014 ആകുമ്പോഴേക്ക് ബി.ജെ.പി ക്ക് 15.98 ശതമാനം വോട്ടുകള്‍ ആറന്മുളപ്രദേശത്തു നിന്ന് മാത്രമായി ലഭിക്കുന്നത്. ആ സമയം കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ച പ്രദേശങ്ങളിലൊന്നാണ് ഇത്.

പൗരാണിക-സാംസ്‌കാരിക ആചാരങ്ങളെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുക വഴി മേല്‍ജാതികളുടെ വൈകാരിക പിന്തുണയും, ‘വികസന’ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഇരകളാകുന്ന കീഴാള സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതുവഴി ലഭിക്കുന്ന അവരുടെ ശാരീരിക പിന്തുണയും ഹരിതപരിവാറിന്റെ ഹിന്ദുത്വയുടെ പ്രവര്‍ത്തന ചരിത്രത്തിലെ പ്രധാന യുക്തികളില്‍ ഒന്നാണ്.

കെ റെയിലിനെതിരായുള്ള സമരങ്ങളില്‍ അത്തരത്തിലുള്ള സാധ്യതകള്‍ പതിന്മടങ്ങായി നില്‍ക്കുകയാണ്. 2014ല്‍ അമിത്ഷാ തിരുവന്തപുരത്ത് പ്രഖ്യാപിച്ച, ‘ദളിത്-പച്ച-കാവി’ഫോര്‍മുല വിജയിപ്പിക്കാനുള്ള(ദളിത്-ഗ്രീന്‍-സഫ്റോണ്‍)ഏറ്റവും മികച്ച അവസരങ്ങളായിരിക്കും കെ റെയില്‍ വെച്ചുകൊണ്ടു പരിവാര്‍ കേരളത്തില്‍ നടത്താന്‍ പോകുന്നത്.

അഞ്ഞൂറ് കിലോമീറ്റര്‍ നീളത്തില്‍ വിശാലമായി കിടക്കുന്ന ഒരു ഭൂപ്രദേശത്തെ വര്‍ഷങ്ങളായി വൈകാരികമായി പ്രക്ഷുബ്ധമായി നിലനിര്‍ത്താന്‍ പറ്റുന്ന, ആറന്മുള മാതൃകയിലുള്ള നൂറുകണക്കിന് ഗ്രാമങ്ങള്‍ കണ്ടെത്തുവാന്‍ അവര്‍ക്ക് പ്രയാസമുണ്ട് എന്ന് തോന്നുന്നില്ല. അതേപോലെ തന്നെ കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരെ, അതില്‍ കൂടുതലും ബഹുജന്‍ സമുദായങ്ങള്‍,കൂടെനിര്‍ത്താനും അത് കേരളത്തിലങ്ങോളമുള്ള ഗ്രാമങ്ങളില്‍ വോട്ടുകളായി മാറ്റുവാനും സാധിക്കുമെന്നുള്ള തെളിവുതന്നെയാണ് ആറന്മുള മുന്നോട്ടു വെക്കുന്നത്.

അതുകൊണ്ടു തന്നെ, കെ റെയില്‍ പദ്ധതിയിലൂടെ കേരളത്തിന് വരാന്‍പോകുന്ന വികസന സാധ്യതകളെ പറ്റി വാചാലമാവുമ്പോള്‍ തന്നെ, അത് സംസ്ഥാനത്ത് വരുന്ന വര്‍ഷങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ സാമൂഹ്യ ആഘാതങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ആലോചനകളും ഉണ്ടാവേണ്ടത് തന്നെയാണ്. റെയിലിന്റെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് ബീഡി വലിക്കുന്നവര്‍ക്കുണ്ടാവുന്ന സാമൂഹ്യ ദുരവസ്ഥയെക്കുറിച്ചല്ല ‘ആഘാതം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. മറിച്ച്, കൊറോണവഴിയും,സാമ്പത്തിക ഞെരുക്കം കാരണവും ജോലിയും, നിക്ഷേപങ്ങളും, ഭൂമിയും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇനിയും പലായനവും, മറ്റുമാണ് ഈ പദ്ധതി കൊണ്ടുവരുന്നതെങ്കില്‍ അത് ഒരു രാഷ്ട്രീയ നിക്ഷേപമായി ഇന്നത്തെ കേരളത്തില്‍ മാറ്റാന്‍ പറ്റുന്നത് പരിവാറിന് തന്നെയാണ്. അതുകൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍, പരിസ്ഥിതിക്ക് പുറമെ, ഗുരുതരമായ സാമൂഹ്യ-രാഷ്ട്രീയ ആഘാതങ്ങളെ ആഴത്തില്‍ പരിശോധിക്കാതെ തള്ളിക്കളയുന്നത് വിവേകമായിരിക്കില്ല എന്നുതന്നെ കരുതണം.

കെ റെയില്‍ വിരുദ്ധ സമരത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സംസാരിക്കുന്നു

ഇനി, ജനകീയ സമരങ്ങള്‍ എന്ന രീതിയിലാണ് പരിവാര്‍ സംഘടനകളെയും നേതാക്കളെയും ഉള്‍പ്പെടുത്തുന്നതെന്നുള്ള യുക്തിയാണ് കോണ്‍ഗ്രസ്സും, പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ടുവെക്കുന്നതെങ്കില്‍, അതില്‍ ഏറ്റവും സന്തോഷിക്കുന്നത് ബി.ജെ.പിയായിരിക്കും. കോഴയിടപാടിലും, കുഴല്‍പ്പണത്തിലും, തമ്മിലടിയിലും മുഖം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് സ്വര്‍ണ്ണത്താലത്തില്‍ കിട്ടുന്ന അവസരങ്ങളാണ് ഒന്നിച്ചുള്ള വേദികളും കൈയ്യടികളും. നിരവധി വര്‍ഷങ്ങളിലേക്കുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ അവര്‍ക്ക് തുറന്നുകൊടുക്കുകയാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ അവരെ കൂടെ നിര്‍ത്തുന്നതിലൂടെ ഇപ്പോള്‍ ചെയ്യുന്നത്.

തൊള്ളായിരത്തിമുപ്പതുകള്‍ മുതല്‍ ലോകത്ത് എല്ലായിടത്തും അതി-ദേശീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നത് പട്ടാള വിപ്ലവങ്ങളിലൂടെയായിരുന്നില്ല, ”ജനകീയ സമരങ്ങ”ളിലൂടെയും, അതിന്റെ മറപിടിച്ചുമൊക്കെയായിരുന്നു എന്നചരിത്രവും മറക്കാതിരിക്കാം. മുന്‍പ് വളരെ ഉപരിപ്ലവമായി അണ്ണാ ഹസാരെയുടെ’ജനകീയ സമരത്തെ’വായിക്കുകയും അതിനെ മഹത്തായ ജനകീയ പ്രക്ഷോഭമായി കൊണ്ടാടുകയും, അതിന്റെ മറപിടിച്ച് ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ തികഞ്ഞ മൗനം പാലിച്ചവരും, ഇപ്പോള്‍ ജനകീയതയുടെ പേരില്‍ കെ. സുരേന്ദ്രനടക്കമുള്ള അതെ പാര്‍ട്ടിയിലെ പ്രധാന നേതാക്കളെ കൂടെകൂട്ടുന്നതില്‍ രാഷ്ട്രീയ-നൈതിക പ്രശ്‌നങ്ങള്‍ കാണാത്തത് ആശങ്ക തന്നെയാണ് ഉണ്ടാക്കുന്നത്.

മണ്ണും മനുഷ്യനും മരവും മാനവും മഴവില്ലും ചൂടാവുന്നതിലും, കരിഞ്ഞുപോകുന്നതിലും ഒലിച്ചുപോകുന്നതിലും, ഇല്ലാതായിപ്പോകുന്നതിലും ദുഖമുള്ളവര്‍ എങ്ങിനെയാണ് മനുഷ്യ ദുഃഖം മനസ്സിലേല്‍ക്കാത്ത പ്രത്യയശാസ്ത്ര പ്രതിനിധികളെ ‘ദുരന്ത’ത്തിന്റെ പേരില്‍ കൈയ്യടിച്ചു കൂടെക്കൂട്ടുന്നത്? പരിസ്ഥിതി പ്രശ്‌നങ്ങള്‍ സത്യമാണ്. ഭീതിപ്പെടുത്തുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍, വേട്ടയാടുന്നവര്‍ക്ക് ഒളിഞ്ഞിരിക്കാനുള്ള പുല്‍പുതപ്പുകള്‍ ഒരുക്കിക്കൊടുക്കാതിരിക്കാനുള്ള രാഷ്ട്രീയ ബുദ്ധിയും, വിവേകവും കാണിക്കേണ്ടതുണ്ട്, കൈയ്യടിക്കുന്നവര്‍ എല്ലാവരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dr PK Yasser Arafath writes on Hindutva and Environmental Politics

ഡോ. പി.കെ. യാസര്‍ അറഫാത്ത്
അസി.പ്രൊഫസര്‍, ചരിത്ര വിഭാഗം, ഡല്‍ഹി യൂണിവേഴ്‌സിറ്റി