| Wednesday, 16th May 2018, 8:19 pm

'ഹിന്ദു കുട്ടിയേത് മുസ്‌ലിം കുട്ടിയേത് എന്ന് നോക്കിയല്ല ഞാന്‍ ചികിത്സിക്കാറ് '; മനസ്സുതുറന്ന് ഡോ. കഫീല്‍ ഖാന്‍

റെന്‍സ ഇഖ്ബാല്‍

2017 ആഗസ്റ്റ് 10.രാജ്യം മറക്കാനിടയില്ല ഈ ദിവസം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 30 ലധികം പിഞ്ചുകുട്ടികള്‍ ശ്വാസം ലഭിക്കാതെ പിടഞ്ഞുമരിച്ച ദിവസം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ദുരന്തം എന്ന തരത്തിലും ആശുപത്രി അധികൃതരുടെ വീഴ്ച എന്നതരത്തിലും സംഭവം ഏറെ ചര്‍ച്ചയായി. ദുരന്തത്തിനിടയിലും മന:സ്സാന്നിധ്യം കൈവിടാത്ത ഒരു ഡോക്ടറുടെ സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഡോ. കഫീല്‍ ഖാന്‍. ബി.ആര്‍.ഡി ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍. ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നപ്പോള്‍ സ്വന്തം കാറില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചയാള്‍. എന്നാല്‍ ആശുപത്രിയുടേയും ആരോഗ്യവകുപ്പിന്റെയും വീഴ്ച ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കഫീല്‍ ഖാന്‍ ജയിലിലടക്കപ്പെട്ടു. 9 മാസം ജാമ്യം പോലും അനുവദിക്കാതെ ഭരണകൂട ഭീകരതയ്ക്ക് വിധേയനായി.

ഗോരഖ്പൂരിലെ ദുരന്തരാത്രിയെക്കുറിച്ചും സര്‍ക്കാരിന്റെ പ്രതികാരനടപടിയെക്കുറിച്ചും ഡോ. കഫീല്‍ ഖാന്‍ ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു

ദുരന്തസമയത്ത് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ എന്തെല്ലാമാണ് ചെയ്തത്?

ആ രാത്രി… ഞാന്‍ ഉറങ്ങാന്‍ പോകുകയായിരുന്നു. അപ്പോഴാണ് എനിക്കൊരു വാട്‌സാപ്പ് സന്ദേശം വരുന്നത്. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ല, കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ് എന്നാണ് സന്ദേശം. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സിലിണ്ടറുകള്‍ പോലും തീര്‍ന്നിരുന്നു. ഉടന്‍ ആശുപത്രിയിലെത്തി എനിക്കെന്താണോ ചെയ്യാനാകുക അത് ഞാന്‍ ചെയ്തു.

സമീപത്തുള്ള മറ്റ് ആശുപത്രികളില്‍ നിന്നായി ഞാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചു. അതു തികയാതെ വന്നു. ആര്‍മി ഉദ്യോഗസ്ഥരെ സമീപിച്ചു. അവര്‍ വലിയ ട്രക്കുകളില്‍ സിലിണ്ടറുകളെത്തിച്ചു. അതേ ട്രക്കില്‍ തന്നെ ആശുപത്രിയില്‍ കാലിയായ 100-120 സിലിണ്ടറുകള്‍ കയറ്റി റീഫില്‍ ചെയ്യാനായി കൊണ്ടുപോയി. അത് തിരിച്ചുകൊണ്ടുവരുമ്പോഴേക്കും കാലിയായ സിലിണ്ടറുകളുമായി വീണ്ടും റീഫില്‍ ചെയ്യാനായി കൊണ്ടുപോയി.

48 മണിക്കൂര്‍ നേരം ഇത് തുടര്‍ന്നു. മാത്രമല്ല, സിലിണ്ടറുകള്‍ എത്തിക്കുക എന്നതിലുപരിയായി ആ സമയം കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന സാഹചര്യം കൂടിയുണ്ട്. അവരെ ഞങ്ങള്‍ക്ക് രക്ഷിക്കണം, ആ രക്ഷിതാക്കളെ ഞങ്ങള്‍ക്ക് ആശ്വസിപ്പിക്കണം, അവരെല്ലാം കരയുകയായിരുന്നു. കാരണം അവര്‍ അവരുടെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നു. അതേസമയം തന്നെ എന്നോടൊപ്പം ജോലിചെയ്യുന്ന എന്റെ ജൂനിയര്‍ ഡോക്ടര്‍മാരോടും സഹപ്രവര്‍ത്തകരോടും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണമായിരുന്നു. അവര്‍ ഉറങ്ങതെയും ഭക്ഷണം കഴിക്കാതെയും അവിശ്രമം ജോലി ചെയ്യുകയായിരുന്നു. ഒരു വലിയ യുദ്ധം തന്നെയായിരുന്നു അത്.

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആ സമയം എങ്ങനെയാണ് പ്രതികരിച്ചത്. അവരുടെ ഭാഗത്ത് എന്ത് തരത്തിലുള്ള നടപടിയാണ് ഉണ്ടായത്.?

ജൂനിയര്‍ ഡോക്ടര്‍മാരും ഇന്റേണിസും എന്റെ കൂടെയുണ്ടായിരുന്നു. എനിക്ക് 16 ജൂനിയര്‍ അസിസ്റ്റന്റുമാരും സ്റ്റാഫ് നേഴ്‌സുമാരും തുടങ്ങി വാര്‍ഡന്‍മാരും ആശുപത്രിയിലെ തൂപ്പുകാരുമടക്കം സഹായത്തിനുണ്ടായിരുന്നു. അവരെല്ലാം ഒരോ ജീവനും രക്ഷിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചു.

ALSO READ:  വ്യത്യസ്തമായി അണിനിരക്കുക, ഒരുമിച്ചു ആക്രമിക്കുക

നിങ്ങളുടെ നടപടികള്‍ നിങ്ങള്‍ക്കുതന്നെ തിരിച്ചടിയായതെങ്ങനെയാണ്?

ഇതൊരു ഭരണപരമായ വീഴ്ചയാണെന്നു ഞാന്‍ പറഞ്ഞിരുന്നു. ഇത് പുറത്തറിഞ്ഞതോടെ യോഗിജി ദേഷ്യത്തിലായി. മാധ്യമപ്രവര്‍ത്തകര്‍ സംഭവം എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുത്തുകയും എന്നെയൊരു ഹീറോ ആയി ചിത്രീകരിക്കുകയും ചെയ്തു. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് പണം കൊടുക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ അത് ചെയ്യാതിരുന്നതിന് എന്നെ ബലിയാടാക്കുകയായിരുന്നു.

ആ സംഭവത്തിനുശേഷം വളരെ മോശമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. നിങ്ങളുടെ കുടുംബം എങ്ങനെയാണ് അതിനെ അതിജീവിച്ചത്.?

കഴിഞ്ഞ 9 മാസം എന്നെ സംബന്ധിച്ച് നല്ല ദിവസങ്ങളല്ലായിരുന്നു. എന്റെ കുടുംബം മുഴുവനായും ബുദ്ധിമുട്ടിലായിരുന്നു. എന്റെ ഭാര്യയും അനിയന്റെ ഭാര്യയും ഏറെ ക്ലേശമനുഭവിച്ചു. 3 സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ രാത്രി 10 മണിക്കും 11 മണിക്കും പൊലീസുകാര്‍ കടന്നുവരുകയും അര്‍ധരാത്രി 3 മണിവരെ അവര്‍ വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു. വീടിനുള്ളില്‍ വെച്ച് പലതും പറഞ്ഞുപരത്തുകയും ചെയ്തു.

ALSO READ:  ട്രൈബ്യൂണലിനും പാലിയേറ്റീവ് കെയറിനും വേണ്ടിയാവണം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഇനിയുള്ള സമരം: എം.എ റഹ്മാന്‍ സംസാരിക്കുന്നു

എല്ലാ റൂമുകളിലും അവര്‍ കടന്നുചെന്നു. കുഞ്ഞിന് പാലുകൊടുക്കാന്‍ എന്റെ ഭാര്യയ്ക്ക് കരഞ്ഞുകൊണ്ട് പുറത്തിറങ്ങേണ്ടിവന്നു. നാലഞ്ച് മണിക്കൂര്‍ പൊലീസുകാര്‍ വീട്ടില്‍ തന്നെ തങ്ങി. വളരെ ഭീകരമായിരുന്നു അത്. എന്റെ കുടുംബം മുഴുവനായിട്ട് ക്ലേശമനുഭവിച്ചു. യഥാര്‍ത്ഥത്തില്‍ ഞങ്ങളായിരുന്നു ഈ സംഭവത്തിന്റെ ഇരകള്‍.

നിങ്ങള്‍ സാമൂഹികമായി ഒരുപാട് പ്രതിബദ്ധത കാണിക്കുന്നു. ഡോക്ടര്‍ എന്ന തൊഴില്‍ തെരഞ്ഞെടുക്കാന്‍ ഇതാണോ കാരണം?

മണിപ്പാലില്‍ നിന്നാണ് ഞാന്‍ എം.ബി.ബി.എസ് എം.ഡി നേടിയത്. ഡോ.നളിനി ഭാസ്‌കറായിരുന്നു എന്റെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്. തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, മാനുഷിക മൂല്യങ്ങള്‍, തുടങ്ങിവയെല്ലാം എനിക്ക് അവിടെനിന്നാണ് ലഭിക്കുന്നത്. ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ ഞാനെത്തുമ്പോള്‍ വളരെ പരിതാപകരമായിരുന്നു അവിടത്തെ അവസ്ഥ. ആളുകള്‍ ഷൂ ധരിച്ച് ഐ.സി.യു പോലുള്ള മുറികളില്‍ പ്രവേശിക്കുമായിരുന്നു. ഞാന്‍ അവിടെയെത്തിയതിനുശേഷമാണ് സ്റ്റെര്‍ലൈസേഷന്‍ മെഷീനും ഫേസ് മാസ്‌കുമെല്ലാം സംഘടിപ്പിക്കുന്നത്. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. അതുതന്നെയായിരുന്നു എന്റെ അധ്യാപകരും എന്നോട് പറഞ്ഞിരുന്നത്.

ഇന്ത്യയിലെ പൊതുജനരോഗ്യത്തെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം. എന്തെല്ലാം മാറ്റങ്ങളാണ് നമുക്കാവാശ്യമായുള്ളത്.?

പൊതുജനാരോഗ്യരംഗത്ത് രാജ്യം കുറേയേറെ മെച്ചപ്പെടാനുണ്ട്. ഏറ്റവും താഴെയില്‍ നിന്ന് തന്നെ ഈ പുരോഗതി ഉണ്ടാവണം. എന്‍സഫലൈറ്റിസ് ബാധിച്ച് 25 വര്‍ഷം കൊണ്ട് 25000 കുട്ടികളാണ് മരിക്കുന്നത്. വളരെ വിചിത്രമായ ഒരു രോഗമാണിത്. ആദ്യ ഘട്ടം പനിയില്‍ തുടങ്ങി അവസാനഘട്ടമാകുമ്പോഴേക്കും അബോധാവസ്ഥയിലാകും. അതിനാല്‍ തന്നെ ഏറ്റവും താഴെ നിന്ന് മെച്ചപ്പെടേണ്ടതുണ്ട്.

ALSO READ:  ഇന്ത്യന്‍ ഫാഷിസത്തെ തടയാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ-ഒരുമിച്ച് നില്‍ക്കുക എന്നത്, ഇതാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പാഠം

വിദ്യാഭ്യാസം, പോഷകാഹാരം, ശുദ്ധജലം തുടങ്ങിയവയൊക്കെ ശ്രദ്ധിക്കണം. കാരണം ഈ രോഗം ബാധിക്കുന്ന കുട്ടികളില്‍ കൂടുതലും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

ഒരു മുസ്‌ലിമായിരിക്കുക എന്നത് ഉത്തര്‍പ്രദേശില്‍ എത്രത്തോളം സാധ്യമാണ്.?

എന്നെ സംബന്ധിച്ചിടത്തോളം മതമെന്നത് വ്യക്തിപരമായ ചോയ്‌സ് മാത്രമാണ്. ഇസ്‌ലാം മതവും പഠിപ്പിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്. മറ്റുള്ളവര്‍ ഒരുപക്ഷെ അങ്ങനെയായിരിക്കില്ല ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് അത് ഇപ്രകാരമാണ്. അന്ന് ദുരന്തസമയത്ത് പോലും ഞാന്‍ മുസ്‌ലിം കുട്ടിയേത് ഹിന്ദു കുട്ടിയേത് അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിലുള്ള കുട്ടിയേത് എന്ന് നോക്കിയല്ല ചികിത്സിച്ചത്. പാവപ്പെട്ട കുട്ടിയെന്നോ പണക്കാരന്റെ കുട്ടിയെന്നോ നോക്കിയല്ല ഞാന്‍ ചികിത്സിച്ചത്. എല്ലവരുടെയും ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ALSO READ:  മതവും ജലക്ഷാമവും ഒരു തിരഞ്ഞെടുപ്പും

മതം എന്നത് വ്യക്തിപരവും തൊഴില്‍ എന്നത് അതില്‍ നിന്ന് വ്യത്യസ്തവുമാണ്. തൊഴിലില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവിതം രക്ഷിക്കാന്‍ കഴിയും. എന്റെ മുന്നില്‍ വരുന്ന ഒരു രോഗിയോടും ജാതിയുടേയോ മതത്തിന്റേയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിക്കില്ല എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുത്താണ് ഞങ്ങള്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ഈ അനുഭവങ്ങളില്‍ നിങ്ങളെന്താല്ലാമാണ് പഠിച്ചത്.?

എല്ലാ സംഭവങ്ങള്‍ക്കും പിന്നില്‍ കാരണമുണ്ടായിരിക്കും എന്നതാണ് എനിക്ക് അനുഭവത്തില്‍ നിന്ന് മനസിലായത്. നമ്മളെക്കുറിച്ചെല്ലാം ദൈവം എന്തെങ്കിലും പദ്ധതിയിട്ടിട്ടുണ്ടാകും. ജയില്‍വാസം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്നെ പലരും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടു. എനിക്ക് പഴയപോലെ രോഗികളെ ശുശ്രൂഷിക്കാം. ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ ദൈവം ഇങ്ങനെയെല്ലാം പദ്ധതിയിട്ടുകാണും. യാദൃശ്ചികത എന്നൊന്നില്ല. സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ എവിടേക്കും ഓടിപ്പോകേണ്ടതില്ല.

ഈയൊരു സംഭവം നടന്നപ്പോള്‍ വൈസ് ചാന്‍സലറും എച്ച്.ഒ.ഡിയുമെല്ലാം എന്നെ കുറ്റപ്പെടുത്തി. ജനങ്ങളോട് ഞാന്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ കാര്യം മനസിലാക്കി. നമ്മള്‍ സത്യം പറഞ്ഞാല്‍ എവിടേക്കും ഓടിപ്പോകേണ്ടതില്ല എന്നതാണ് രണ്ടാമതായി ഞാന്‍ മനസിലാക്കിയത്.

റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more