| Monday, 20th January 2020, 3:26 pm

വീട്ടില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന മരുന്ന് 5000 രൂപ കൊടുത്തും മലയാളി വാങ്ങിക്കും; വ്യാജ മരുന്ന് വില്‍പ്പനയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

Manoj Vellanad

വീടുകള്‍ തോറും കയറിയിറങ്ങി മരുന്ന് വില്‍ക്കുന്ന ഏതോ ഒരുത്തന്റെ കൈയീന്ന് മരുന്നെന്നും പറഞ്ഞ് അയാള്‍ കൊടുത്ത എന്തൊക്കെയോ കഴിച്ച് 100 പേരോളം ആശുപത്രിയിലാണെന്ന് വാര്‍ത്ത. വാര്‍ത്ത കേള്‍ക്കുമ്പോ, നമ്മള്‍ വിചാരിക്കും അത് യു.പിയിലോ ബീഹാറിലോ ആണെന്ന്. നമ്മളത്രയ്ക്ക് മണ്ടന്മാരല്ലാന്ന് നമുക്ക് ഭയങ്കര ആത്മവിശ്വാസമാണല്ലോ. സംഭവം നമ്മുടെ നാട്ടില്‍ തന്നെ. കൊല്ലം, അഞ്ചലില്‍.

2-3 മാസം മുമ്പ് അഞ്ചലില്‍ തന്നെ വീടുകള്‍ തോറും തൈറോയ്ഡ് ഗുളികകള്‍ വില്‍ക്കാന്‍ വന്നൊരാളെ പറ്റി സുഹൃത്ത് വിനീത് പറഞ്ഞിരുന്നു. അതിനെ പറ്റി വിശദമായൊരു കുറിപ്പ് അന്നെഴുതിയിരുന്നു. ഇനിയെങ്ങനൊരാളെ കണ്ടാലെന്ത് ചെയ്യണമെന്നൊക്കെ അതിലുണ്ടായിരുന്നു.

കഷ്ടമാണ് ചിലപ്പോഴൊക്കെ നമ്മുടെ കാര്യം. നമ്മളൊക്കെ എന്തൊരു മണ്ടന്മാരാണെന്ന് ഇടയ്‌ക്കെങ്കിലും സ്വയം ചോദിക്കുന്നതും നല്ലതാണ്. കമ്പിളിപ്പുതപ്പും കാര്‍പ്പറ്റും വില്‍ക്കാന്‍ വരുന്നവരെ പോലും സംശയത്തോടെ നോക്കുന്ന മലയാളിക്ക്, 5000 രൂപയുടെ മരുന്ന് വില്‍ക്കാന്‍ വീടുകള്‍ കയറിയിറങ്ങുന്ന ഫ്രോഡുകളെ ഭയങ്കര വിശ്വാസമാണ്.

അവിടെ കാശവര്‍ക്ക് പ്രശ്‌നമില്ലാ. ഇതു മരുന്നാണോന്നോ എന്തിനുള്ളതാണെന്നോ കഴിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോന്നോ, ഒന്നിലും ഒരു സംശയവുമില്ലാ. കുട്ടികള്‍ക്കു വരെ കലക്കിക്കൊടുക്കും. കഴിച്ചുകൊണ്ടിരുന്ന പ്രമേഹത്തിന്റേം പ്രഷറിന്റേം തൈറോയിഡിന്റേം മരുന്നുകളെടുത്ത് കിണറ്റിലിട്ടിട്ടായിരിക്കും ഈ സാഹസമൊക്കെ.

എത്രയൊക്കെ അനുഭവങ്ങള്‍ ആര്‍ക്കൊക്കെ ഉണ്ടായെന്ന് പറഞ്ഞാലും അതു വാര്‍ത്തയായാലും, ഈ കുറിപ്പ് നിങ്ങള്‍ വായിക്കുന്ന ഈ നേരത്തും, മരുന്നു വില്‍ക്കാന്‍ വന്ന ഏതെങ്കിലും ഫ്രോഡിനെ കേരളത്തിലെവിടേങ്കിലും ആരെങ്കിലും സല്‍ക്കരിക്കുകയായിരിക്കും.
തട്ടിപ്പിനിവിടെ ഗംഭീര മാര്‍ക്കറ്റാണല്ലോ ഉള്ളത്.

കാശുള്ള ഫ്രോഡുകള്‍ പത്രത്തില്‍ പരസ്യം നല്‍കി ആളെ പറ്റിക്കുന്നു, അത്രയ്ക്കും കാശില്ലാത്ത ഫ്രോഡുകള്‍ വീടുകള്‍ കയറിയിറങ്ങി ആള്‍ക്കാരെ പറ്റിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍, ആദ്യം പറഞ്ഞ ആള്‍ക്കാരെല്ലാം പണ്ട് രണ്ടാമത്തെ ആള്‍ക്കാരെ പോലെ കവലകളിലും വീടുകളിലും മരുന്നു കച്ചവടം നടത്തിയിരുന്നവര്‍ ആയിരുന്നെന്നു കൂടി കാണാം.

സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ അനുഭവിക്കുക തന്നെ.

എന്നാലും നമ്മള്‍ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ ഒരിക്കല്‍ കൂടി പറയാമെന്ന് കരുതി (ഇതെത്രാമത്തെ വട്ടമാണെന്ന് എനിക്കറിയില്ല!)

1.ഇങ്ങനെ വീടുകള്‍ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക. അവര്‍ 100% ഫ്രോഡുകളായിരിക്കും. അവരുടെ വാക്ചാതുരിയിലും പൊടിപ്പും തൊങ്ങലും നിറഞ്ഞ വാഗ്ദാനങ്ങളിലും വീഴാതിരിക്കുക.

2. സ്വന്തം കാര്യത്തിനപ്പുറം അല്‍പ്പം കൂടി ജാഗ്രത നമ്മളവിടെ കാണിക്കണം. നമ്മള്‍ രക്ഷപ്പെട്ടല്ലോന്ന് കരുതി മിണ്ടാതിരിക്കാതെ, അടുത്ത വീടുകളില്‍ കൂടി ഒരു ജാഗ്രത നിര്‍ദ്ദേശം കൊടുക്കണം.

3. അവര്‍ നിങ്ങളെ പറ്റിച്ച് നിങ്ങളുടെ കാശ് മാത്രമല്ല കവരുന്നത്. നിങ്ങടെ രോഗത്തിന് ശരിയായ ചികിത്സയെടുക്കുന്നത് തന്നെ അവര്‍ വിലക്കുകയാണ്. എന്നിട്ട് മറ്റെന്തോ ആണ് മരുന്നെന്നും പറഞ്ഞ് തരുന്നത്. നിങ്ങളുടെ ആരോഗ്യവും ചിലപ്പോള്‍ ജീവനും കൂടിയവര്‍ കവര്‍ന്നെടുത്തേക്കാം.

4. മറ്റൊന്നുകൂടി നിങ്ങള്‍ക്കീ കാര്യത്തില്‍ ചെയ്യാനുണ്ട്. ഇത്തരക്കാരെ കണ്ടു കഴിഞ്ഞാല്‍ അവരുടെയും അവര്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ഉല്‍പ്പന്നത്തിന്റെയും ഫുള്‍ ഡീറ്റെയില്‍സും ചോദിച്ചു വാങ്ങുക. എന്നിട്ടത് കേരള ഡ്രഗ് കണ്‍ട്രോളര്‍ക്ക് (dckerala@gmail.com) മെയിലായി അയക്കുക. Capsule Kerala (capsulekerala@gmail.com) യ്ക്ക് കൂടി ആ മെയിലിന്റെ കോപ്പി അയച്ചാല്‍ അവരത് കൃത്യമായി ഫോളോ അപ്പ് ചെയ്‌തോളും. നിങ്ങളതിന്റെ പിറകേ പോവുകയൊന്നും വേണ്ടാ.

5. മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഒരുത്തരവുണ്ട്. അതിത്തരം ഫ്രോഡ് മരുന്നുകളുടെ അനധികൃത പരസ്യങ്ങള്‍ തടയണമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അതന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കണമെന്നുമാണ്. പക്ഷെ പരസ്യങ്ങള്‍ മാത്രമല്ലാ, മീന്‍ വില്‍ക്കാന്‍ വരുന്നപോലെ വീടുകളില്‍ മരുന്ന് വില്‍ക്കാന്‍ വരുന്ന പ്രവണതയും തടയേണ്ടതും നിയമപരമായി നേരിടേണ്ടതുമാണ്. അത് നമ്മളോരോരുത്തരും വിചാരിച്ചാല്‍ നടക്കും. മേല്‍പ്പറഞ്ഞ പോലെ ചെയ്താ മതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയപ്പെട്ടവരേ, നമ്മുടെ വീടുകളില്‍ കമ്പിളിപ്പുതപ്പും നോണ്‍ സ്റ്റിക്ക് ടവയും വില്‍ക്കാന്‍ വരുന്നവരില്‍ നിന്നൊക്കെ രണ്ടും കല്‍പ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും. നിങ്ങള്‍ക്ക് രോഗമുണ്ടെങ്കില്‍ അതിന്റെ ശരിയായ ചികിത്സ ആ മേഖലയില്‍ അറിവുള്ളവരില്‍ നിന്ന് മാത്രേ സ്വീകരിക്കാവൂ. ഒരു കാര്യം മാത്രം ഓര്‍ത്താ മതി, അറിവുള്ളവരാരും ഇവിടെ രോഗിയുണ്ടോ എന്ന് തിരക്കി വീടുതെണ്ടി നാടുനീളെ നടക്കാറില്ല. സോ, ജാഗ്രതൈ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Manoj Vellanad

ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

We use cookies to give you the best possible experience. Learn more