| Tuesday, 10th October 2023, 7:30 pm

ഈസ്രഈലിന്റേത് ഉടമ്പടികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം, ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം: പി.ജെ. വിന്‍സെന്റ്

സഫ്‌വാന്‍ കാളികാവ്

കോഴിക്കോട്: ഗാന്ധീയന്‍ മാര്‍ഗത്തിലൂടെയോ ആഗോള അടിസ്ഥാനത്തിലുള്ള അഭിപ്രായരൂപീകരണം നടത്തിയോ ഇസ്രഈല്‍- ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്ന് എഴുത്തുകാരനും വിദേശകാര്യ വിദഗ്ധനുമായ പി.ജെ. വിന്‍സെന്റ്. തര്‍ക്കപരിഹാര വിഷയങ്ങളില്‍ കരാറുകളും യു.എന്നിന്റെ പ്രമേയങ്ങളും സ്ഥിരമായി ലംഘിക്കുക എന്ന നിലപാടാണ് ഇസ്രഈല്‍ എക്കാലത്തും എടുത്തിട്ടുള്ളതെന്നും പി.ജെ. വിന്‍സെന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഞ്ച് വര്‍ഷത്തിനകം സ്വതന്ത്ര ഫലസ്തീന്‍ രാജ്യം ഗസ ഉള്‍പ്പെടെയുള്ള മേഖലയില്‍ സ്ഥാപിക്കാന്‍ ഇസ്രഈല്‍ തന്നെ മുന്‍കൈടയുക്കുമെന്ന് എഴുതിവെച്ച ഓസ്‌ലോ ഉടമ്പടി അടക്കം എല്ലാം ഇസ്രഈല്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

Dr. P J Vincent

അന്താരാഷ്ട്ര ഉടമ്പടികള്‍ അംഗീകരിക്കാത്ത ഇസ്രഈല്‍

1948ലെ പാര്‍ട്ടീഷ്യന്‍ പ്ലാന്‍ യു.എന്‍ മുഖേനെ നടപ്പാക്കിയതാണ്. അതുപ്രകാരം ഒരു സ്വതന്ത്ര ഇസ്രഈലും സ്വതന്ത്ര ഫലസ്തീനുമാണ് രൂപം കൊള്ളേണ്ടിയിരുന്നത്. ഇസ്രഈല്‍ പ്രഖ്യാപിക്കപ്പെട്ടങ്കിലും, അറബ് രാജ്യങ്ങള്‍ ഇസ്രഈലിനെ അക്രമിച്ചെന്ന കാരണം പറഞ്ഞ് ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യത്തിന്റെ പ്രഖ്യാപനമുണ്ടായില്ല. പന്നെ 1967ലെ യുദ്ധത്തിലൂടെ നിലവിലുള്ള വെസ്റ്റ് ബാങ്ക്, ഗസ എന്നിവയൊക്കെ ഇസ്രഈല്‍ പിടിച്ചെടുക്കുകയുമുണ്ടായി.

യു.എന്നിന്റെ മുഴുവനായിട്ടുമുള്ള റെസലുഷ്യന്‍സ് എടുത്താല്‍, 40-45 ശതമാനത്തിലധികം അറബ്- ഇസ്രഈല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ളതാണ്.
യു.എന്‍ റെസലൂഷ്യന്‍ 232 പ്രകാരം 1948ലെ പാര്‍ട്ടീഷ്യന്‍ പ്ലാന്‍ മുന്‍നിര്‍ത്തി ഇസ്രഈല്‍ നിലനില്‍ക്കുകയും യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഭാഗം ഫലസ്തീന് വിട്ടുകൊണ്ടുക്കണ്ടതുമാണ്. അതുപോലെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങളൊന്നും നടപ്പാക്കപ്പെട്ടിട്ടില്ല.

ഫലസ്തീനും ഇസ്രഈലും ചേര്‍ന്ന് വിഷയത്തില്‍ ഉഭയകക്ഷി കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. 1978 സെപ്റ്റംബര്‍ 17ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയില്‍ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കുമെന്നും ഫലസ്തീന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുമെന്നും സ്വന്തന്ത്ര രാജ്യമാകാന്‍ സഹായിക്കുമെന്നൊക്കെ എഴുതിവെച്ചതാണ്. പക്ഷേ ഒരൊറ്റ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കിയിട്ടില്ല.

1993ലെ ഓസ്ലോ ഉടമ്പടിയാണ് മറ്റൊരു പ്രധാനപ്പെട്ട നടപടി. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി ഉടലെടുത്തതാണ് ഓസ്ലോ ഉടമ്പടി. ഇതുപ്രകാരം അഞ്ച് വര്‍ഷത്തിനകം സ്വതന്ത്ര ഫലസ്തീന്‍ രാജ്യം ഗാസ ഉള്‍പ്പെടെയുള്ള മേഖലയില്‍ സ്ഥാപിക്കാന്‍ ഇസ്രഈല്‍ തന്നെ മുന്‍കൈയെടുക്കുമെന്ന് രേഖപ്പെടുത്തിയതാണ്. പക്ഷേ ഇതൊന്നും നടപ്പാക്കിയില്ല.

കാരണം കരാറുകളും യു.എന്നിന്റെ പ്രമേയങ്ങളും സ്ഥിരമായി ലംഘിക്കാനുള്ളതാണ് എന്ന നിലപാടാണ് ഇസ്രഈല്‍ എക്കാലത്തും എടുത്തിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴുള്ള സംഘര്‍ഷത്തിലും സമാധാനപരമായ ചര്‍ച്ചകള്‍ നടന്നാല്‍ ഒരു താല്‍ക്കാലിക പരിഹാരം ഉണ്ടാകും എന്നല്ലാതെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്രഈല്‍ മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ.
ഇന്നും ഗാസയും വെസ്റ്റ് ബാങ്കും ഇസ്രഈലിന്റെ ഒക്കുപൈഡ് ടെറിട്ടറീസാണ്. അതൊരു സ്വതന്ത്ര പ്രദേശങ്ങളല്ല.

പ്രശ്‌നപരിഹാര എങ്ങനെ സാധ്യമാകും?

കാര്യക്ഷമമായ സമാധാന പ്രക്രിയയിലേക്ക് ഇസ്രഈലിനെ കൊണ്ടുവരാന്‍ ഫലസ്തീനികള്‍ ഇന്ന് നടത്തുന്ന പോരാട്ടമല്ലാതെ മറ്റ് ബദലില്ല. ഒരു ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയോ, ആഗോള അടിസ്ഥാനത്തിലുള്ള അഭിപ്രായ രൂപീകരണം നടത്തിയിട്ടോ ഒന്നും ഇസ്രഈലിനെ സമാധാനപ്രക്രിയയിലേക്ക് കൊണ്ടുവാരാന്‍ കഴിയുമെന്നോ, അങ്ങനെയുള്ള കരാറുകള്‍ അവര്‍ ആത്മാര്‍ത്ഥതയോടെ നടപ്പാക്കുമെന്നോ ഇതുവരെയുള്ള ചരിത്രാനുഭവങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് പ്രതീക്ഷിക്കാനാകില്ല.

ജെറുസലേമും മതപരവും സാംസ്‌കാരികവുമായ പ്രാധാന്യവും

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ അപ്പുറത്തേക്ക് ജെറുസലേമിന്റെ മതമപരവും സാംസ്‌കാരികവുമായ പ്രാധാന്യവും ഫലസ്തീന്‍- ഇസ്രഈല്‍ വിഷയത്തെ സ്വാധീനിക്കും. ലോകത്തിലെ വലിയ മൂന്ന് മതങ്ങളുടെ(ജൂത, ക്രൈസ്തവ, ഇസ്ലാം) വിശുദ്ധ ഭൂമിയെല്ലാം ഈ മേഖലയിലാണ്. ഫലസ്തീനിനെ വിശുദ്ധഭൂമി എന്നാണ് പറയുന്നത്. അതുകൊണ്ട് മതപരമായ എലമെന്റുകളും ഈ പ്രശ്‌ന പരിഹാരങ്ങളെ സ്വാധീനിക്കും.

പ്രതിരോധ കൂട്ടായ്മയോ, ഭീകരവാദ സംഘമോ, എന്താണ് ഹമാസ്?

ഹമാസിനെ ഒരു പ്രതിരോധ സംഘം എന്ന് പറയുന്നതാകും ശരി. ഹമാസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലെ ദേശീയ വിമോചന പ്രസ്ഥാനമാണ്. ഫലസ്തീനില്‍ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കലാണ് അവരിടെ ലക്ഷ്യം. എന്നാല്‍ പി.എല്‍.ഒയെ പോലെ ഒരു ദേശീയ മതേതര രാഷ്ട്രം സ്ഥപിക്കുക എന്ന സ്ട്രാറ്റജി അല്ല അവര്‍ പിന്‍തുടരുന്നത്. മറിച്ച് ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം.

അവരെ ഭീകര സംഘം എന്ന് വിളിക്കാത്തതിന്റെ കാര്യം, അല്‍ഖ്വയ്ദയോ ഇസ്‌ലാമിക് സ്‌റ്റേറ്റോ പോലെ ലോകം മുഴുവനും ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതല്ല അവരുടെ ലക്ഷ്യം എന്നതാണ്. ഇസ്‌ലാമില്‍ വിശ്വസിക്കാത്തവരെ എല്ലാവരെയും ഭീകരപ്രവവര്‍ത്തനം നടത്തി കൊലപ്പെടുത്തുന്നതാണല്ലോ ഭീകരവാദ പ്രസ്ഥാനങ്ങളുടെ ആശയം. അത്തരത്തിലൊരു സംഘമല്ല ഹമാസ്.

തങ്ങളുടെ രാജ്യം സ്വതന്ത്രമാകണം എന്നുള്ളതാണ് അവരുടെ പ്രാഥമിക ആഗ്രഹം. അതിന് അവര്‍ അഹിംസ മാര്‍ഗമൊന്നുമല്ല സ്വീകരിക്കുന്നത്. ഇന്‍തിഫാദ എന്ന പേരിലൊക്കെ ഒരേസമയം ഇവര്‍ ജനകീയ സമരവും നടത്താറുണ്ട്. അതിന്റെ കൂടെ അവര്‍ക്ക് സായുദ സംഘവുമുണ്ട്. അവര്‍ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ലോകത്തിലെ തന്നെ ശക്തമായ ഒരു രാജ്യത്തോടാണ്.

ഒരു സൈഡ് മാത്രം നോക്കിയാല്‍ കഴിഞ്ഞ ദിവസം ഹമാസ് ഇസ്രഈലില്‍ നടത്തിയ അക്രമത്തെ ലക്ഷണമൊത്ത ഭീകരാക്രണമെന്ന് വിളിക്കാം. പക്ഷേ അവര്‍ ഭീകരസംഘമല്ല. റെവല്യൂഷണറി ടററിസ്റ്റുകള്‍(വിപ്ലവ ഭീകരര്‍) എന്നാണല്ലോ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ഭഗത് സിങ്ങിനെയൊക്കെ പറയാറുള്ളത്. അതേരീതിയിലാണ് ഹമാസും പ്രവര്‍ത്തിക്കുന്നത്.

Content Highlight: Dr. P J Vincent talk about israel hamas conflict

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more