'ഞാന്‍ കേരളത്തിലാണ്, എന്തിനാണിപ്പോള്‍ എന്റെ ഉമ്മയെ വേട്ടയാടുന്നത്, എന്നെ ഇനി കൊല്ലണോ'; യു.പി പൊലീസിനോട് കഫീല്‍ഖാന്‍
national news
'ഞാന്‍ കേരളത്തിലാണ്, എന്തിനാണിപ്പോള്‍ എന്റെ ഉമ്മയെ വേട്ടയാടുന്നത്, എന്നെ ഇനി കൊല്ലണോ'; യു.പി പൊലീസിനോട് കഫീല്‍ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th January 2022, 9:38 pm

ന്യൂദല്‍ഹി: താന്‍ കേരളത്തിലെത്തിയ തക്കം നോക്കി തന്റെ കുടുംബത്തെ ഉത്തര്‍പ്രദേശ് പൊലീസ് വേട്ടയാടുകയാണെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍.

റൈഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പൊലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.

പൊലീസ് തന്റെ 70 വയസ്സുള്ള ഉമ്മയെ ഭയപ്പെടുത്തുകയാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയിരിക്കുകയാണ് കഫീല്‍ഖാന്‍ ഇപ്പോള്‍.

‘എന്റെ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാന്‍ കേരളത്തില്‍ വന്നരിക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ തെരക്കില്‍നിന്നോക്കെ മാറി കുട്ടികളെ ചികിത്സിക്കുന്നതിന്റെ കാര്യത്തിലായിരുന്നു എന്റെ ശ്രദ്ധമുഴുവനും.
എന്നിട്ടും, പൊലീസിനെ അയച്ച് എന്റെ 70 വയസുള്ള ഉമ്മയെ ഭയപ്പെടുത്തി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്?

എന്നെ അറസ്റ്റ് ചെയ്യണോ, അതോ കൊല്ലണോ? എന്ത് വേണമെങ്കിലും ചെയ്യ്, പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവള്‍ക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. കുറച്ചു മനുഷ്യത്വം ബാക്കിയാക്കു സാര്‍,’ കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ എഴുതി.

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം.

സത്യം തുറന്ന് കിട്ടിയതിന്റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം മലയാളത്തില്‍ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യു.പി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.