| Tuesday, 23rd November 2021, 8:11 am

168 ഡോക്ടര്‍മാരും 5000 ജീവനക്കാരുമുള്ളിടത്ത് ബലിയാടായത് ഞാന്‍; യു.പി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തന്നെ പിരിച്ചുവിട്ട യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍.  2017 ആഗസ്റ്റില്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലാണ് ഖാനെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

8 ഡോക്ടര്‍മാരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഖാന്‍ ഒഴികെ 7 പേരെയും തിരിച്ചെടുത്തു.

”എനിക്കെതിരെ നാല് കുറ്റങ്ങള്‍ ഉണ്ടെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു എന്ന് കോടതി വരെ നിരീക്ഷിച്ചതാണ്. എന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഞാന്‍ കോടതിയെ സമീപിക്കും,” കഫീല്‍ ഖാന്‍ തിങ്കാളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രൈവറ്റായി പ്രാക്ടീസ് ചെയ്തു, യു.പി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തില്ല,  ബി.ആര്‍.ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതില്‍ അശ്രദ്ധ ഉണ്ടായി, ആശുപത്രിയിലെ 100 വാര്‍ഡുകളുടെ ചുമതല കഫീല്‍ ഖാനുണ്ടായിരുന്നു- എന്നിവയാണ് ഡോക്ടര്‍ക്കെതിരായ ആരോപണങ്ങളായി യു.പി മെഡിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളിലുള്ളത്.

”ഞാനൊരു മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് അവര്‍ എന്നെ ഉന്നം വെയ്ക്കുന്നതെന്ന് ചിന്തിക്കരുത്. 168ലധികം ഡോക്ടര്‍മാരും 5000ഓളം ജീവനക്കാരുമുള്ളിടത്ത് എന്നെയാണ് അവര്‍ ബലിയാടാക്കിയത്. എന്ത് കുറ്റത്തിനാണ് എന്നെ പിരിച്ചുവിട്ടതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്,” ഖാന്‍ പറഞ്ഞു.

ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ മാതാപിതാക്കളോട് യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തന്നെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

”എന്നെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സമൂഹത്തോടുള്ള എന്‍റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. ഞാന്‍ എന്‍റെ ജോലി മാത്രം നോക്കി, കുട്ടികള്‍ മരിക്കുമ്പോള്‍ നിശബ്ദനായിരുന്നാല്‍, ഒരു നല്ല ഡോക്ടറെന്നും പൗരനെന്നും എന്നെ വിളിക്കാനാവുമോ,” കഫീല്‍ ഖാന്‍ ചോദിച്ചു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ 2017ല്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.

സംഭവത്തില്‍ അന്ന് കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആ നടപടി കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. പിന്നീടും ഖാനെതിരെ നിരന്തരം പ്രതികാര നടപടികളുമായി യു.പി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഡിസംബര്‍ 12ന് അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ദേശസുരക്ഷാ നിയമം ഉപയോഗിച്ചുള്ള അറസ്റ്റ്.

എന്നാല്‍ അദ്ദേഹത്തിനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 11നായിരുന്നു ശിശുരോഗവിദഗ്ധനായ കഫീല്‍ ഖാനെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dr. Kafeel Khan said he will move to high court against UP government’s decision

We use cookies to give you the best possible experience. Learn more