| Sunday, 17th June 2018, 4:27 pm

ബി.ജെ.പി എം.പിയാണ് തന്റെ സഹോദരനെ വെടിവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്: കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബി.ജെ.പി എം.പി കമലേഷ് പാസ്‌വാന്‍ ആണെന്ന ആരോപണവുമായി ഡോ.കഫീല്‍ ഖാന്‍ രംഗത്തെത്തി.

ബാന്‍സ്‌ഗോണ്‍ മണ്ഢലത്തിലെ എം.പിയായ കമലേഷിന് തന്റെ സഹോദരനുമായി വ്യക്തി വൈരാഗ്യം ഇല്ലെന്നും, തന്റെ അമ്മാവന്റെ സ്ഥലത്ത് ബി.ജെ.പി എം.പി കമലേഷ് നടത്തിയ കടന്ന് കയറ്റത്തിനെതിരെ കോടതിയില്‍ പോയതിന്റെ പ്രതികാരമാണ് വെടിവെയ്‌പ്പെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

പൊലീസ് വിഷയത്തില്‍ നിഷ്‌ക്രിയരാണെന്നും കഫീല്‍ ഖാന്‍ പരാതിപ്പെടുന്നുണ്ട്. സംഭവം നടന്ന് 48 മണിക്കൂറില്‍ നടപടികള്‍ കൈക്കൊള്ളും എന്ന് ഉറപ്പ് നല്‍കിയ പൊലീസ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയുമുണ്ടാക്കിയിട്ടില്ല. ആരുടേയോ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്താത് എന്നും കഫീല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഞായാറാഴ്ചയാണ് കഫീല്‍ ഖാന്റെ സഹോദരനായ കാഷിഫ് ജമീലിന് വെടിയേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന കാഷിഫിന് നേരെ മൂന്ന് തവണയാണ് അജ്ഞാതര്‍ നിറയൊഴിച്ചത്. പൊലീസ് ബോധപൂര്‍വ്വം സഹോദരന്റെ സര്‍ജറി വൈകിപ്പിക്കുന്നതായി നേരത്തെ കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിഷയത്തില്‍ അപലപിച്ചിരുന്നു. കഫീല്‍ ഖാന്റെ ക്ഷമ എല്ലാവര്‍ക്കും പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more