കോഴിക്കോട്: വഖഫ് ബോര്‍ഡ് അധ്യക്ഷനായി എം.കെ. സക്കീറിനെ നിയമിക്കുന്നതിനെതിരെ രംഗത്തെത്തിയ സമസ്ത മുഷാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വിക്ക് മറുപടിയുമായി ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.
മുഹമ്മദ് സക്കീറിനെ കുറിച്ച് ബഹാവുദ്ദീന്‍ രേഖപ്പെടുത്തിയ അഭിപ്രായം തീര്‍ത്തും തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. ഏതെങ്കിലും സൈബര്‍ ഗുണ്ടകള്‍ പോസ്റ്റ് ചെയ്യുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഒരു നേതാവ് വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് പ്രയാസമുളവാക്കുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജലീല്‍ കൂട്ടിച്ചേര്‍ത്തു.
‘അഡ്വ. സക്കീര്‍ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാനാകുമോ? ഇസ്‌ലാമിനെയോ മറ്റ് മതങ്ങളെയോ നിന്ദിച്ചും മുസ്‌ലിങ്ങള്‍ ഉള്‍പ്പടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?,’ ജലീല്‍ ചോദിച്ചു.
വഖഫ് സ്വത്തുക്കളില്‍ ഭൂരിപക്ഷവും കൈവശമുള്ള സുന്നി വിഭാഗങ്ങളോട് അദ്ദേഹം ഒരിക്കലും അനീതി കാണിക്കില്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടത്താത്ത നല്ല റെപ്യൂട്ടേഷനുള്ള വ്യക്തിയെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വഖഫ് സ്വത്തുക്കളുടെ കാവല്‍ക്കാരനാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു
അതേസമയം, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ വഖഫ് ബോര്‍ഡ് അധ്യക്ഷനായി നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നുവെന്നായിരുന്നു ബഹാവുദ്ദീന്‍ നദ്‌വിയുടെ ആരോപണം. ഇതിന് പിന്നിലെ അജണ്ട വ്യക്തമാണെമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.ടി. ജലീലീന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ഡോ. ബഹാവുദ്ദീന്‍ നദ്‌വി സാഹിബ്,
വസ്സലാം. പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാനെക്കുറിച്ചുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു, വായിച്ചു. എനിക്ക് വല്ലാത്ത അത്ഭുതമാണ് തോന്നിയത്. ഒപ്പം അമര്‍ഷവും.
അഡ്വ. മുഹമ്മദ് സക്കീറിനെ കുറിച്ച് താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായം തീര്‍ത്തും തെറ്റാണ്. അദ്ദേഹം ഒരു മതനിഷേധിയോ ഇസ്‌ലാമിക ആരാധനാമുറകള്‍ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ല. ഏതെങ്കിലും സൈബര്‍ ഗുണ്ടകള്‍ പോസ്റ്റ് ചെയ്യുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങയെപ്പോലെ മുതിര്‍ന്ന ഒരാള്‍ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് എന്തുമാത്രം പ്രയാസമുളവാക്കുന്നതാണ്! പി.എസ്.സയുടെ മുന്‍ ചെയര്‍മാനാണ് വഖഫ് ബോര്‍ഡിന്റെ പുതിയ അമരക്കാരനായ സക്കീര്‍. പൊന്നാനിക്കടുത്ത മാറഞ്ചേരിയിലെ പ്രസിദ്ധമായ മുസ്‌ലിം തറവാട്ടിലെ അംഗം.
നല്ല നിയമ പരിജ്ഞാനമുള്ളയാള്‍. പെരുമാറ്റത്തില്‍ സൗമ്യന്‍. ഏതൊരു ‘അമാനത്തും’ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യന്‍.
വഖഫ് ബോര്‍ഡിന്റെ എക്കാലത്തെയും മികച്ച ചെയര്‍മാന്‍ മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എ. ജലീല്‍ സാഹിബാണെന്ന് ആര്‍ക്കാണറിയാത്തത്? വഖഫ് ബോര്‍ഡ് ഓഫീസിനെ ഒരു ഓഫീസാക്കി ചിട്ടപ്പെടുത്തിയത് ജലീല്‍ സാഹിബാണ്. ഇടതുപക്ഷ സര്‍ക്കാരാണ് അദ്ദേഹത്തെയും നിയോഗിച്ചത്. ജലീല്‍ സാഹിബിനെ മാറ്റി നിര്‍ത്തി വഖഫ് ബോര്‍ഡിന്റെ ചരിത്രമെഴുതാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
അഡ്വ. സക്കീര്‍ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാനാകുമോ? ഇസ്‌ലാമിനെയോ മറ്റ് മതങ്ങളെയോ നിന്ദിച്ചും മുസ്‌ലിങ്ങള്‍ ഉള്‍പ്പടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് വെളിപ്പെടുത്തിയാല്‍ നന്നാകും. യഥാര്‍ത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോ ലീഗിന്റെ മറ്റ് നേതാക്കളോ വഖഫ് ബോര്‍ഡ് ചെയര്‍മാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങള്‍ക്ക് മുതിരാത്തത്.
അങ്ങയെപ്പോലെ ഒരു പണ്ഡിതന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമാണോ എന്ന് ശാന്തമായി ആലോചിക്കുക. നദ്‌വി സാഹബ്, ഒരുകാര്യം താങ്കള്‍ക്ക് ഉറപ്പിക്കാം. വഖഫ് ബോര്‍ഡിന് കാര്യപ്രാപ്തനും കര്‍മ്മകുശലനും നിഷ്പക്ഷനും സത്യസന്ധനുമായ ഒരു ചെയര്‍മാനെയാണ് കിട്ടിയിരിക്കുന്നത്.
വഖഫ് സ്വത്തുക്കളില്‍ ഭൂരിപക്ഷവും കൈവശമുള്ള സുന്നി വിഭാഗങ്ങളോട് അദ്ദേഹം ഒരിക്കലും അനീതി കാണിക്കില്ല. അര്‍ഹമായത് ഒരാള്‍ക്കും നിഷേധിക്കില്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടത്താത്ത നല്ല റെപ്യൂട്ടേഷന്‍ ഉള്ള വ്യക്തിയെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വഖഫ് സ്വത്തുക്കളുടെ കാവല്‍ക്കാരനാക്കിയിരിക്കുന്നത്. അതില്‍ അങ്ങേക്ക് ഒരു സന്ദേഹവും വേണ്ട. താങ്കളുടെ സംശയങ്ങള്‍ വരും ദിനങ്ങളില്‍ ദൂരീകരിക്കപ്പെടും, ഉറപ്പാണ്.
സക്കീറിന്റെ ഭാര്യ ലിസി മുഹമ്മദ് കുട്ടിയാണ്. സക്കീറിന്റെ ഭാര്യയുടെ അനുജത്തിയെ കല്യാണം കഴിച്ചിരിക്കുന്നത് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ കെ.എം.സി.സിക്കാരനുമായ ചങ്ങരംകുളം സ്വദേശി നസീറാണ്. മുന്നാമത്തെ അനിയത്തിയെ വിവാഹം ചെയ്തത് ദീര്‍ഘകാലം കുറ്റിപ്പുറം മണ്ഡലം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി. ആലിക്കുട്ടി ഹാജിയുടെ ചെറുമകന്‍ കബീറാണ്. സക്കീറിന്റെ ഭാര്യയെ കുറിച്ച് പോലും എന്തൊക്കെ അവാസ്തവങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്? എത്രമാത്രം വേദനാജനകമാണതെന്ന് പ്രത്യേകം പറയണോ? അങ്ങയുടെ പോസ്റ്റിനടിയിലും അങ്ങനെ ഒരു കമന്റ് കണ്ടു. അതിപ്പോള്‍ കാണുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിക്കേണ്ടി വന്നത്.
അങ്ങ് തെറ്റിദ്ധാരണ തിരുത്തി ക്ഷമാപണം നടത്തും എന്ന പ്രതീക്ഷയോടെ,
നന്മകള്‍ നേര്‍ന്ന് കൊണ്ട്
സ്‌നേഹപൂര്‍വ്വം ഡോ:കെ.ടി. ജലീല്‍
Content Highlight: Dr KT Jaleel’s replay to Dr. Bahauddeen Muhammed Nadwi