| Tuesday, 26th December 2017, 1:23 pm

'രോഗം പകരുകയില്ലെന്ന് ഖുര്‍ആനും ഹദീസും പറയുന്നു'; വാക്സിന്‍ വിരുദ്ധ പ്രസംഗത്തിന് ശേഷം പുതിയ വിവാദവുമായി പ്രകൃതി ചികിത്സകന്‍ പി.എ കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാക്‌സിന്‍ നല്‍കുന്നത് ശിര്‍ക്ക് (ദൈവ വിരുദ്ധത) ആണെന്ന് പ്രസംഗിച്ച പ്രകൃതി ചികിത്സകന്‍ പി.എ കരീം പുതിയ വിവാദത്തില്‍. രോഗം പകരുകയില്ലെന്നും രോഗപകര്‍ച്ചയെ ഖുര്‍ആനും പ്രവാചക വചനങ്ങളായ ഹദീസും നിഷേധിക്കുന്നുണ്ടെന്നുമാണ് കരീം പറയുന്നു.

തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന ഓഡിയോ ക്ലിപ്പിലാണ് രോഗം പകരുമെന്ന് വിശ്വസിക്കുന്നത് തെറ്റായ കാര്യമാണെന്ന് കരീം പറയുന്നത്.

“രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ലായെന്ന് മുഹമ്മദ് നബി തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. രോഗ പകര്‍ച്ചയെ നിഷേധിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുണ്ട് താനും. ഹൈന്ദവ ക്രൈസ്തവ വേദ വചനങ്ങളുമുണ്ട് വേറെ. വേദഗ്രന്ഥത്തിന്റെ പലകാഴ്ചപാടുകളും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ആയൂര്‍വേദ, യൂനാനി പ്രകൃതി ചികിത്സകളോടാണ്. വെള്ളപ്പാണ്ട് രോഗികളെ ഈസാ നബി ചികിത്സിച്ചിട്ടുണ്ട്. മണ്ണ് വാരിതേച്ച്. പകരുമെങ്കില്‍ തൊടാന്‍ പറ്റില്ലായിരുന്നില്ലല്ലോ”

ഖുര്‍ആനിലെ നൂര്‍ അദ്ധ്യായത്തിലെ 61ാമത്തെ വചനവും സുപ്രധാന ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ “ലാ അദ്വ വലാ തൈറത്ത” എന്ന ഹദീസും രോഗപകര്‍ച്ചയെ നിഷേധിക്കുന്നതാണെന്ന് കരീം ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കരീം തെളിവുകളായി ഉയര്‍ത്തുന്ന ഈ രണ്ട് വചനങ്ങളും രോഗപകര്‍ച്ചയെ നിഷേധിക്കുന്നതല്ലെന്നാണ് മുസ്ലിം പണ്ഡിതര്‍ പറയുന്നത്.

മറ്റുള്ളവരുടെ വീടുകളില്‍ പോവുകയോ ആഹാരം കഴിക്കുകയോ ചെയ്യുന്നതില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പറയുന്നതാണ് പ്രസ്തുത ഖുര്‍ആന്‍ വാക്യം. രോഗികളാണെങ്കില്‍ പോലും മര്യാദകള്‍ പാലിച്ചുകൊണ്ട് പോവുന്നതിലും അവരുടെ ഭക്ഷണം കഴിക്കുന്നതിലും തെറ്റില്ലെന്നാണ് പറയുന്നത്. രോഗം പകരില്ലെന്ന രീതിയില്‍ ഒരു പണ്ഡിതനും ഈ സൂക്തത്തെ വ്യാഖ്യാനിച്ചിട്ടുമില്ല.

“നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.” (24:61)

ഇതുപോലെ ഹദീസുകളിലും രോഗം പകരുകയില്ലെന്ന് പറയുന്നില്ല, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ പകരുകയില്ലെന്നാണ് പറയുന്നത്. അറബികള്‍ക്കിടയില്‍ വ്യാപകമായ അന്ധവിശ്വാസമായിരുന്നു കൊല്ലപ്പെട്ടവര്‍ക്ക് പകരം ചോദിച്ചില്ലെങ്കില്‍ അവരുടെ ആത്മാവ് പക്ഷികളുടെ രൂപത്തില്‍ വന്ന് മരണം വരെ വിതക്കുമെന്ന്. അശുഭ ലക്ഷണങ്ങളെ പറ്റി വേറെയും പല അന്ധവിശ്വാസങ്ങള്‍ അവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ഇവയെക്കുറിച്ചു പറയുന്ന കൂട്ടത്തിലാണ് അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ രോഗം പകരില്ലെന്നും ഈ അന്ധവിശ്വാസങ്ങളില്‍ കാര്യമില്ലെന്നും പറഞ്ഞത്. മാത്രമല്ല, രോഗം പകരുന്നത് ഒഴിവാക്കാന്‍ രോഗ രോഗമുള്ള ഒട്ടകത്തെ മറ്റുള്ളവയില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശിക്കുന്ന ഹദീസും കാണാം.

രോഗം പകരുമെന്ന ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വത്തെയാണ് ഖുര്‍ആനിലും ഹദീസിലുമുണ്ടെന്ന് പറഞ്ഞ് കരീം എതിര്‍ക്കുന്നത്. വാക്സിന്‍ എടുക്കുന്നത് ശിര്‍ക്കാണെന്നുള്ള തന്റെ മുന്‍നിലപാടിലും പി.എ കരീം ഉറച്ചുനില്‍ക്കുന്നുണ്ട്. വാക്സിന് വിവാദമുണ്ടായപ്പോള്‍ ഒരു പൊതുപരിപാടിയില്‍ വെച്ചായിരുന്നു കരീം വാക്‌സിനേഷനെ എതിര്‍ത്തിരുന്നത്.

ഗര്‍ഭാശയത്തില്‍വെച്ച് എല്ലാ വാക്സിനേഷനുകളും കൊടുക്കാന്‍ അറിവും കഴിവുമുള്ളവനാണ് പടച്ചവന്‍. അപ്പോള്‍. ഈ പുതിയ ചെകുത്താന്മാരുടെ വിഷം എന്തിനാണ് കുഞ്ഞുങ്ങളിലേക്ക് കൊടുക്കുന്നത്. നമ്മള്‍ ശിര്‍ക്കിനെതിരല്ലെ.. തന്റെ ഭാര്യയോ മക്കളോ അടുത്തവരോ ഗര്‍ഭം ധരിച്ചാല്‍ ഡോക്ടറെ കാണാന്‍ സമ്മതിക്കില്ല കാരണം അത് ശിര്‍ക്കാണ്. ഒരു വാക്സിനേഷനും കൊടുക്കാന്‍ സമ്മതിക്കില്ല കാരണം ദൈവത്തിന് വിവരമില്ലാത്തത് കൊണ്ട് വേറൊരുത്തന്റെത് കൊടുക്കുകയാണല്ലോ

We use cookies to give you the best possible experience. Learn more