| Tuesday, 1st September 2020, 1:51 pm

ഡോ. കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചിട്ടില്ല, ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നു; യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനുവരി 29 മുതല്‍ ജയിലിലായിരുന്ന ഡോ കഫീല്‍ ഖാന് ചൊവ്വാഴ്ചയാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് പൊലീസിനും സര്‍ക്കാരിനും കിട്ടിയ കനത്ത പ്രഹരമായാണ് കോടതിവിധി വിലയിരുത്തപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തു.

എന്നാല്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി പറഞ്ഞു

വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.

കഫീല്‍ ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു.

കഫീല്‍ ഖാന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അവഗണിച്ചുകൊണ്ട് ചില പ്രയോഗങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞ് വളച്ചൊടിച്ചെന്നും കോടതി പറഞ്ഞു.

ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.

തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights:HC drops NSA charges against Kafeel Khan, says his speech called for ‘national integration’

We use cookies to give you the best possible experience. Learn more