'വീട്ടില്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം'; ചോദ്യത്തിനുള്ള ഉത്തരം
FB Notification
'വീട്ടില്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം'; ചോദ്യത്തിനുള്ള ഉത്തരം
ഡോ: നെല്‍സണ്‍ ജോസഫ്
Saturday, 22nd October 2022, 3:59 pm
ഈ ഗര്‍ഭകാലവും പ്രസവവുമൊക്കെ വളരെ സിമ്പിളായി അങ്ങ് നടന്നുപോവുന്ന ഒന്നാണെന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടെന്ന് തോന്നുന്നു. സ്ത്രീ ആ കാലയളവില്‍ കടന്നുപോവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് ചെറിയൊരു ഊഹമെങ്കിലുമുണ്ടെങ്കില്‍ ആ തോന്നലുണ്ടാവില്ല.

വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് കമന്റുകളുടെ ഘോഷയാത്ര ഒരിടത്ത് കണ്ടു. മറുപടി എഴുതാന്‍ കൈ തരിക്കുന്നതുകൊണ്ടാണ് കുറിക്കുന്നത്.

1. ‘വീട്ടില്‍ പ്രസവിക്കരുതെന്ന് നിയമം വല്ലതും ഉണ്ടോ?’

ഒവ്വ്. നിയമം ഉണ്ടെങ്കില്‍ മാത്രേ എല്ലാ കാര്യവും ചെയ്യൂ. ഉള്ള നിയമങ്ങളൊക്കെ വള്ളി പുള്ളി വിടാതെ അനുസരിക്കുന്നുമുണ്ടല്ലോ.

ഈ ഗര്‍ഭകാലവും പ്രസവവുമൊക്കെ വളരെ സിമ്പിളായി അങ്ങ് നടന്നുപോവുന്ന ഒന്നാണെന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടെന്ന് തോന്നുന്നു. സ്ത്രീ ആ കാലയളവില്‍ കടന്നുപോവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് ചെറിയൊരു ഊഹമെങ്കിലുമുണ്ടെങ്കില്‍ ആ തോന്നലുണ്ടാവില്ല.

2. ‘അല്ല, ഈ ആശുപത്രിയൊക്കെ എന്നാ ഉണ്ടായത്?’

അല്ല, ഈ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമൊക്കെ എന്നാ ഉണ്ടായത്? എന്നിട്ടും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോ?

ഈ കാറും ബസ്സുമൊക്കെ എന്നാ ഉണ്ടായത്? എന്നിട്ടും ഇപ്പൊ പത്തുമുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്യുന്നത് കാളവണ്ടിയിലല്ലല്ലോ അല്ലേ? അപ്പൊ അലര്‍ജി ആധുനിക വൈദ്യശാസ്ത്രത്തോടേയുള്ളോ?

3. ‘ഹോസ്പിറ്റലിന് കാശ് കിട്ടാനല്ലേ? കിടപ്പാടം വില്‍ക്കേണ്ടിവരും’

സര്‍ക്കാരാശുപത്രിയുണ്ട് ഹേ… അവിടാരും കിടപ്പാടം വില്‍ക്കാന്‍ നിര്‍ബന്ധിക്കില്ല. അപ്പൊ അതുമല്ല കാര്യം.

4. ‘പണ്ടൊക്കെ പ്രസവിച്ചിരുന്നത് ആശുപത്രിയിലാണോ ഒന്ന് അന്വേഷിച്ചു നോക്ക്. എന്റെ അമ്മ അഞ്ച് പ്രസവിച്ചു, എല്ലാം വീട്ടിലായിരുന്നു.’

ങാ, അങ്ങോട്ട് തന്നാ വരുന്നത്. ഇപ്പൊ കേരളത്തിന്റെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലാണെന്നാണ് എന്റെ ഓര്‍മ. മാതൃ മരണനിരക്കിന്റെ കാര്യവും വ്യത്യസ്തമൊന്നുമല്ല. വീട്ടില്‍ പ്രസവം നടക്കുന്ന കാലത്ത് ഇതൊക്കെ എത്രയാന്ന് ഒന്ന് നോക്കിയേരെ.

ചുമ്മാ ബുദ്ധിമുട്ടണ്ട, പറഞ്ഞുതരാം.

1891ലെ മദ്രാസ് സെന്‍സസ് പ്രകാരം ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 1000ന് 280 ആണ്. നാലിലൊരു കുഞ്ഞ് ഒരു വയസ് തികയ്ക്കില്ല. ഇന്ത്യയില്‍ 1990കളില്‍ മാതൃമരണ നിരക്ക് 500ന് മുകളിലായിരുന്നു. അവിടെനിന്ന് പിന്നീടത് 170ലേക്ക് എത്തി.

എന്റെ കുട്ടി ഉണ്ടാവാറായപ്പൊ ഞങ്ങള്‍ അവന് ഇടാനുള്ള ഉടുപ്പുകളൊക്കെ വാങ്ങി കഴുകി ഉണക്കി വൃത്തിയാക്കി വച്ചിരുന്നു. അങ്ങനെ വാങ്ങാന്‍ പോയപ്പൊ കുറച്ച് പേര് പറഞ്ഞു, അങ്ങനെ വാങ്ങുന്നത് കുഞ്ഞിന് ദോഷമാണ് എന്ന്. വാങ്ങുന്നത് ദോഷമായതല്ല. പണ്ടുകാലത്ത് അന്നത്തെ ദാരിദ്ര്യത്തിന് ജീവിക്കുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് മാത്രമല്ല അതൊരു തീരാദുഖവുമാകും. അതങ്ങനെ പിന്നൊരു അന്ധവിശ്വാസമായി.

5. ‘ഇപ്പൊഴാണല്ലോ ഗര്‍ഭം ഒരു രോഗമായത്. ഡോക്ടറെ കാണലും സ്‌കാനിങ്ങും ബ്ലഡ് ടെസ്റ്റും ഫോളിക് ആസിഡും അയണും ഗുളികയും… പണ്ട് ഇതൊന്നുമില്ലാതിരുന്നപ്പൊ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ?’

കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് പണ്ടത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഉത്തരം പറയും. ങാ, പിന്നെ ഇതൊക്കെ ചെയ്യുന്നതെന്തിനാന്ന്.

ഭാര്യയ്ക്ക് കല്യാണം കഴിഞ്ഞ് ആദ്യം വാങ്ങിക്കൊടുത്തത് ഫോളിക് ആസിഡാണ്. ന്യൂറല്‍ ട്യൂബ് ഡിഫക്റ്റ് പോലെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടാകാതെ തടയാന്‍ ഫോളിക് ആസിഡിന് കഴിയും.

പ്രത്യക്ഷത്തില്‍ ഒരു കുഴപ്പവും തോന്നിക്കാത്ത സ്ത്രീകള്‍ക്കും ചിലപ്പൊ വിളര്‍ച്ചയുണ്ടാവാം. ഗര്‍ഭകാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത് സങ്കീര്‍ണമാക്കുകയും ചെയ്യാം. അയണ്‍ ഗുളിക അത് തടഞ്ഞോളും.

പിന്നെ ഡോക്ടറെ കാണുന്നത്. ഗര്‍ഭാവസ്ഥയെ സങ്കീര്‍ണമാക്കാന്‍ പോന്ന കുറെയധികം പ്രശ്‌നങ്ങളുണ്ട്. അതൊക്കെ നേരത്തെ കണ്ടെത്തി വേണ്ടത് ചെയ്യാന്‍ ഡോക്ടര്‍ക്ക് പറ്റും. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ കുഞ്ഞിനുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയും. പരിഹാരം ചെയ്യാവുന്നതാണെങ്കില്‍ അത് ചെയ്യാനും ശ്രമിക്കാം.

പ്രസവത്തിന്റെ സമയത്ത് ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതനുസരിച്ച് പ്ലാന്‍ ചെയ്യാനുമൊക്കെ ഈ സന്ദര്‍ശനങ്ങളും പരിശോധനകളും കൂടിയേ തീരൂ.

ചുരുക്കിപ്പറഞ്ഞാല്‍ ശിശുമരണ നിരക്ക് ഒരു സുപ്രഭാതത്തില്‍ വെറുതെയങ്ങ് ഒറ്റയക്കത്തിലെത്തിയതല്ല. കുറെയധികം ആരോഗ്യപ്രവര്‍ത്തകരും അവര്‍ക്ക് പിന്തുണയായി നിന്ന സംവിധാനങ്ങളും ചേര്‍ന്ന് പരിശ്രമിച്ചതിന്റെ ഫലമാണ്.

6. ‘വീട്ടില്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം?’

സങ്കീര്‍ണതയുണ്ടായാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനടക്കം അപകടത്തിലാവുമെന്ന് ഉദാഹരണം തപ്പി വേറെയെങ്ങും പോവണ്ടല്ലോ.

അത് മാത്രമല്ല, നിയോനേറ്റല്‍ ടെറ്റനസ് എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. പ്രസവശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വില്ലുപോലെ വളഞ്ഞുനില്‍ക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ? മരിച്ച് പോകുന്നതിന് മുന്‍പ്? കണ്ടിട്ടുണ്ടാകില്ല. ഞാനും കണ്ടിട്ടില്ല. കേട്ടും വായിച്ചുമുള്ള അറിവ് മാത്രം.

ടെറ്റനസിനെതിരായ കുത്തിവെപ്പ് രണ്ട് ബൂസ്റ്റര്‍ ഡോസ് അമ്മമാര്‍ക്ക് ലഭിക്കുന്നതിലൂടെയും യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷനിലൂടെയും പ്രസവസമയത്തെ വൃത്തി – അത് താഴെപ്പറയുന്നാ ഘടകങ്ങള്‍ ചേര്‍ന്നാണ്…

1. Clean hands അണുവിമുക്തമായ കൈകള്‍
2. Clean delivery surface വൃത്തിയുള്ള പ്രസവസ്ഥലം
3. Clean cord care പൊക്കിള്‍ക്കൊടിയുടെ പരിചരണം
4. Clean blade for cutting cord അണുവിമുക്തമായ പൊക്കിള്‍ക്കൊടി മുറിക്കാനുള്ള ഉപകരണം.
5. Clean cord tie and no application on cord stump പൊക്കിള്‍ക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാന്‍ പാടില്ല

ഇതെല്ലാത്തിലൂടെയും ഇല്ലായ്മ ചെയ്ത അസുഖമാണ്. വീട്ടിലെ മുറിയിലാണോ ലേബര്‍ റൂമിലാണോ അണുവിമുക്തമായിരിക്കുകയെന്ന് ചുമ്മാ കോമണ്‍സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചാ മതി.

7. ‘ആശുപത്രിയിലും മരണം സംഭവിക്കുന്നുണ്ടല്ലോ’

വെള്ളമടിച്ച് വണ്ടിയോടിക്കുമ്പൊഴും അപകടമുണ്ടാവുന്നുണ്ട്. നിയമം പാലിച്ച് വാഹനമോടിക്കുന്നവരും അപകടത്തില്‍ പെടുന്നുണ്ട്. എന്നുവെച്ച് ഇനി എല്ലാവരും വെള്ളമടിച്ച് വണ്ടിയോടിക്കണമെന്ന് വാദിക്കുമോ?

പ്രസവിക്കുന്നത് സ്ത്രീകളാണ്, മരണപ്പെടുന്നത് സ്ത്രീകളാണ്. അനുകൂലിക്കുന്നത് മൊത്തം പുരുഷന്മാരും…

എന്തൊരു ലോകമിത്…

Content Highlight: Dr. Nelson Joseph write up on pregnancy and delivery