| Saturday, 14th February 2015, 2:58 pm

ഡോ. പി.സി ഷാനവാസ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: “പാവങ്ങളുടെ ഡോക്ടര്‍” എന്നറിയപ്പെടുന്ന ഡോ. പി.സി ഷാനവാസ് അന്തരിച്ചു. 36 വയസായിരുന്നു. ഇന്നലെ രാത്രി രക്ത സമ്മര്‍ദ്ദം താഴ്ന്നതിനെത്തുടര്‍ന്നായിരുന്നു അന്ത്യം.

ആദിവാസികള്‍ക്കിടയില്‍ നടത്തിയ ആതുര സേനവനത്തിലൂടെ ജനശ്രദ്ധ നേടിയായാളാണ് ഷാനവാസ്. മലപ്പുറം ജില്ലയിലെ കിഴക്കന്‍ കുടിയേറ്റ മേഖലയിലുള്ള ആദിവാസികള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മരണം. മരണസമയത്ത് ഷാനവാസിന്റെ അച്ഛനും കൂടെയുണ്ടായിരുന്നു. ആദിവാസി മേഖലയിലെ പ്രര്‍ത്തനത്തിനിടെയുണ്ടായ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ അധികാരികള്‍ക്കെതിരെയുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.

പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടെയും കെ. ജമീല ഹജ്ജുമ്മയുടെയും മകനാണ് ഷാനവാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഷാനവാസിന്റെ മരണവാര്‍ത്ത ഞെട്ടലാണ് കൂട്ടുകാരില്‍ സൃഷ്ടിച്ചിരിക്കുന്നത്. വന്‍ പിന്തുണയായിരുന്നു ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ നല്‍കിയിരുന്നത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ അബോധാവസ്ഥയിലായ ഷാനവാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more