'മനസിനെ പിടിച്ചുലച്ച ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് റോക്കട്രി ആവിഷ്‌കരിച്ചിരിക്കുന്നത്' : ചിത്രം കണ്ട് കുറിപ്പുമായി കെ.ടി.ജലീല്‍
Entertainment news
'മനസിനെ പിടിച്ചുലച്ച ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് റോക്കട്രി ആവിഷ്‌കരിച്ചിരിക്കുന്നത്' : ചിത്രം കണ്ട് കുറിപ്പുമായി കെ.ടി.ജലീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 6:41 pm

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പശ്ചാത്തലമാകുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതും. നടന്‍ മാധവന്‍ ആദ്യമായി സംവിധായകനായ ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനെ അവതരിപ്പിച്ചതും. ഇപ്പോഴിതാ ചിത്രം കണ്ടെന്നും മനസിനെ പിടിച്ചുലച്ചു എന്നുമാണ്
കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കറുപ്പിലൂടെയായിരുന്നു ചിത്രത്തെ പറ്റി ജലീല്‍ പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘റോക്കട്രി’ എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ച ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെ മുന്‍നിര്‍ത്തി ചലചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

എണ്‍പതില്‍ എത്തിനില്‍ക്കുന്ന നമ്പി നാരായണന്‍ രാജ്യത്തിന്റെ സ്വത്താണ്. നാസയില്‍ നിന്നുള്ള അമൂല്യമായ വാഗ്ദാനം പിച്ചളപ്പിന്ന് പോലെ വലിച്ചെറിഞ്ഞ്, മൂന്നാം ലോക രാജ്യങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന പിറന്ന ദേശത്തെ, ആകാശ ജ്ഞാനത്തിന്റെ ഉച്ചിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു യുവ ശാസ്ത്രജ്ഞന്‍ ഐ. എസ്.ആര്‍.ഓയില്‍ ജീവിതം ഹോമിച്ചതിന്റെ കണ്ണീര്‍ക്കഥയാണ് ‘റോക്കട്രി’. ഒന്‍പത് ഭാഷകളിലാണ് ഒരേ സമയം സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവിച്ച കച്ചവട താല്‍പര്യങ്ങളില്ലാത്ത നിഷ്‌കളങ്കര്‍ക്ക് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ പ്രതീകമാണ് നമ്പി നാരായണന്‍. നമ്മുടെ നാടും സമൂഹവും മാധ്യമങ്ങളും വൈകിയെങ്കിലും ആ നിഷ്‌കാമ കര്‍മ്മിയുടെ കാലില്‍ വീണ് മാപ്പിരക്കണം.

പ്രജേഷ് സെന്‍ തയ്യാറാക്കിയ നമ്പി നാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണപഥമെന്ന’ ജീവചരിത്രത്തെ ആസ്പദിച്ച് തമിഴ് സിനിമാ നടന്‍ ആര്‍.മാധവന്‍ എഴുതി സംവിധാനം ചെയ്ത മികവുറ്റ സിനിമയാണ് ‘റോക്കട്രി’. ഇതിവൃത്തം ജീവല്‍ സ്പര്‍ശിയാകുമ്പോള്‍ ചലചിത്രം മനോഹരമാവുക സ്വാഭാവികം. പ്രേക്ഷക മനസ്സുകളെ പിടിച്ചുലക്കാനും അവരുടെ കണ്ണുകളെ ഈറനണിയിക്കാനും പര്യാപ്തമായ കലാ സൃഷ്ടിയാണ് മാധവന്റെ സിനിമ. സംവിധായകന്‍ തന്നെയാണ് അഭ്രപാളിയില്‍ നമ്പി നാരായണനെ ജീവസ്സുറ്റതാക്കിയിരിക്കുന്നത്.

യു.ഡി.എഫ് രാഷ്ട്രീയത്തിലെ കുടിപ്പക തീര്‍ത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിച്ച് എ.കെ ആന്റണിയെ വാഴിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാര്‍ ”ബാഹ്യ പ്രേരണയാല്‍’ കെട്ടിച്ചമച്ച ചാരക്കഥയുടെ ബലിയാടാണ് നമ്പി നാരായണന്‍.

അദ്ദേഹം രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടത് ചരിത്രം. തുടര്‍ന്ന് ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ കുടുംബം സമൂലമായി ബഹിഷ്‌കരിക്കപ്പെട്ടു. മക്കള്‍ തെരുവില്‍ കല്ലെറിയപ്പെട്ടു. ക്ഷേത്രത്തിലെ കര്‍പ്പൂരത്തട്ടിലെ പ്രകാശ നാളം പോലും നമ്പി നാരായണനു മുന്നില്‍ ക്രൂരമായി അണക്കപ്പെട്ടു. ജയിലഴിക്കുള്ളില്‍ അസത്യം സത്യമാണെന്ന് സമ്മതിക്കാന്‍ എണ്ണമറ്റ ഭേദ്യങ്ങള്‍.

അന്വേഷണോദ്യോഗസ്ഥരായ സാത്താന്‍മാര്‍ക്കിടയില്‍ മാലാഖയുടെ മുഖമുള്ളവര്‍ പകലിനെ പകലായി തിരിച്ചറിഞ്ഞപ്പോള്‍, ചീട്ടുകൊട്ടാരം പോലെ മാധ്യമപ്പടയും കപട രാജ്യസ്‌നേഹികളും കെട്ടിപ്പൊക്കിയ ചാരക്കഥ ഒരു പിടി ചാമ്പലായി മാറി. ഒറ്റപ്പെടല്‍ തീര്‍ത്ത വ്യഥ സഹിക്കാവുന്നതിലും അപ്പുറമെന്ന നമ്പി നാരായണന്റെ നേര്‍ സാക്ഷ്യം.

എന്തിനെക്കാളും വലുതാണ് അഭിമാനമെന്ന് തിരിച്ചറിഞ്ഞ നമ്പി, നിയമ പോരാട്ടത്തിന് രണ്ടും കല്‍പ്പിച്ചിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം. അവസാനം സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ്. വിധി വരുന്ന ദിവസത്തിന്റെ ആദ്യപാതിയില്‍ പോലും അദ്ദേഹം സഹിച്ച അവഹേളനം. ദുരിത പര്‍വ്വങ്ങള്‍ക്കൊടുവില്‍ നീതിയുടെ സുര്യോദയം.

കുടുക്കാന്‍ ശ്രമിച്ച പോലീസ് മേധാവികളും ഐ.ബിയിലെ ഉദ്യോഗസ്ഥരും കാലം തമസ്‌കരിച്ച് മറവിയുടെ കയത്തില്‍ വിശ്രമിക്കുമ്പോള്‍ കാവ്യനീതിയുടെ പുലര്‍ച്ച പോലെ തന്നെത്തേടിയെത്തിയ രാജ്യത്തെ മൂന്നാമത്തെ ബഹുമതിയായ പത്മ വിഭൂഷണ്‍, ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കയ്യില്‍ നിന്ന് ഏറ്റു വാങ്ങുന്നതോടെ സിനിമക്ക് തിരശ്ശീല വീഴുന്നു.

അപമാനിച്ച് അവഹേളിച്ചവര്‍ ഒടുവില്‍ സത്യമെന്ന നമ്പി നാരായണനു മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ സിരകളില്‍ ആവേശം കത്തിപ്പടര്‍ന്നു. ‘റോക്കട്രി’ കെട്ടിക്കൂട്ട് കഥയല്ല. ഒരു വിളിപ്പാടകലെ മാത്രമുള്ള കാലയളവില്‍ നിസ്വാര്‍ത്ഥനായ ഏകാന്തപഥികന്‍ നേരിട്ട നഗ്‌നമായ അനീതിയുടെ പച്ചയായ അനുഭവങ്ങളുടെ ചലചിത്ര രൂപമാണ്.

യാഥാര്‍ത്ഥ്യത്തിന്റെ തരിമ്പ് പോലുമില്ലാത്ത അവാസ്തവങ്ങള്‍ എഴുന്നള്ളിപ്പിച്ച് ഉദ്യോഗ രംഗത്തും ഭരണ നിര്‍വ്വഹണ മേഖലയിലും എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള കനത്ത താക്കീതു കൂടിയാണ് നമ്പി നാരായണന്റെ ജീവിതം. മുഖം പോലെ തെളിഞ്ഞ് നില്‍ക്കുന്ന മനസ്സിന്റെ ഉടമസ്ഥാ, അങ്ങയെ ചെളി വാരിയെറിഞ്ഞ് നിഷ്‌കാസിതമാക്കാന്‍ ശ്രമിച്ചവരോട് പൊറുക്കുക.

ഒരു അഭിമുഖത്തിനിടയിലെ ഫ്‌ലാഷ് ബാക്കിലൂടെയാണ് ആവിയായിപ്പോയ പ്രമാദ കടഞഛ ചാരക്കേസിന്റെ ഓരോ ചുരുളും സംവിധായകന്‍ അഴിക്കുന്നത്. സിനിമയുടെ പിറവിക്കായ് അഹോരാത്രം പ്രയത്‌നിച്ച എല്ലാ കലാകാരന്‍മാരെയും സാങ്കേതിക വിദഗ്ധരേയും പിന്നണി പ്രവര്‍ത്തകരെയും അഭിനന്ദികുന്നു.: കുറിപ്പില്‍ ജലീല്‍ പറയുന്നു.

സിമ്രാന്‍ നായികയായ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, സൂര്യ എന്നിവര്‍ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിട്ടുണ്ട്.

Content Highlight : Dr.KT Jaleel about Rocketry movie