| Saturday, 19th August 2017, 10:18 am

ഡിയര്‍ അര്‍ണബ് ജീ, വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ കുറച്ചിലല്ലേ?: അര്‍ണബിനെ പൊളിച്ചടുക്കി ഡോക്ടറുടെ തുറന്നകത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളം എന്താണെന്ന് കണ്ടറിയാന്‍ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ കേരളത്തിലേക്ക് ക്ഷണിച്ച് ഡോ. നെല്‍സണ്‍ ജോസഫിന്റെ തുറന്ന കത്ത്. ഹാദിയ വിഷയത്തിന്റെ പേരില്‍ കേരളത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് റിപ്പബ്ലിക് ചാനലിലൂടെ ഹിന്ദുമഹാസഭാ നേതാവ് ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കേരളം കണ്ടറിയാന്‍ നെല്‍സണ്‍ അര്‍ണബിനോട് ആവശ്യപ്പെടുന്നത്.

“സര്‍ജിക്കല്‍ സ്‌ട്രൈക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ ഉപകരിക്കുന്ന ചില കാര്യങ്ങള്‍” എന്നുപറഞ്ഞുകൊണ്ടാണ് കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക സവിശേഷതകള്‍ സൂചിപ്പിച്ചുകൊണ്ടാണ് നെല്‍സണ്‍ കത്തെഴുതിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമെഴുതിയ കത്ത് ഫേസ്ബുക്കിലൂടെയാണ് ഡോ. നെല്‍സണ്‍ ജോസഫ് പങ്കുവെച്ചത്.


Also Read: പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ കോടതിക്ക് എന്തുകാര്യം? ഹാദിയ വിഷയത്തില്‍ നാല് ചോദ്യങ്ങളുമായി സഞ്ജീവ് ഭട്ട്


കത്ത് ഇങ്ങനെ:

ഡിയര്‍ അര്‍ണബ് ജീ,

കേരളത്തെക്കുറിച്ചുള്ള അങ്ങയുടെയും അങ്ങയുടെ ചാനലിന്റെയും ഉത്കണ്ഠ എന്റെ കണ്ണ് നിറയ്ക്കുന്നു. ആനന്ദാശ്രുക്കളാണ്.
കേരളത്തിലെ വാര്‍ത്തകള്‍ കണ്ണിമ ചിമ്മാതെ നോകിയിരിക്കുന്ന അങ്ങയുടെ സ്‌നേഹത്തിനും കരുതലിനും മലയാളികളുടെ സ്‌നേഹാന്വേഷണങ്ങള്‍ റിപ്പബ്ലിക്കിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത് കൈപ്പറ്റിയെന്ന് കരുതട്ടെയോ?

ജി ഇടയ്ക്കിടയ്ക്ക് ദി നേഷന്‍ വാണ്ട്‌സ് റ്റു നോ എന്ന് പറയുമ്പൊ എനിക്ക് വണ്‍ മിസ്റ്റര്‍ തളത്തില്‍ ദിനേശനെയായിരുന്നു ഓര്‍മ വന്നുകൊണ്ടിരുന്നത്. ദിനേശന്‍ വാണ്ട്‌സ് റ്റു നോ. ദിനേശനും ഓരോ ചെറിയ കാര്യവും അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു. പക്ഷേ ചെറിയ ചെറിയ കാര്യങ്ങളില്‍ സംശയിച്ച് ദിനേശന്‍ വലിയ കാര്യം മിസ് ചെയ്തു. യഥാര്‍ഥ പ്രശ്‌നം അയാള്‍ക്കായിരുന്നെന്ന്.

കേരളത്തിലേക്ക് ടെലസ്‌കോപ്പിക് ലെന്‍സും തിരിച്ചുവച്ച് ഇരിക്കുന്ന അങ്ങയുടെ ഒ.ബി.വാനിലെ ക്യാമറകള്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ പലതും അങ്ങേയ്ക്ക് മനസിലാകാതെ പോകുന്നെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സാരമില്ല. സബ് ടൈറ്റിലില്ലാതെ സിനിമ കാണുമ്പൊ ഞങ്ങള്‍ക്കും അതേ പ്രശ്‌നം ഉണ്ടാകാറുള്ളതാണ്.


Don”t Miss: ഞങ്ങളെ കൊന്നോളൂ, പക്ഷെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കരുത്: സര്‍ക്കാരിനോട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന


മൊത്തം പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലേക്ക് വരുമ്പൊ വഴി ചോയ്ച്ച് ചോയ്ച്ച് പോകാനെങ്കിലും ആള്‍മാറാട്ടത്തിന് ഉപകരിക്കുന്ന ചില സാമൂഹ്യ സാംസ്‌കാരിക സവിശേഷതകള്‍ പറഞ്ഞു തരാനാണ് ഈ കത്ത്. (വേഷം മാറി വന്നാ മതീട്ടോ. എത്ര മോശക്കാരനാണെങ്കിലും ഞങ്ങള് ആതിഥ്യമര്യാദ ഉള്ളവരാണെങ്കിലും വികാരജീവികളായ ആരെങ്കിലും ഉണ്ടെങ്കിലോ?)

അതെ അര്‍ണബ് ജീ, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെ. ഇന്നലെ താങ്കളുടെ ചാനലിലിരുന്ന് ” കേരളത്തിനെതിരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിക്കൂടേ ” എന്ന് ഒരു മാന്യ വനിത ചോദിച്ചത് ഞങ്ങളും അറിഞ്ഞു. താങ്കളുടെ ചാനലിന് ഇവിടെ കാഴ്ചക്കാരുണ്ടെന്നല്ല ഉദ്ദേശിച്ചത്. ഏറ്റവും കൂടുതല്‍ ബഹളമുണ്ടാക്കുന്നവര്‍ ജയിക്കുന്ന, താങ്കള്‍ റഫറിയായി അഭിനയിക്കുന്ന ആ കളി ഇന്നലെയുണ്ടാക്കിയ ശബ്ദമലിനീകരണകോലാഹലം ഇങ്ങ് വരെയെത്തിയതാണ്.

വളരെ നല്ലതാണ്. യുദ്ധത്തിന്റെ പേരു പറഞ്ഞാലേ വോട്ട് കിട്ടൂ, ദേശസ്‌നേഹം ഉണരൂ എന്നൊക്കെ മാത്രം അറിയാവുന്നവര്‍ക്ക് എപ്പൊഴും ആരോടെങ്കിലും യുദ്ധം ചെയ്തുകൊണ്ടേയിരിക്കണം. വേറെ ആളില്ലാതെ വരുമ്പൊ സ്വന്തം രാജ്യത്തിനെതിരെയും അവിടുത്തെ ജനങ്ങള്‍ക്കെതിരെയുമാകാം. ഒരു കാര്യത്തില്‍ നന്ദിയുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം ജനങ്ങള്‍ മാത്രമുള്ള ഈ കൊച്ച് സംസ്ഥാനത്തെ കൊച്ചുകൊച്ച് പഞ്ചായത്തുകളില്‍ കിടക്കുന്ന പൊട്ടും പൊടിയും പെറുക്കിയെടുത്ത് ഞങ്ങളുടെ രാഷ്ട്രീയം ബാക്കി ഇന്ത്യയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം തരുന്നതിന്.

ശരിക്ക് പറഞ്ഞാല്‍ ഇപ്പൊഴാണ് കേരളത്തിലേക്ക് വരാന്‍ പറ്റിയ സമയം. കേരളത്തിന്റെ ദേശീയോത്സവമായി ഞങ്ങള്‍ ആഘോഷിക്കുന്ന ഓണമാണ് വരാന്‍ പോകുന്നത്. ഒരു ഉത്സവം എങ്ങനെയാണ് വ്യത്യാസങ്ങള്‍ മറന്ന്, നാനാജാതിമതസ്ഥര്‍ ചേര്‍ന്ന് ആഘോഷിക്കുന്നതെന്ന് കണ്ട് പഠിക്കാന്‍ അതുപകരിക്കും.


Don”t Miss:ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം ഛേദിച്ച് പെണ്‍കുട്ടി; അഭിനന്ദനവുമായി പൊലീസ്


പണ്ട് കേരളം ഭരിച്ചിരുന്നു എന്ന് കരുതിയിരുന്ന മഹാബലിയുടെ ഓര്‍മ ഭൂരിപക്ഷം ആഘോഷിക്കുന്ന ആ സമയത്ത് മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്ന് കരുതുന്ന വാമനന്റെ ജയന്തി ആഘോഷിക്കുന്നവര്‍ക്കും ഇവിടെ സ്‌പേസ് ലഭിക്കുന്നുണ്ടെന്നത് ഒരുപക്ഷേ താങ്കള്‍ക്കൊരു ” സര്‍പ്രൈസ് ” ആയിരിക്കും.

അതെ, ഞങ്ങളെല്ലാരും ഒരുപോലല്ല. മതവും രാഷ്ട്രീയവും അടക്കം ഓരോ കൊച്ചു കാര്യങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷേ ഞങ്ങളില്‍ ഭൂരിഭാഗവും ആ വ്യത്യാസങ്ങളോടെ തന്നെ മറ്റുള്ളവരെ അംഗീകരിക്കാന്‍ മനസുള്ളവരാണ്. അങ്ങനെ ഒരു മനസുണ്ടായത് ഒന്നോ രണ്ടോ വര്‍ഷം കൊണ്ടല്ല അര്‍ണബ് ജീ.. അതറിയാന്‍ കേരളത്തിന്റെ ഇന്ന് വരെയുള്ള ചരിത്രം പഠിക്കേണ്ടിവരും. പക്ഷേ അര്‍ണബ് ജിയെ ആ ചരിത്രം പഠിക്കാന്‍ ഞങ്ങള്‍ സമ്മതിക്കൂല. കാരണം ചരിത്രം വളച്ചൊടിച്ചല്ലേ ജീയ്ക്ക് ശീലം.

ജീയ്ക്ക് ഇവിടെ പഠിക്കാന്‍ ഒരുപാടുണ്ടാകും. സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടൂതലായതും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതും ആരോഗ്യം എല്ലാവര്‍ക്കും പ്രാപ്യമായതും പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാന്‍ കയറിച്ചെല്ലാമെന്നതും എന്തുകൊണ്ടാണ് ലോകത്തെവിടെ ഏതുകോണില്‍ പോയാലും മലയാളി ഉണ്ടാകുന്നതെന്നുമെല്ലാം ജി പഠിക്കുമല്ലോ അറ്റ്‌ലീസ്റ്റ് ശ്രമിക്കുമല്ലോ.

അതായത് പറഞ്ഞുവരുന്നതെന്താണെന്നറിയാമോ ജീ… ഇവിടെ ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം കല്യാണം കഴിക്കുന്നതും മുസ്‌ലിം പെണ്‍കുട്ടിയെ ഹിന്ദു കല്യാണം കഴിക്കുന്നതും മാത്രമല്ല നടക്കുന്നത്. മതങ്ങളിലെല്ലാമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും വിവാഹിതരാവാറുണ്ട്.

ഒട്ടു മിക്കയിടങ്ങളിലും നടക്കുന്നത് പോലെ മതവും ജാതിയും ഏതായാലും മാതാപിതാക്കള്‍ക്ക് വിഷമമുണ്ടാകാറുണ്ട്. പിണങ്ങാറുണ്ട്. ചിലര്‍ കുറച്ച് കാലം കഴിയുമ്പൊ എല്ലാം മറന്ന് ഒന്നിക്കുന്നു. ചിലര്‍ ആ ദേഷ്യവുമായി മരിക്കുന്നു. ഇവിടെ ഞങ്ങള്‍ അതിനു പറയുന്ന പേരു പ്രണയ വിവാഹമെന്നാണ്.

അല്ലാതെ മതം അനുസരിച്ച് ലൗ ജിഹാദെന്നും ലൗ കുരുക്ഷേത്രയെന്നും ലവ് കുരിശുയുദ്ധമെന്നുമൊക്കെ പേരു കൊടുക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ആ സ്റ്റോറി അറിയാത്തതുകൊണ്ടല്ല ജി യുടെ ഈ ആവേശമെന്നറിയാം. ചുമ്മാ ഒരു പേച്ചുക്ക് സൊന്നേന്‍.

പിന്നേ, ജീ ഒരു പ്രായപൂര്‍ത്തിയായ ആള്‍ എന്ത് ചെയ്യണമെന്ന് അയാള്‍ തീരുമാനിക്കുന്നതല്ലേ ശരി? അതിനു വലിയ വലിയ പൊളിറ്റീഷ്യന്മാരെയും ബ്യൂറോക്രാറ്റുകളെയും ജേര്‍ണലിസ്റ്റുകളെയുമൊക്കെ ബഹളം വച്ച് തോല്‍പ്പിക്കുന്ന ജി ഇറങ്ങുന്നതും ഒരു വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതുമൊക്കെ കുറച്ചിലല്ലേ?
ബൈ ദ ബൈ അര്‍ണബ് ജീ..

ജി വലിയ രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ടാകും..
വലിയ പത്രപ്രവര്‍ത്തകരെ കണ്ടിട്ടുണ്ടാകും..
വലിയ ബ്യൂറോക്രാറ്റുകളെ കണ്ടിട്ടുണ്ടാകും..

പക്ഷേ മലയാളികളെ അധികം കണ്ടിട്ടുണ്ടാവില്ല. കേരളവും.. അതിന്റെ കുഴപ്പമാണ്.

പിന്നെ ജി ഇന്റര്‍വ്യൂവും ഡിബേറ്റുമൊക്കെ നടത്തുമ്പൊ അമ്മായിയമ്മ – മരുമകള്‍ സീര്യലിന്റെ ഇമോഷണല്‍ ഡ്രാമ വിട്ട് ശാന്തമായി പറഞ്ഞാലും ആള്‍ക്കാര്‍ക്ക് കാര്യം മനസിലാകും. നമ്മുടെ യോഗി ജിയും മോദി ജിയുമൊക്കെ ആയി നടത്തിയ അഭിമുഖങ്ങള്‍ പോലെ…

വേറൊന്നും കൊണ്ടല്ല…ജി ബഹളം വയ്ക്കുന്നത് കണ്ട് ഇവിടേം കുറച്ചുപേര്‍ പഠിച്ചുവരുന്നുണ്ട്. അതോണ്ടാണ്..
അപ്പൊ
നിര്‍ത്തട്ടെ…
Welcome to Kerala
Nice to meet you.

We use cookies to give you the best possible experience. Learn more