| Wednesday, 22nd April 2020, 8:06 am

കൊവിഡിനു വാക്‌സിന്‍ കണ്ടെത്തണമെന്ന് പ്രാര്‍ത്ഥിക്കുന്ന വാക്‌സിന്‍ വിരോധികളും വേണ്ടന്ന് കരുതുന്ന വാക്‌സിന്‍ വിരോധികളും

ഡോ: നെല്‍സണ്‍ ജോസഫ്

ഇക്കഴിഞ്ഞ ദിവസം തമാശ രൂപത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരന്ന ഒരു സന്ദേശമുണ്ട്. ഏതൊരു വാക്‌സിന്‍ വിരുദ്ധനും ആഗ്രഹിക്കുന്നത് ഇപ്പോള്‍ കൊവിഡിന് ഒരു വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എന്നായിരിക്കും എന്ന്.

എന്നാല്‍ അങ്ങനെയല്ലാത്ത വാക്‌സിന്‍ വിരുദ്ധരുമുണ്ടെന്ന് ഇന്ന് ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് മനസിലാവുന്നത്. പ്രശസ്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചാണ് കൊവിഡിനു വാക്‌സിന്‍ കണ്ടെത്തിയാലും അത് നിര്‍ബന്ധിതമാക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസ്താവിച്ചത്. വ്യക്തിപരമായി വാക്‌സിനേഷനോട് താല്പര്യമില്ല എന്നും താരം വ്യക്തമാക്കുന്നു.

കൊവിഡ് ലോകത്ത് സാധാരണ ജനങ്ങളുടെ ജീവിതവും വിവിധ ജീവിതമേഖലകളെയും ബാധിച്ചതുപോലെതന്നെ കായികമേഖലയെയും ബാധിച്ചിരുന്നു. വിവിധ കായികതാരങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു. ടൂര്‍ണമെന്റുകള്‍ മാറ്റിവയ്ക്കപ്പെട്ടു രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം മാറ്റിവച്ച ചരിത്രമില്ലാത്ത വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് പോലും മാറ്റിവയ്ക്കപ്പെട്ടു. ലോകമെങ്ങും വൈറസ് ബാധയുള്ളവരുടെ സംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോടടുക്കുന്നു. ഒന്നരലക്ഷത്തിലേറെ ആളുകള്‍ മരണപ്പെട്ടു. ജോക്കോവിച്ചിന്റെ സെര്‍ബിയയിലും ഉണ്ട് ആറായിരത്തിനു മുകളില്‍ രോഗബാധിതര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.

അതായത് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും പകര്‍ച്ചവ്യാധിയുടെ വ്യാപ്തിയെക്കുറിച്ചും അറിവില്ലാത്ത ഒരു വ്യക്തിയല്ല ജോക്കോവിച്ച് എന്ന് നമുക്ക് അനുമാനിക്കാം. ജോക്കോവിച്ചിന്റെ പ്രസ്താവനയിലെ പ്രശ്‌നങ്ങള്‍ പലതാണ്.

കൊവിഡിനെതിരെ ലോകത്തിന്റെ പ്രതീക്ഷയും ആയുധങ്ങളും ഒന്നല്ല, പലതാണ്. അവയില്‍ ഒന്നാണ് നാം ഇപ്പോള്‍ പാലിക്കുന്ന സാമൂഹ്യ അകലങ്ങളും ലോക്ക് ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങളും ശുചിത്വ മുന്‍ കരുതലുകളും ഒക്കെച്ചേര്‍ന്നുള്ള പ്രതിരോധം. അതോടൊപ്പം വ്യാപകമായി ടെസ്റ്റുകള്‍ നടത്തി പരമാവധി രോഗമുളളവരെ കണ്ടെത്തി അവരുമായി ബന്ധമുള്ളവരെ അടക്കം ഐസൊലേറ്റ് ചെയ്ത് രോഗ വ്യാപനം കുറയ്ക്കാന്‍ നോക്കുക.

മറ്റൊരു വഴി വൈറസ് ബാധയുണ്ടായവരുടെ ചികില്‍സയ്ക്ക് ഫലപ്രദമായ ഒരു മരുന്നാണ്. നിലവിലുള്ളതോ പുതുതായി ഉണ്ടാക്കാന്‍ കഴിയുന്നതോ ആയ ഏതെങ്കിലും മരുന്നുപയോഗിച്ച് കൊവിഡിന്റെ രോഗബാധയുടെ കാഠിന്യവും മരണനിരക്കും കുറയ്ക്കുവാന്‍ കഴിയുമോ എന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

അടുത്തതാണ് വാക്‌സിന്‍. വാക്‌സിന്‍ കണ്ടെത്താന്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാമെങ്കിലും ഒന്നിലധികം ഇടങ്ങളില്‍ അതിനായും ഗവേഷണങ്ങള്‍ നടന്നുതുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനുകള്‍ മനുഷ്യരില്‍ കുത്തിവച്ചുള്ള പരീക്ഷണങ്ങള്‍ നടത്തിത്തുടങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു.

ലോക്ക് ഡൗണ്‍ പോലെയുള്ള സങ്കേതങ്ങള്‍ നമുക്ക് അനന്തമായി നീട്ടിക്കൊണ്ട് പോവാനാവില്ല. ആരോഗ്യം എന്നതുപോലെ സാമ്പത്തിക മാന്ദ്യം പോലെയുള്ള കാര്യങ്ങളും ജനങ്ങള്‍ക്ക് ഭക്ഷണമടക്കം ലഭ്യമാവുന്ന കാര്യങ്ങളും കൂടി കണക്കാക്കേണ്ടിവരുമെന്നതുതന്നെ ഒരു കാര്യം. അപ്പോള്‍ മരുന്നോ വാക്‌സിനോ ആത്യന്തികമായി ഒരു അനിവാര്യതയാവും.

വാക്‌സിന്റെ ഉപയോഗവും വാക്‌സിന്‍ മൂലം തുടച്ച് നീക്കിയ രോഗങ്ങളും ആധുനികവൈദ്യശാസ്ത്രത്തിന് പുത്തരിയല്ല. 1796ല്‍ ആദ്യമായി വസൂരിക്ക് വാക്‌സിന്‍ കണ്ടെത്തിയത് മുതല്‍ മരണകാരണമായേക്കാവുന്ന ഒന്നിലധികം അസുഖങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രം വാക്‌സിന്‍ കൊണ്ട് സുരക്ഷയൊരുക്കുന്നുണ്ട്. തുടച്ചുനീക്കിയ വസൂരിയും അതിന്റെ വക്കിലെത്തിയ പോളിയോയും ഒക്കെ ഉദാഹരണങ്ങള്‍.

ഇനി വാക്‌സിന്‍ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരായി പ്രതിഷേധങ്ങളുണ്ടായതുകൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്ന നിരക്ക് കുറഞ്ഞതും അതിനനുസരിച്ച് ആ തടഞ്ഞ് നിറുത്തിയ രോഗങ്ങള്‍ തിരിച്ചുവന്നതിനുമുള്ള ഉദാഹരണങ്ങളും എമ്പാടുമുണ്ട് നമ്മുടെ കൊച്ചുകേരളം തൊട്ട് അമേരിക്ക വരെ.

വാക്‌സിന്‍ കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലും എടുക്കേണ്ടിവരുമെന്ന് പറഞ്ഞല്ലോ. അതിനു കാരണമുണ്ട്. നല്‍കുന്ന വാക്‌സിന്‍ ഫലപ്രദമാണോ എന്നറിയണം. ഫലം ലഭിക്കാന്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ ഡോസും അതിന്റെ സുരക്ഷയുമറിയണം. അതിനു ശേഷമാണ് ജനങ്ങള്‍ക്ക് നല്‍കുക.

ഈ അവസരത്തില്‍ വാക്‌സിന്‍ ഗവേഷണത്തിനായി തങ്ങളുടെ ശരീരം വിട്ടുനല്‍കിയ ആ വലിയ മനുഷ്യരെക്കൂടി ഓര്‍മിക്കുകയാണ്. മുകളില്‍ പറഞ്ഞതൊന്നും അറിയാതെയും ഉറപ്പില്ലാതെയുമാണെങ്കിലും അവരതിനു തയ്യാറാവുമ്പോഴാണ് ആ കണ്ടെത്താന്‍ പോവുന്ന വാക്‌സിനെതിരെ സംസാരിക്കാനും ആളുള്ളത് ജോക്കോവിച്ചിന്റെ പ്രസ്താവനയ്ക്ക് ഒന്നിലധികം പ്രശ്‌നങ്ങളാണുള്ളത്.

അയാളൊരു കായികതാരമാണ്. വലിയ നേതാക്കളും കായികതാരങ്ങളും സിനിമാ താരങ്ങളുമൊക്കെ ഒട്ടേറെപ്പേരെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങളാണ്. അവരുടെ വാക്കുകള്‍ കേള്‍ക്കുന്നതിനും അതനുസരിക്കുന്നതിനുമൊക്കെ തയ്യാറാവുന്ന വലിയൊരു ജനസമൂഹമുണ്ടാവും എന്നതും വസ്തുത മാത്രം. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും അതനുസരിച്ച് ഹെര്‍ഡ് ഇമ്യൂണിറ്റി ഉണ്ടായി രോഗത്തെ പിടിച്ചുകെട്ടാന്‍ പറ്റുന്നതും ലക്ഷ്യം വയ്ക്കുമ്പൊ ഇത്തരം കുത്തിത്തിരിപ്പുകള്‍ അതിനു തുരങ്കം വയ്ക്കുകയാണുണ്ടാവുക.

അഭിപ്രായം ചോദിച്ചപ്പോള്‍ ഒരു സാധാരണ ഫുട്‌ബോള്‍ കോച്ചിന്റെ അഭിപ്രായമല്ല ഇവിടെ പ്രധാനമെന്ന് പറഞ്ഞ ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പിനെ ജോക്കോവിച്ചിനു മാതൃകയാക്കാവുന്നതാണ്. വാക്‌സിനില്ലെങ്കില്‍ ടെന്നീസില്ലെന്ന് പറഞ്ഞ മുന്‍ ലോക ഒന്നാം നമ്പര്‍ താരം അമേലി മൗറിസ്‌മോയെ ആണെങ്കിലും തെറ്റില്ല.

ജോക്കോവിച്ച് പറയുന്നു വാക്‌സിനെടുക്കാത്തത് വ്യക്തിപരമാണെന്ന്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വിലയില്ലേ എന്ന് ചോദിക്കുന്നവരുണ്ടാവാം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണ അര്‍ഥത്തില്‍ ഉണ്ടാവാഞ്ഞത് എന്തുകൊണ്ടാണെന്ന് ഒന്ന് ഓര്‍മിച്ചാല്‍ മതി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ടെന്നീസിലെ ചില നിയമങ്ങള്‍ എനിക്ക് താല്പര്യമില്ല, അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് ജോക്കോവിച്ച് പറഞ്ഞാല്‍ അത് സമ്മതിച്ചേക്കുമോ? കളിനിയമങ്ങള്‍ പോലെതന്നെയാണ് പാന്‍ഡമിക്കിലും ഉള്ള നിയമങ്ങള്‍.

ഒന്നോ രണ്ടോ ആള്‍ക്കാരല്ലേ? അവര്‍ മാറിനിന്നാല്‍ എന്താണ് കുഴപ്പമെന്നും ചോദിക്കാന്‍ തോന്നുന്നുണ്ടോ? എല്ലാവരും അങ്ങനെ കരുതിയാല്‍ എന്തുണ്ടാവും? നേരത്തെ ഹെര്‍ഡ് ഇമ്യൂണിറ്റിയെക്കുറിച്ച് പറഞ്ഞുവല്ലോ. ഒരു നിശ്ചിത ശതമാനം ആളുകള്‍ വാക്‌സിനിലൂടെയോ മറ്റ് വഴികളിലൂടെയോ രോഗാണുവിനോട് പ്രതിരോധശേഷിയുള്ളവരാവുമ്പോള്‍ അല്ലാത്തവര്‍ക്കും സംരക്ഷണം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് അത്.

രോഗം വന്നു പോയി പ്രതിരോധശേഷിയുണ്ടാക്കുവാന്‍ ശ്രമിച്ച രാജ്യങ്ങളില്‍ സംഭവിച്ചത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. രോഗം വന്നോട്ടെയെന്ന് കരുതാന്‍ കഴിയാത്തയാളുകളും നമ്മുടെയിടയിലുണ്ടാവാം. പ്രായാധിക്യമുള്ളവര്‍, ഗര്‍ഭവതികളായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, കീമോതെറാപ്പിയോ മറ്റ് ഏതെങ്കിലും രീതിയോ വഴി രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിങ്ങനെ ഒത്തിരിപ്പേര്‍ക്ക് അങ്ങനെ കരുതാനാവില്ല. ചിലപ്പോള്‍ അവര്‍ക്ക് വാക്‌സിനും എടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവരുടെ സംരക്ഷണവും മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ്.

ഇനി മറ്റൊരു വിഭാഗമുണ്ട്. ചികില്‍സയുടെ ചിലവ് താങ്ങാന്‍ കഴിഞ്ഞേക്കില്ലാത്തവര്‍… അല്ലെങ്കില്‍ മികച്ച ചികിത്സ ലഭിക്കാന്‍ സാഹചര്യമില്ലാത്തവര്‍. ജോക്കോവിച്ചിനു രോഗബാധയുണ്ടായാല്‍ മികച്ച ചികിത്സ ഏതാണ്ട് ഉറപ്പാണ്. പക്ഷേ അദ്ദേഹത്തില്‍ നിന്ന് തന്നെ രോഗം പകര്‍ന്നേക്കാവുന്നവരില്‍ ചിലര്‍ക്കെങ്കിലും അതിനുള്ള സാഹചര്യം ലഭിക്കണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ വരാന്‍ പോവുന്ന വാക്‌സിനോട് ജോക്കോവിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ഈ സിംഗിള്‍സ് മാച്ച് ഒരു പമ്പരവിഡ്ഢിത്തം തന്നെയാണ്.

ടെന്നീസില്‍ ഡബിള്‍ ഫോള്‍ട്ട് എന്നൊന്നുണ്ടെന്ന് മറ്റാരെക്കാളും നന്നായി ജോക്കോവിച്ചിന് അറിയാമായിരിക്കും. രണ്ട് തവണ അടുപ്പിച്ച് പിഴവ് വരുത്തുമ്പോള്‍ എതിരാളിക്ക് പോയിന്റ് ലഭിക്കുന്നൊരു സ്ഥിതിവിശേഷമാണ്.

ജോക്കോവിച്ചിന്റെ കമന്റ് ഒരു ഫോള്‍ട്ടാണ്. ആവര്‍ത്തിച്ച് ഡബിള്‍ ഫോള്‍ട്ടായി കൊവിഡിനു പോയിന്റ് നല്‍കി ഒട്ടനേകം പേരെ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലാതാക്കുന്നതിനു മുന്‍പ് തിരുത്തേണ്ടതാണ്.

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഡോ: നെല്‍സണ്‍ ജോസഫ്

We use cookies to give you the best possible experience. Learn more