| Monday, 3rd June 2019, 9:15 pm

പുര കത്തുമ്പോള്‍ വാഴ വെട്ടാനിറങ്ങരുതെന്ന് കെ സുരേന്ദ്രനോട് ഡോക്ടര്‍; ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിപ്പ ഭീതി നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ വൈറോളജി ലാബിന്റെ പേരില്‍ സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും വിമര്‍ശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ഒരു ഡോക്ടര്‍. ഇന്‍ഫോ ക്ലിനിക് കൂട്ടായ്മയിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ആണ് സുരേന്ദ്രന് മറുപടി നല്‍കിയത്.

ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്നും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സുരേന്ദ്രനോട് നെല്‍സണ്‍ ജോസഫ് ആവശ്യപ്പെട്ടു.
പുര കത്തുന്നെന്ന് ഫ്‌ലാഷ് ന്യൂസ് കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്നും നെല്‍സണ്‍ സുരേന്ദ്രനോട് പറഞ്ഞു.

നെല്‍സണ്‍ ജോസഫിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട കെ.സുരേന്ദ്രൻ ജീ,

താങ്കളുടെ പോസ്റ്റ് വായിക്കുവാനിടയായി.

തീർച്ചയായും, കഴിഞ്ഞ വർഷം ജനങ്ങളുടെയിടയിൽ അത്യധികം ഭീതിയും പരിഭ്രാന്തിയും വിതച്ച ഒരു രോഗമാണ് നിപ്പ. ഒരു പരിധി വരെ അതിനു കാരണം അജ്ഞതയും അബദ്ധസന്ദേശങ്ങളുമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

25 പേരിൽ താഴെ മാത്രം മരണമുണ്ടായ നിപ്പയ്ക്ക് വർഷം നാലായിരം പേർ മരിക്കുവാനിടയാവുന്ന, എല്ലാ വർഷവും ആവർത്തിക്കുന്ന വാഹനാപകടങ്ങളെക്കാൾ നൂറിരട്ടി ഭീതി പരത്താൻ കഴിയുന്നുവെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താൻ എന്നെ പ്രേരിപ്പിച്ചത്.

തികച്ചും അപരിചിതമായ ഒരു രോഗമായിരുന്നു അന്ന് അത് എന്ന വാസ്തവം കണ്ണടച്ചാൽ മാറുന്നതല്ല. അപരിചിതത്വം ഉണ്ടായിരുന്നിട്ടുതന്നെ ഫലപ്രദമായി അതിനെ പ്രതിരോധിക്കാനും തടയാനും കഴിഞ്ഞത് ആരോഗ്യവകുപ്പിൻ്റെയും വിവിധ തലത്തിലെ ആരോഗ്യപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്.

കേരളം നമ്പർ വൺ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണ്

പകർച്ചവ്യാധികൾ പോലെയുള്ള സാഹചര്യമുണ്ടാവുമ്പോൾ ശരിയായ വിവരങ്ങൾ മാത്രം നൽകുവാനും ഊഹാപോഹങ്ങൾ ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതുന്നത് അവിടെയാണ്.

സ്വഭാവികമായും ഒരു തവണ ഒരു രോഗത്തിൻ്റെ സാന്നിദ്ധ്യമുണ്ടായാൽ സമാന ലക്ഷണങ്ങൾ കാണുമ്പോൾ ആരോഗ്യപ്രവർത്തകർ ആ രോഗത്തിൻ്റെ സാന്നിദ്ധ്യം സംശയിക്കും. അതിനർഥം രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്നോ എല്ലാം ഇന്ന് അവസാനിക്കുമെന്നോ അല്ല.

ഇനിയും നിപ്പ വന്നാൽ തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് കരുതേണ്ടതെന്നതിൻ്റെയും വ്യക്തമായ രൂപരേഖ നമ്മുടെ മുന്നിലുണ്ട്. ലക്ഷണങ്ങളും പ്രതിരോധമാർഗങ്ങളുമുണ്ട്. സ്വീകരിക്കേണ്ട മുൻ കരുതലുകളുണ്ട്.

ആരോഗ്യവകുപ്പ് അവർ സ്വീകരിച്ച മുൻ കരുതലുകൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിപ്പ കഴിഞ്ഞ തവണ ചികിൽസിച്ച് പരിചയമുള്ള ഡോക്ടർമാർ എറണാകുളത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.

ദയവ് ചെയ്ത് അനാവശ്യ പരിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കരുത്.
ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്ന് മനസിലാക്കുമല്ലോ..

പുര കത്തുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌ കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്‌

ഊഹാപോഹങ്ങൾ കാട്ടുതീ പോലെയാണ്. പെട്ടെന്ന് പടരും, നാശനഷ്ടങ്ങളുണ്ടാക്കും. ദയവു ചെയ്ത് മനസിലാക്കുക..

താങ്കൾക്ക്‌ ജനങ്ങളെക്കുറിച്ച്‌ ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ ആരോഗ്യവകുപ്പ്‌ നൽകുന്ന നിർദേശങ്ങൾ അവരെ അറിയിക്കുക

നന്ദി


 

We use cookies to give you the best possible experience. Learn more