| Monday, 16th August 2021, 8:29 pm

സി.പി.ഐ.എം സ്ത്രീകളുടെ രാഷ്ട്രീയം പറഞ്ഞു, അധികാരത്തിലെത്തി; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിന്‍. നേതൃത്വം സ്ത്രീകളെ അഭിസംബോധന ചെയ്യാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചതെന്ന് സരിന്‍ പറഞ്ഞു.

മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരസ്യവിമര്‍ശനം. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടി വിട്ട് പുറത്ത് പോയ വനിതാ നേതാക്കളെ ഉദ്ധരിച്ചാണ് സരിന്റെ പോസ്റ്റ് തുടങ്ങുന്നത്. സുഷ്മിത ദേവ്, പ്രിയങ്ക ചതുര്‍വേദി, ഖുശ്ബു, ദിവ്യ സ്പന്ദന തുടങ്ങിയ വനിതാ നേതാക്കളെ പേരെടുത്ത് പരാമര്‍ശിച്ച ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് സ്ത്രീകളെ സംബന്ധിക്കുന്ന രാഷ്ട്രീയം സംസാരിക്കാത്തതിന്റെ പ്രശ്നങ്ങളേയും നിശിതമായി തന്നെ വിമര്‍ശിക്കുന്നുണ്ട്.

സ്ത്രീകളെ അഭിസംബോധന ചെയ്താണ് സി.പി.ഐ.എം അധികാരം നിലനിര്‍ത്തിയതെന്നും പോസ്റ്റില്‍ പറയുന്നു.

കൂടുതലും സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍, വനിതാ മതില്‍ മുതല്‍ കുടുബം ഭദ്രമാക്കിയ കിറ്റിന്റേയും പെന്‍ഷന്റേയും വരെ രാഷ്ട്രീയം പറഞ്ഞാണ് സി.പി.ഐ.എം ജനങ്ങളെ സമീപിച്ചത്. അവരുടെ വോട്ടിലാണ് സി.പി.ഐ.എം അധികാരത്തില്‍ തുടര്‍ന്നതെന്നും സരിന്‍ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

‘കേരളത്തിലെ കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ 14 ജില്ലാ അധ്യക്ഷന്‍മാരുടെ മാത്രം പുറകേ പോകുമ്പോള്‍, മഹിളാ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു അധ്യക്ഷയെ വെച്ച് തരേണ്ട ആള്‍ അഖിലേന്ത്യാ തലത്തില്‍ അത് ഇട്ടിട്ട് പോയി എന്നറിയുക. ഇന്നത്തെ പ്രിയങ്ക ചതുര്‍വേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീര്‍ത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാല്‍, അവര്‍ കലിപ്പ് തീര്‍ത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധമുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം’ എന്നാണ് സരിന്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകള്‍ കൂടിയായ സുഷ്മിത ദേവിന്റെ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് ഒടുവില്‍ രാജിയില്‍ കലാശിച്ചത്. എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സുഷ്മിതക്ക് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകലം പാലിച്ച സുഷ്മിതയെ അനുനയിപ്പിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സുഷ്മിത ദേവ്.
പ്രിയങ്ക ചതുര്‍വേദി.
പിന്നെ, കേരളത്തില്‍ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനവും!
*****************************************************************************
അസമില്‍ നിന്നുള്ള മുന്‍ MP മഹിളാ കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ കൂടിയായ സുഷ്മിത ദേവ് ഇന്ന് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നു. പണ്ട്, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്സ് വിട്ട് ശിവസേനയില്‍ ചേര്‍ന്നതും അവര്‍ ഇന്ത്യന്‍ രഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു. ഇന്നവര്‍ ശിവസേനയുടെ ദേശീയ മുഖമാണ്.

കോണ്‍ഗ്രസ്സ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്പന്ദന എന്ന രമ്യയേയും ഞാന്‍ ചര്‍ച്ച ചെയ്യാന്‍ മുതിരുന്നില്ല. കൂടുതലും സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍, വനിതാ മതില്‍ മുതല്‍ കുടുബം ഭദ്രമാക്കിയ കിറ്റിന്റേയും പെന്‍ഷന്റേയും രാഷ്ട്രീയം വരെ കൈമുതലായുള്ള CPM എങ്ങനെ അധികാരം നിലനിര്‍ത്തി എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോര്‍ ഒരു വരി കൂടി എഴുതി ചേര്‍ക്കുക: സ്ത്രീകളെ അഡ്രസ്സ് ചെയ്യുന്ന രാഷ്ട്രീയം പറയുക, പ്രവര്‍ത്തിക്കുക! അവരുടെ വോട്ടിലാണ് കോണ്‍ഗ്രസ്സ് തോറ്റത്.

ചര്‍ച്ചകള്‍ 14 ജില്ലാ അദ്ധ്യക്ഷന്‍മാരുടെ മാത്രം പുറകേ പോകുമ്പോള്‍ മഹിളാ കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആള്‍ അഖിലേന്ത്യാ തലത്തില്‍ അത് ഇട്ടിട്ട് പോയി എന്നറിയുക.

ഇന്നത്തെ പ്രിയങ്ക ചതുര്‍വേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീര്‍ത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാല്‍, അവര്‍ കലിപ്പ് തീര്‍ത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dr P Sarin Congress Youth Congress CPIM Kerala Election 2021

We use cookies to give you the best possible experience. Learn more