സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ നേടിയ ഡോ. മുക്‌വെഗിനെ “ഡോ. മിറാക്കിള്‍” എന്നാണ് കോങ്‌ഗോയിലെ ജനങ്ങള്‍ വിളിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ മുറിവുകള്‍ ഉണക്കുന്നതില്‍ ഡോ. മുക്‌വെഗ് കാണിക്കുന്ന മികവിന് ജനങ്ങള്‍ നല്‍കിയ പേരാണത്.
20 വര്‍ഷം മുന്‍പ് യുദ്ധ ഭൂമിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ട യുവതിയെ ചികിത്സിച്ചതിന് ശേഷമാണ് മുക്‌വെഗ് കോങ്‌ഗോയില്‍ പാന്‍സി എന്ന് ആശുപത്രി സ്ഥാപിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതിന് പുറമേ ആ യുവതിയുടെ ജനനേന്ദ്രിയത്തിലും തുടയിലും വരെ ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയിരുന്നുവെന്ന് മുക്‌വെഗ് ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അദ്ദേഹത്തിന്റെ പാന്‍സി എന്ന ആശുപത്രിയില്‍ പ്രതിവര്‍ഷം ഏതാണ്ട് 3500 ലധികം രോഗികളെ ചികിത്സിക്കുന്നുണ്ട്. ഡോക്ടര്‍ നേരിട്ട് 10 സര്‍ജറി വരെ നടത്താറുണ്ട് എന്ന് ജീവനക്കാര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോട്ട് ചെയ്യുന്നു.
“കോങ്‌ഗോയിലെ കലാപം സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ളതാണ്. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ഇവിടെ ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ്” എന്നും മുക്‌വെഗ് ബി.ബി.സി യോട് പറഞ്ഞു.
2012 സെപ്തംബറില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് കാലിബക്കെതിരെ യു.എന്നില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് മുക്‌വെഗിന്റെ വീട് ആക്രമിക്കപ്പെടുകയും അദ്ദേഹത്തെ യൂറോപ്പിലേക്ക് നാടുകടത്തുകയുമുണ്ടായി. 2013 ല്‍ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കോങ്‌ഗോയിലെ സ്ത്രീകള്‍ നടത്തിയ ക്യാമ്പയിനിലൂടെ മുക്‌വെഗിന്റെ റിട്ടേണ്‍ ടിക്കറ്റിനുള്ള പണം സ്വരൂപിക്കുകയും അതേ വര്‍ഷം അദ്ദേഹം തിരിച്ചു വരികയും ചെയ്തു.