ബെംഗളൂരു: ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം. എസ്. വല്യത്താൻ അന്തരിച്ചു. കർണാടകയിലെ മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു അദ്ദേഹം. അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചിട്ടുള്ള ചികിത്സ രീതി നടപ്പാക്കിയതുൾപ്പെടെ ശാസ്ത്ര ലോകത്തിന് മികച്ച സംഭാവനകൾ നൽകി.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ പത്മവിഭൂഷൻ അവാർഡ് ലഭിച്ചു. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചു. മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആയിരുന്നു വല്യത്താൻ.
വിദ്യാഭ്യാസം, വൈദ്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സർക്കാർ കമ്മിറ്റികളിലും അക്കാദമിക് കൗൺസിലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസ്കാരം മണിപ്പാലിൽ നടക്കും.