| Monday, 11th June 2018, 10:31 am

കഫീല്‍ ഖാന്റെ സഹോദരന്റെ ഓപ്പറേഷന്‍ പൊലീസ് മനപൂര്‍വം വൈകിപ്പിച്ചെന്ന് ബന്ധുക്കള്‍; ശരീരത്തില്‍ തറഞ്ഞ ബുള്ളറ്റുമായി ആശുപത്രിയില്‍ കിടന്നത് നാല് മണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന്റെ ഓപ്പറേഷന്‍ പൊലീസ് “ഫോര്‍മാലിറ്റി”യുടെ പേര് പറഞ്ഞ് വൈകിപ്പിച്ചതായി ബന്ധുക്കള്‍.

ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ച നിലയില്‍ ഞായറാഴ്ച രാത്രി 10.30 യോടെയാണ് കാഷിഫ് ജമീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ചില ഫോര്‍മാലിറ്റികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറോളം നേരം പൊലീസ് ഓപ്പറേഷന്‍ വൈകിപ്പിക്കുകയായിരുന്നുവെന്ന് കഫീല്‍ ഖാന്റെ മറ്റൊരു സഹാദോരന്‍ അദീല്‍ ഖാന്‍ പറയുന്നു.


മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്ന പോലെ; ഇന്ദിര ഭവന് മുന്നില്‍ പോസ്റ്ററുകള്‍


മൂന്ന് മണിക്കൂറോളം നേരമാണ് ബുള്ളറ്റ് തറച്ചുകയറിയ ശരീരവുമായി എന്റെ സഹോദരന്‍ കിടന്നത്. ഡോക്ടര്‍മാരുടെ സംഘം ഓപ്പറേഷന്‍ നടത്താന്‍ വേണ്ടി കാത്തിരുന്നിട്ടും കാഷിഫിനെ ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാന്‍ പൊലീസ് സമ്മതിച്ചില്ല. ചില ഫോര്‍മാറ്റിലിറ്റികള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത് – അദ്ദേഹം പറയുന്നു.

“പൊലീസ് എന്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് മനസിലാകുന്നില്ല. ആവശ്യത്തിലേറെ പൊലീസുകാര്‍ ഇവിടെ ഉണ്ടായിരുന്നു. സഹോദരന്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും അവര്‍ മനപൂര്‍വം ഓപ്പറേഷന്‍ വൈകിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് നാല് മണിക്കൂറിന് ശേഷമാണ് ഓപ്പറേഷന്‍ നടത്തിയത്. – കഫീല്‍ ഖാന്‍ പറയുന്നു.

ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് ചിലര്‍ വെടിവെക്കുകയായിരുന്നു.

മൂന്നു തവണയാണ് ഇവര്‍ ജമീലിന് നേരെ വെടിയുതിര്‍ത്തത്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. തങ്ങളെ വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരനെ അക്രമിച്ചതെന്ന് കഫീല്‍ഖാന്‍ പ്രതികരിച്ചിരുന്നു.

ഗൊരഖ്പൂരിലെ സ്റ്റാര്‍ ഹോസ്പിറ്റലിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്‍ജിനീയറായ ജമീല്‍ ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്.

എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more