ലഖ്നൗ: അലഹബാദ് ഹൈക്കോടതി വിധിയെ പ്രശംസിച്ച് ഡോ. കഫീല്‍ ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ ചുമത്തിയ കേസിലെ ക്രിമിനല്‍ നടപടികള്‍ അലഹബാദ് ഹൈക്കോടതി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണെന്നും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
” ഈ ധീരമായ വിധി ഇന്ത്യയിലുടനീളം ജയിലുകളില്‍ കഴിയുന്ന എല്ലാ ജനാധിപത്യ അനുകൂല പൗരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം നീണാല്‍ വാഴട്ടെ,” അദ്ദേഹം പറഞ്ഞു. എന്നാല്‍, കോടതി വിധിയില്‍ പ്രതികരണം നടത്താന്‍ യോഗി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അലിഗഡ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച യു.പി പൊലിസ് അതിനു മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന കഫീല്‍ ഖാന്റെ വാദം അംഗീകരിച്ചുകൊണ്ടാണ്
അദ്ദേഹത്തിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ കോടതി നിര്‍ത്തിവെച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കേസ് കീഴ്ക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
2019 ഡിസംബര്‍ 13 ന് കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം അലിഗഡിലെ സമാധാന അന്തരീക്ഷം തകര്‍ത്തെന്നാണ് യു.പി പൊലീസ് ആരോപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 13 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയായും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.