| Wednesday, 30th March 2022, 4:25 pm

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: ചില നിരീക്ഷണങ്ങള്‍

ഡോ. മാത്യു ജോസഫ് ചെങ്ങളവന്‍

ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്ര വലുതാണ് എന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളെല്ലാം റദ്ദാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം.

പരീക്ഷയെഴുതാനുള്ള കടലാസും മഷിയും ലഭ്യമാക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് പരീക്ഷകള്‍ റദ്ദാക്കേണ്ടി വന്നത്. ഇന്ധനക്ഷാമം അതിരൂക്ഷമാണിപ്പോള്‍. പവര്‍കട്ടുകള്‍ ദിവസേന ഏഴ് മണിക്കൂര്‍ വരെ ദീര്‍ഘമാണ്. എല്ലാ അവശ്യവസ്തുക്കളുടെയും വില കുതിച്ചുയരുകയാണ്. ശ്രീലങ്കന്‍ നാണയമായ രൂപയുടെ മൂല്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍ (1 ഡോളര്‍ = 290 ശ്രീലങ്കന്‍ രൂപ).

സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമായി തീര്‍ന്ന ജനജീവിതം സാധാരണ നിലയിലാക്കാന്‍ രാജ്യം ഭരിക്കുന്ന ഗോതബയ രജപക്സെയുടെ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് തയ്യാറായി കഴിഞ്ഞു. ശ്രീലങ്കയിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള റാലികളും സമ്മേളനങ്ങളും നടന്നുവരികയാണ്. ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രജപക്സെ കുടുബം നയിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍.

ഇത്രയും വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്ക എത്തിപ്പെട്ടത് എങ്ങനെയാണ് എന്നുള്ളത് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു. വളരെ പെട്ടന്നുണ്ടായ പ്രതിസന്ധിയല്ല ഇപ്പോള്‍ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലാണുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്ര നാണ്യനിധി (IMF) പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

എന്നാല്‍ സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു. അന്താരാഷ്ട്ര നാണ്യനിധി പോലുള്ളവയില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ താല്‍പര്യപ്പെട്ടത് ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വായ്പ വാങ്ങുന്നതാണ്. രജപക്സെ കുടുബത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നു ഈ നിലപാടിന് പിന്നില്‍. ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായ വൈകിയ വേളയില്‍ വായ്പക്കായി അന്താരാഷ്ട്ര നാണ്യനിധിയെ അഭയം പ്രാപിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

കൊവിഡ് 19 മഹാമാരി ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യവരുമാനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാര മേഖല കൊവിഡ് മഹാമാരി മൂലം നിശ്ചലമായി. കൂടാതെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്ത് തിരികെയെത്താനും കാരണമായി. രാജ്യത്തെ ആഭ്യന്തര തൊഴില്‍ മേഖലയും സ്തംഭിക്കാന്‍ കൊവിഡ് നിമിത്തമായി.

ഇതിനെല്ലാം പുറമെയാണ് രാജ്യമാകെ ജൈവകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം. ഈ തീരുമാനം ഭക്ഷ്യവസ്തുക്കളുടേയും തേയിലയുടേയും ഉല്‍പാദനക്കുറവിന് വഴിവച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനമാന്ദ്യം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിതരണ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപിക്കാന്‍ കാരണമായി.

വായ്പകള്‍ തിരിച്ചടക്കാനും രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായ സാധുതയുള്ളതാക്കി നിലനിര്‍ത്താനും ഉപകരിക്കേണ്ട നാണ്യ കരുതല്‍ശേഖരം വലിയ അളവില്‍ കുറയുന്നതിന് മേല്‍സൂചിപ്പിച്ച സാമ്പത്തിക സ്ഥിതി കാരണമായി. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ടി വന്നത് മൂലം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു.

ഈ വിഷമവൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ പണമടിച്ചിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പണമടിച്ചിറക്കാന്‍ തുടങ്ങിയതോടെ പണപെരുപ്പം നിയന്ത്രണാതീതമായി വളര്‍ന്നു. രാജ്യം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി വീണു.

ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി ഇത്രയും ഗുരുതരാവസ്ഥയില്‍ എത്തിച്ചതില്‍ രജപക്സെ കുടുബത്തിന്റെ പങ്ക് കുറച്ചുകാണാനാവില്ല. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്സെയും, ഇപ്പോഴത്തെ പ്രസിഡന്റ് ഗോതബയ രജപക്സെയും, ധനകാര്യ മന്ത്രി ബേസില്‍ രജപക്സെയും നയിക്കുന്ന രജപക്സെ കുടുബമാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത്.

ശ്രീലങ്കന്‍  പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയും സഹോദരനും  പ്രസിഡന്റുമായ ഗോതബയ രജപക്‌സെയും

ചൈനയും ജപ്പാനുമടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാങ്കേതിക ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് രജപക്സെ കുടുംബമാണ്. രജപക്സെ കുടുബം രാജ്യത്തിനകത്തും പുറത്തും സ്വരുക്കൂട്ടിയ സമ്പത്തും, അവരുടെ അനുചരവൃന്ദങ്ങള്‍ നടത്തുന്ന അഴിമതിയും രാജ്യത്തെ ഇത്രയും ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

തമിഴ്പുലികളെ അമര്‍ച്ച ചെയ്യുന്നതില്‍ രജപക്സെ കുടുബം വഹിച്ച പങ്കാണ് അവര്‍ക്ക് ശ്രീലങ്കന്‍ സമൂഹത്തിനുള്ളില്‍ ലഭിച്ച സ്വീകാര്യതക്കും രാഷ്ട്രീയ സാധുതക്കും കാരണം. ദേശസുരക്ഷയെ കേന്ദ്രീകരിച്ചുള്ള രജപക്സെ കുടുബത്തിന്റെ രാഷ്ട്രീയം വര്‍ഗീയവല്‍ക്കരിക്കുന്നതിലും സൈനികവല്‍ക്കരിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. സ്വതവേ സജീവമായ ശ്രീലങ്കന്‍ പൗരസമൂഹത്തിന്റെ ആന്തരികോര്‍ജം ചോര്‍ത്തിക്കളയുന്നതില്‍ ദേശസുരക്ഷയെ കേന്ദ്രമാക്കിയുള്ള രജപക്സെ കുടുബത്തിന്റെ രാഷ്ട്രീയം കേന്ദ്രസ്ഥാനം വഹിച്ചിട്ടുണ്ടെന്ന് കാണാം.

ഭരണകൂട ശക്തികളെ വളര്‍ത്തുന്നതിലും അവയെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിലും രജപക്സെ സഹോദരങ്ങള്‍ക്ക് ഒരിക്കലും കുറ്റസോധമുണ്ടായിരുന്നില്ല.

ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പൗരസമൂഹം മാന്ദ്യം വെടിഞ്ഞ് പ്രക്ഷോഭപാതയില്‍ അണിനിരക്കാന്‍ തയ്യാറായത് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നുള്ളതില്‍ സംശയമില്ല. ശ്രീലങ്കയുടെ സഹായാഭ്യര്‍ത്ഥനയോട് ഇന്ത്യയും ചൈനയും തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇന്ത്യ 2.4 ബില്യണ്‍ ഡോളറും ചൈന 2.5 ബില്യണ്‍ ഡോളറും സഹായമായി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് സൂചിപ്പിച്ചത് പോലെ അന്താരാഷ്ട്ര നാണ്യനിധിയേയും ശ്രീലങ്ക വായ്പക്കായി സമീപിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ അനുഭവം എല്ലാ വികസ്വര മൂന്നാം ലോക രാജ്യങ്ങള്‍ക്കും ഒരു പാഠമാകേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാക്കുന്ന ഉപഭോഗത്വരയേറിയ മൂന്നാം ലോക വികസ്വര രാജ്യങ്ങള്‍ കരകയറാനാകാത്തവണ്ണം കടക്കെണിയില്‍പ്പെടും എന്നുള്ളത് നിസ്തര്‍ക്കമാണ്.

മികച്ച ധനകാര്യ മാനേജ്മെന്റിന് തയ്യാറാകാതെ അഴിമതിയും കെടുകാര്യസ്ഥതയും വളരുന്ന സാഹചര്യത്തില്‍ ഇത്തരം രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയും പ്രതിച്ഛായയും തകരാറിലാകും. ഈ അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത്തരം രാജ്യങ്ങളില്‍ ജനാധിപത്യാധിഷ്ഠിതവും സുതാര്യവുമായ ഭരണവ്യവസ്ഥയും സജീവമായ ഒരു പൗരസമൂഹവും ഉണ്ടാകേണ്ടതുണ്ട്.

Content Highlight: Dr. Mathew Joseph Chengalavan on Sri Lanka crisis and the reasons behind it

ഡോ. മാത്യു ജോസഫ് ചെങ്ങളവന്‍

ന്യൂദല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാലയിലെ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പ്രൊഫസര്‍

We use cookies to give you the best possible experience. Learn more