കൊച്ചി: ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയേക്കാള്‍ കഷ്ടമാണ് ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവരെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.
ഷവര്‍മ, കുഴിമന്തി എന്നീ അറബി ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കേരളത്തിന്റെ തനത് ശൈലിയിലേക്ക് തിരികെ പോകുക എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നതെന്നും, ബാക്ടീരിയ ഭക്ഷണത്തിന്റെ പേര് നോക്കിയിട്ടല്ല കയറിയിരിക്കുന്നതും ടോക്‌സിന്‍ ഉണ്ടാക്കുന്നതെന്നും നെല്‍സണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഭക്ഷണം ഉണ്ടാക്കുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യത്തിനു ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഏത് ഭക്ഷണവും പ്രശ്‌നമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. പക്ഷേ ഇത്തരം പ്രചാരണങ്ങള്‍ നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണെന്നും നെല്‍സണ്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.
നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായും ചിലരെത്തി.
‘വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഉണ്ടാക്കി ആളെ കൊല്ലുന്ന ഹോട്ടലുകളും അതിനെതിരെ കണ്ണടക്കുന്ന ഉദ്യോഗസ്ഥരുമാണ് കാരണക്കാര്‍ അല്ലാതെ അറബിയും അറബിക് ഭക്ഷണവുമല്ല.
ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും ഒന്നും ഷവര്‍മയും മന്തിയും ഒന്നും കഴിച്ച് ആരും മരണപ്പെടുന്നില്ല.
ഞങ്ങള്‍ രാജ്യ സ്‌നേഹികള്‍ ഇനി അറബിക് ഫുഡുകള്‍ ബഹിഷ്‌കരിക്കും. പകരം ചാണകവും ഗോ മൂത്രവും മൂന്നുനേരം സേവിക്കും,’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്.
സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത്.
കഴിഞ്ഞ മാസം 29ന് കോട്ടയത്തും ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രശ്മി രാജ് (32) ആണ് മരിച്ചത്. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാമാണ് രശ്മി കഴിച്ചത്. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേല്‍ക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി അറബിക് ഭക്ഷണങ്ങള്‍ കൊടുക്കുന്ന ഹോട്ടലുകള്‍ ബഹിഷ്‌കരിക്കണം എന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായത്.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.
ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയൊക്കെ എന്ത്
ഇത് അതിനെക്കാള്‍ കഷ്ടമാണ്.
‘ഷവര്‍മ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങള്‍ ഒഴിവാക്കുക…
കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക… ‘
അതില്‍ ഷവര്‍മയും കുഴിമന്തിയും അറബിക് ഉം ഹൈലൈറ്റ് ചെയ്തു കൊടുത്തിരിക്കുന്നു.
പിന്നേ, ബാക്ടീരിയ ഭക്ഷണത്തിന്റെ പേര് നോക്കിയിട്ടാണല്ലോ കയറിയിരിക്കുന്നതും ടോക്‌സിന്‍ ഉണ്ടാക്കുന്നതും.
ഭക്ഷണം ഉണ്ടാക്കുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യത്തിനു ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഏത് ഭക്ഷണവും പ്രശ്‌നമുണ്ടാക്കാം.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉണ്ടായാല്‍ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിനു പല രീതിയിലും ഹാനികരമാവാം.
അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളം കലക്കലുകള്‍.
ഒരാള്‍ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ.
ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്.
അതവിടെ നിക്കട്ട്..
എന്താ കേരളത്തിന്റെ ഈ ‘തനത്’ ഭക്ഷണം?