തിരുവനന്തപുരം: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ പശു ശാസ്ത്ര സിലബിസിനെ അക്കമിട്ട് പരിഹസിച്ച് ഡോക്ടര്‍. രാഷ്ട്രീയ കാമധേനു ആയോഗിന്റെ സിലബസ് ഡൗണ്‍ലോഡ് ചെയ്തുനോക്കിയപ്പോള്‍ കണ്ട ചില വസ്തുകള്‍ ഇവിടെ പങ്കുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡോ.നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെഴുതിയത്.
‘രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു എക്‌സാമിന് രജിസ്റ്റര്‍ ചെയ്ത വിവരം സന്തോഷപൂര്‍വം ഏവരെയും അറിയിക്കുന്നു കേട്ടോ. രജിസ്റ്റര്‍ ചെയ്ത് സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പഠിക്കാന്‍ തുടങ്ങിയപ്പൊ സിലബസില്‍ കണ്ട ഏതാനും വസ്തുതകള്‍ എഴുതുന്നെന്നേയുള്ളു. ആവശ്യമുള്ളവര്‍ക്ക് പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ.
രണ്ടാമത്തെ പേജില്‍ ‘ജയ് ഗോമാതാ’ എന്ന വാചകം പന്ത്രണ്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേത് ‘സ്തുതി അമ്മ പശുവിനെ’ എന്നാണ്. എന്തോ വശപ്പിശകുണ്ടല്ലോ എന്ന് തോന്നി. തൊട്ട് താഴെ ഡിസ്‌ക്ലെയ്മറുണ്ട്. google translator വെച്ച് പരിഭാഷപ്പെടുത്തിയതാണ് എന്ന്.. ആശ്വാസമായി’ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സിലബസില്‍ കണ്ട് എട്ടോളം വസ്തുതകളാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചാണകത്തിന്റെ ആവരണമുള്ള ചുമരുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണ്. നാടന്‍ പശുക്കള്‍ സമര്‍ത്ഥരാണെന്നും വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഇരിക്കില്ലെന്നും എന്നാല്‍ ജഴ്‌സി പശുക്കള്‍ മടിയന്‍മാരാണെന്നും സിലബസില്‍ പറയുന്നുണ്ട്.
അപരിചിതരായ ആളുകള്‍ വരുമ്പോള്‍ നാടന്‍ പശുക്കള്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ജഴ്‌സി പശുക്കള്‍ക്ക് യാതൊരു വികാരവുമുണ്ടാകില്ലെന്നും സിലബസില്‍ പറയുന്നുണ്ട്. ആഫ്രിക്കയിലെ ജനങ്ങള്‍ കത്തിക്കാന്‍ ചാണകം ഉപയോഗിച്ചിരുന്നു എന്നും അവിടം സന്ദര്‍ശിച്ച മിഷനറിമാര്‍ അവരെ അതില്‍ നിന്ന് വിലക്കിയെന്നും അപ്പോള്‍ ജനങ്ങള്‍ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വിലപ്പെട്ട കണ്ടെത്തലും അന്‍പത്തിനാല് പേജ് വലിപ്പമുള്ള സിലബസിലുണ്ട്.
ട്രോളോ തമാശയോ അല്ല. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ ഏകദേശ പരിഭാഷ മാത്രമാണിവ. പഠിച്ചോളൂ, മുന്നോട്ടുള്ള ഇന്ത്യയില്‍ ആവശ്യമായി വരുമെന്നും നെല്‍സണ്‍ പറയുന്നു.
എല്ലാ വര്‍ഷവും പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയയാണ് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 25 നാണ് പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞിരുന്നു.
കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ എക്‌സാമിനേഷന്‍’ എന്നാണ് പരീക്ഷയുടെ പേര്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റില്‍ പുറത്തിറക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക