തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ്. ഹര്‍ഷവര്‍ധന്റെ പരാമര്‍ശം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ പഠിച്ചിട്ടു വേണം പറയാനെന്നും സാമൂഹിക നീതി വകുപ്പ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ വിമര്‍ശിച്ചു.
‘ ഹര്‍ഷവര്‍ധന്‍ എന്ന ഒരു രാഷ്ട്രീയക്കാരന് എന്തും പറയാം. എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍,’ ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒപ്പം സംശയമുണ്ടെങ്കില്‍ മന്ത്രിക്ക് ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരോട് ചോദിക്കാമെന്നും ഒരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റി നിര്‍ത്താനും മുഹമ്മദ് അഷീല്‍ ആവശ്യപ്പെട്ടു.
Harsh Vardhan എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം but കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി…
സണ്‍ഡേ സംവാദ് എന്ന പരിപാടിക്കിടെയായിരുന്നു കേന്ദ്രആരോഗ്യ മന്ത്രി കേരളത്തെ വിമര്‍ശിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കൂടാതെ ടെസ്റ്റുകളുടെ കാര്യത്തിലും വന്‍ വീഴ്ചയുണ്ടായെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
നിലവില്‍ കേരളം, കര്‍ണ്ണാടക, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതുതായി കൊവിഡ് കേസുകള്‍ ഉയരുന്നത്. ഈ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.