| Wednesday, 25th May 2022, 5:30 pm

ഗ്യാന്‍വാപി മസ്ജിദും ഔറംഗസീബിന്റെ ഭൂതവും

ഡോ. മാളവിക ബിന്നി

ദല്‍ഹിയിലെ ജഹാംഗീർപുരിയിൽ മുസ്‌ലിം വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുപൊളിച്ച് കളയവേ വാരണാസിയില്‍ ജഹാംഗീറിന്റെ പൗത്രനായ ഔറംഗസേബ് നിര്‍മിച്ചു എന്ന് പറയപ്പെടുന്ന ഗ്യാന്‍വ്യാപി മസ്ജിദിന്റെ പരിസരത്തു നിന്നു കണ്ടെടുത്ത ശിവലിംഗത്തോടു സാദൃശ്യമുള്ള പുരാവസ്തു കണ്ടെടുക്കപ്പെടുന്നത് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുസ്‌ലിം വിരുദ്ധതയുടെ രണ്ട് നേര്‍ക്കാഴ്ചകളാണ് തുറന്നുകാണിച്ചത്.

ഗ്യാൻവാപി മസ്ജിദിൽ നിന്ന് ഇപ്പോൾ കണ്ടെടുത്തത് ശിവലിഗം തന്നെയാണോ? മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് എന്തിനായിരിക്കാം അമ്പലം പൊളിച്ച് മാറ്റിയത്? വലതുപക്ഷ സൈബര്‍ പോരാളികള്‍ വാദിക്കും പോലെ ഒരു ഹിന്ദു വിരുദ്ധനായ മതമൗലികവാദിയായിരുന്നോ ഔറംഗസേബ്? ഈ ചോദ്യങ്ങളുടെയൊക്കെ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനം.

കേരളത്തിലെ കോട്ടയിൽ കോവിലകം എന്ന സ്ഥലത്തിന് സമാനമായിട്ടാണ് വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദും കാശി വിശ്വനാഥ് ക്ഷേത്രവും നിലകൊള്ളുന്നത്. പ്രക്ഷുബ്ധമായ ഒരു ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ മണ്ണില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയ കര്‍സേവകിന്റെ മുദ്രാവാക്യമായ ‘രാം മന്ദിര്‍ തോ ത്സാങ്കി ഹേ, കാശി മധുരാ ബാക്കി ഹേ’ (രാമക്ഷേത്രം നമ്മള്‍ കണ്ടുതുടങ്ങി ഇനിയടുത്ത ലക്ഷ്യം കാശിയും മധുരയുമാണ്) എന്ന പ്രതിധ്വനി ഇപ്പോള്‍ കേള്‍ക്കാം. അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് മുദ്രവാക്യങ്ങളുമായി ഇതിന് ഏറേ സാമ്യമുണ്ട്.

മസ്ജിദിന്റെ പുറം ചുവരിനോട് ചേര്‍ന്നുള്ള ശൃംഗാര ഗൗരി, ഹനുമാന്‍, നന്ദി, എന്നീ രൂപങ്ങളെ ആരാധിക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ കേസില്‍, 2021 ഏപ്രില്‍ 18ലെ വാരാണസി സിവില്‍ കോടതിയുടെ വിധിപ്രകാരം അജയ് കുമാര്‍ എന്ന ജുഡിഷ്യല്‍ ഉദ്യോഗസ്ഥനെ അഡ്വക്കറ്റ് കമ്മീഷണറായി നിയമിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നുള്ള വീഡിയോ സര്‍വേയില്‍ മസ്ജിദിന്റെ വസൂഖാനയില്‍ നിന്നും ശിവലിംഗത്തോടു സാദൃശ്യമുള്ള ഒരു പുരാവസ്തു കണ്ടതായി രേഖപ്പെടുത്തി. അന്‍ജുമാന്‍ ഇനാസാനിയ മസ്ജിദ് കമ്മിറ്റിയുടെ വാദത്തില്‍ ഇത് ശിവലിംഗമല്ല മറിച്ച്, ഒരു ജലധാര (fountain) ആണ്.

നിലവിലുള്ള വീഡിയോ സര്‍വേയുടെ ലഭ്യമായ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇതൊരു ജലധാര തന്നെയാകാനാണു സാധ്യത. ശില്‍പശാസ്ത്രങ്ങള്‍ പ്രകാരം ശിവലിംഗം സ്ഥാപിക്കേണ്ടത് വൃത്തത്തിലോ അണ്ഡാകൃതിയിലോ ഉള്ള യോനീ പീഠത്തിലാണ്. ശൈവ ആഗമ ശാസ്ത്രങ്ങള്‍ പ്രകാരം ചതുരാകൃതിയിലോ വൃത്തത്തിലോ ഷണ്ഡ്ഭുജാകൃതിയിലോ ഉള്ള പിണ്ടികത്തിന്റെ (ശക്തിയെ സൂചിപ്പിക്കുന്ന പീഠം) മുകളിലാണു ശിവലിംഗം സ്ഥാപിക്കേണ്ടത്.

വീഡിയോ സർവ്വേയിലും ഫയൽ ചിത്രങ്ങളിലും ഒരു കല്‍തടത്തിനകത്തിരിക്കുന്ന ഒരു ശില മാത്രമാണ് വ്യക്തമായി കാണാനാകുന്നത്. അതിനോടൊപ്പം ഈ ശിലയുടെ മുകളില്‍ ഒരു ജലനാളിക്ക് സമാനമായ വസ്തുവുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകളില്ലാതെ ഈ വിഷയം ഇതില്‍ കൂടുതല്‍ പ്രതിപാദിക്കുവാന്‍ ഇപ്പോള്‍ സാധ്യമല്ല.

ഔറംഗസേബ്, തന്റെ ഭരണകാലത്ത് പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ നശിപ്പിച്ചതായി ഓദ്‌രേ ട്രഷ്കി എന്ന അമേരിക്കന്‍ ചരിത്രകാരി വാദിക്കുന്നുണ്ട്. പക്ഷേ ഔറംഗസേബിന്റെ കാലഘട്ടത്തില്‍ ആയിരക്കണക്കിന് ജൈന- ഹിന്ദു- ബൗദ്ധ ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്നും, നിരവധി ബ്രാഹ്മണിക ക്ഷേത്രങ്ങള്‍ക്കും ജൈന ആരാധനാലയങ്ങള്‍ക്കും അദ്ദേഹം ഭൂമി പതിച്ച് നല്‍കിയതായി രേഖകള്‍ ഉണ്ടെന്നും ഇതേ ചരിത്രകാരി വാദിക്കുന്നു. ഔറംഗസേബിനെ ഒരു മതമൗലികവാദിയായും വിഗ്രഹഭഞ്ജകനായും ചിത്രീകരിക്കാന്‍ വടക്കേ ഇന്ത്യയിലെ കാവി പുതച്ച പണ്ഡിതര്‍ക്ക് ഒരു വ്യഗ്രതയുണ്ട്.

ഔറംഗസേബിനെയും മുഗള്‍ കാലഘട്ടത്തേയും നീചമായി ചിത്രീകരിക്കുന്നതിലൂടെ മുസ്‌ലിം ജനതയെ ഒന്നടക്കം അപരവല്‍ക്കരിക്കുകയെന്നുള്ളതാണ് സംഘപരിവാര്‍ ലക്ഷ്യം. 2015ല്‍ ഡൽഹിയിലെ ഔറംസേബ് റോഡിന്റെ പേരു മാറ്റി അബ്ദുൾ കലാം റോഡ് എന്നാക്കിയതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

ചരിത്രത്തില്‍ ഇന്ത്യയുടെ GDP ഏറ്റവുമധികം ഉയര്‍ന്നുനിന്നത് മുഗള്‍ കാലഘട്ടത്തിലാണെന്ന വസ്തുത വിസ്മരിച്ചു കൊണ്ടും മുഗള്‍ ദര്‍ബാറിന്റെ വിശ്വമാനവികതയെ (cosmopolitan) മനപൂര്‍വമായി അവഗണിച്ചുകൊണ്ടും, മുഗളന്മാരെ പ്രാകൃതരായ (ബാര്‍ബേറിക്) അധിനിവേശക്കാരായി വരച്ചുകാട്ടുന്നതിലൂടെയും ഇന്ത്യന്‍ ചരിത്രത്തോട് ഏറ്റവും വലിയ നീതിനിഷേധമാണ് ഇവര്‍ കാണിക്കുന്നത്.

1654ല്‍ ഔറംഗസേബ് ഹിന്ദുവായ രാജ്പുത് ഭരണാധികാരി റാണാ രാജാസിംഗിനയച്ച രാജകീയ ‘നിഷാനില്‍’ രാജാക്കന്മാര്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ആയതുകൊണ്ട് തന്നെ എല്ലാ പ്രജകള്‍ക്കും അവര്‍ ഏതു മതക്കാരായാലും ഒരേപോലെ നീതിയും സംരക്ഷണവും ഉറപ്പാക്കേണ്ടതാണെന്ന് പറയുന്നുണ്ട. ദീനികളെ (മുസ്‌ലിങ്ങള്‍) സംരക്ഷിക്കുന്നത് പോലെ തന്നെ ധീമികളെയും (അന്യമതസ്ഥര്‍)  സംരക്ഷിക്കണമെന്ന് ഔറംഗസേബ് തന്റെ രാജപ്രസ്താവനകളില്‍ പറയുന്നു. വാരാണസിയില്‍ തന്നെ ഉള്ള പല സന്യാസിമാര്‍ക്കും സംരക്ഷണം കൊടുക്കാനുള്ള ഉത്തരവുകളും ഔറംഗസേബ് കൊടുത്തിരുന്നു. 1680ല്‍ ഭഗവത് ഗോസൈന്‍ എന്ന ഹിന്ദു സന്യാസിയെ പീഡനത്തില്‍ നിന്നു രക്ഷിച്ചതായിട്ടുള്ള രേഖയുണ്ട്.

ഖാന്തേഷത്തിലെ ബ്രാഹ്മണനായ രംഗഭട്ടന് 1698ല്‍ നികുതിയില്ലാത്ത ഭൂമി ദാനം ചെയ്തതായിട്ടും ചരിത്രരേഖയുണ്ട്. ബനാറസിലെ തന്നെ മറ്റൊരു മസ്ജിദിന്റെ അടുത്തുള്ള ഭൂമി രാം ജീവന്‍ ഗോസൈന് നല്കിയതായും ഭക്തിയുള്ള ബ്രാഹ്മണന്‍മാര്‍ക്കും ഫക്കീര്‍മാര്‍ക്കും വീടുകള്‍ പണിതു കൊടുക്കാനായി സ്ഥലം നല്കിയതായും മുഗള്‍ റവന്യൂ റെക്കോര്‍ഡുകളില്‍ പ്രതിപാദനങ്ങള്‍ കാണപ്പെടുന്നു.

ഔറംഗസേബിന്റെ മുഗള്‍ സഭയിലാണ് ഏറ്റവുമധികം ഹിന്ദു രാജാക്കന്മാരുടേയും സഭാ അംഗങ്ങളുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നത്. അക്ബറുമായോ ഷാജഹാനുമായോ താരതമ്യം ചെയ്താല്‍ പോലും ഔറംഗസേബിന്റെ കാലഘട്ടത്തിലാണ് മുഗള്‍ ഔദ്യോഗിക പദവികളില്‍ ഏറ്റവുമധികം ഹിന്ദു പ്രാതിനിധ്യം ഉണ്ടായിരുന്നത് എന്ന് കാണാം. അലഹബാദിലും വൃന്ദാവനിലും ബീഹാറിലും മുസ്‌ലിങ്ങളല്ലാത്ത വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും അദ്ദേഹം സംഭാവനകള്‍ കൊടുത്തതായും തെളിവുകള്‍ ഉണ്ട്.

മേജർ റ്റോഡിന്റെ പ്രസിദ്ധമായ അനാല്‍സ് ഓഫ് രാജസ്ഥാന്‍ എന്ന കൃതിയില്‍ സിശോദിയാ എന്ന രാജവംശത്തിലെ ഉദയ്പൂരി എന്ന ഒരു രാജ്പുത് സ്ത്രീയെ ഔറംഗസേബ് വിവാഹം കഴിച്ചതായും കാണപ്പെടുന്നു.

ഔറംഗസേബ് തന്റെ മകനായ കാംബക്ഷ്ന് എഴുതിയ ഒരു കത്തില്‍ ഉദയ്പുരിയ്ക്ക് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും തനിക്കു വേണ്ടിയവര്‍ സതി അനുഷ്ഠിക്കാനാഗ്രഹിക്കുന്നതായും റുഖത്ത് – ഇ- അലാംഗിരി എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ടെന്ന് അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരനായ അലി നദീം റെസാവി പ്രതിപാദിക്കുന്നു.

അലി നദീം റെസാവി

മുകളില്‍ പറഞ്ഞ ചരിത്ര വസ്തുതകളില്‍ നിന്നു ഔറംഗസേബിന് ഹിന്ദുക്കളോടോ മറ്റു മതക്കാരോടോ പ്രത്യേക വിദ്വേഷമൊന്നുമില്ല എന്ന് വളരെ വ്യക്തമാണ്.

പിന്നെ എന്തുകൊണ്ടായിരിയ്ക്കാം ഔറംഗസേബ് നേരത്തെ നിലനിന്നിരുന്ന വിശ്വനാഥ ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവിട്ടത്? മുഗള്‍ വാസ്തുവിദ്യയുടെ ചരിത്രത്തില്‍ വിദഗ്ധയായ കാതറൈൻ ആഷർ പ്രതിപാദിക്കുന്നത് ഇത് തികച്ചുമൊരു രാഷ്ട്രീയ പ്രശ്‌നമായിരുന്നു എന്നും ഇതില്‍ മതപരമായ തലം വളരെ കുറവാണെന്നുമാണ്. ബനാറസിലെ സമീന്ദാര്‍മാര്‍ മുഗള്‍ ഭരണത്തിനെതിരെ കലാപമുയര്‍ത്തിയതിനൊരു താക്കീതായും രാജാ മാന്‍സിങ്ങിന്റെ കൊച്ചുമകനായ ജയ്‌സിങ്, ശിവജിയെ മുഗള്‍ തടവില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതിന് എതിരെയുള്ള അച്ചടക്ക നടപടിയായുമാണ് കാതറൈന്‍ ആഷര്‍ വിശ്വനാഥ ക്ഷേത്രത്തിന്റെ ധ്വംസനത്തെ വ്യാഖാനിക്കുന്നത്.

കാതറൈന്‍ ആഷര്‍

ഇന്ത്യയില്‍ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങളില്‍, വിജയിക്കുന്ന രാജാക്കന്മാര്‍ പരാജയപ്പെട്ട രാജാക്കന്മാരുടെ പ്രധാന ആരാധാനാലയം നശിപ്പിച്ച് കളയുന്നതും ഒരു നയതന്ത്ര- രാഷ്ട്രീയ പ്രസ്താവനയായിട്ടാണ് കണക്കാക്കേണ്ടതെന്ന് ഓദ്രേ ട്രഷ്‌കി ചരിത്ര വസ്തുതകള്‍ നിരത്തി വാദിക്കുന്നു. ചരിത്രപരമായി ഇന്ത്യയിലെ യുദ്ധപാരമ്പര്യം കണക്കിലെടുത്താല്‍ ശൈവ ഭരണാധികാരികള്‍ വൈഷ്ണവ ക്ഷേത്രങ്ങളും, വൈഷ്ണവ ഭരണാധികാരികള്‍ ശൈവ ക്ഷേത്രങ്ങളും നശിപ്പിച്ചതായും തെളിവുകള്‍ ഉണ്ട്. ഇതിനെ അധികാര രാഷ്ട്രിയത്തിന്റെ അടയാളമായിട്ടാണു കാണേണ്ടത്. ഈ വിഷയത്തെ ഹിന്ദു- മുസ്‌ലിം ശത്രുതയായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

2023ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പും 2024ലെ ദേശീയ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി ബാബറി മസ്ജിദ് ഉന്മൂലനത്തിന്റെ പുനരാവിഷ്‌കരണമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ഗ്യാന്‍വാപി മസ്ജിദിലെ വസൂഖാനയില്‍ കണ്ടെത്തിയ വസ്തു ശിവലിംഗമാണെന്ന് ‘തെളിയിക്കപ്പെട്ടാല്‍’ പോലും ഈ സ്ഥലത്തെ ഹിന്ദു ആരാധനയ്ക്കായി വിട്ടുകൊടുക്കുന്നതു ഭരണഘടനാപരമായും ന്യൂനപക്ഷ അവകാശ സംബന്ധിയായും തികച്ചും തെറ്റാണ്.

The Places of Worship Act, 1991 പ്രകാരം ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ സമയത്ത് (1947) ആരാധനാലയങ്ങള്‍ ഏത് മതത്തിന്റെയാണോ അവയില്‍ തന്നെ തുടരണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇന്ത്യയിലെ സിവില്‍ സൊസൈറ്റിയും നീതിന്യായ വ്യവസ്ഥയും ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിച്ചു കൊണ്ടു മുന്നോട്ടു നീങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ നമുക്ക് ഇപ്പോള്‍ കഴിയുകയുള്ളൂ.

Content Highlight: Dr. Malavika Binny article about Gyanvapi Masjid controversy

ഡോ. മാളവിക ബിന്നി

കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍. ജെ.എന്‍.യു മുന്‍ ഡോക്ടറല്‍ സ്‌കോളര്‍

We use cookies to give you the best possible experience. Learn more