മെഡിക്കല്‍ റിപ്പോര്‍ട്ട് പഠിക്കാതെയാണ് മഅദനിക്കെതിരെ തടസ്സ ഹരജി നല്‍കിയത്: ഡോ. നൂറനാല്‍
India
മെഡിക്കല്‍ റിപ്പോര്‍ട്ട് പഠിക്കാതെയാണ് മഅദനിക്കെതിരെ തടസ്സ ഹരജി നല്‍കിയത്: ഡോ. നൂറനാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2013, 12:09 am

[]ബാംഗ്ലൂര്‍: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രോസിക്യൂഷന്‍ നിലപാട് മെഡിക്കല്‍ റിപ്പോര്‍ട്ട് പഠിക്കാതെയാണെന്ന് സൗഖ്യ ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍. []

മദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പഠിക്കാതെയാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടസ്സഹരജി നല്‍കിയതെന്നും നൂറനാല്‍ പറഞ്ഞു.

വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് മദനിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഇത് പഠിക്കാതെയായിരുന്നു അദ്ദേഹത്തിനെതിരായ തടസ്സ ഹരജി സര്‍ക്കാര്‍ നല്‍കിയതെന്നും നൂറനാല്‍ പറഞ്ഞു.

മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ്സവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടിലുള്ളത് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. അതുകൊണ്ട് തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് പഠിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ബി.ജെ.പി. സര്‍ക്കാറാണ് ചികിത്സയ്ക്ക് സുപ്രീംകോടതിയില്‍ സൗഖ്യയുടെ പേര് നിര്‍ദേശിച്ചത്. ഒരു രോഗിയോടുള്ള ബന്ധംമാത്രമേ തനിക്കും സൗഖ്യയ്ക്കും മദനിയുമായി ഉള്ളൂ.

സൗഖ്യ മദനിയുടെ വേണ്ടപ്പെട്ടവരാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാനുഷിക പരിഗണനയാണ് മഅദനിയോട് കാണിക്കുന്നത്. ജയിലില്‍ കഴിയുന്ന മദനിക്ക് തുടര്‍ച്ചികിത്സ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.