ഗോരഖ്പൂര്‍: ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ മേധാവിയായിരുന്നു കഫീല്‍ ഖാന്‍. ദുരന്ത സമയത്ത് സ്വന്തം റിസ്‌കില്‍ പുറത്തുനിന്ന് ഓക്‌സിജന്‍ എത്തിച്ച കഫീല്‍ ഖാന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ ഇതിലും വലിയ ദുരന്തത്തിന് രാജ്യം സാക്ഷിയാകുമായിരുന്നു.
എന്നാല്‍ കഫീല്‍ ഖാനെതിരെ പ്രതികാര മനോഭാവത്തോടെയാണ് ആശുപത്രി മാനേജ്‌മെന്റും സര്‍ക്കാരും നീങ്ങുന്നതെന്നതിന്റെ സൂചനയാണ് കഫീല്‍ ഖാന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. കഫീല്‍ ഖാനെതിരെ നേരത്തെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.കഫീല്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റം ചുമത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ക്കെതിരായ നടപടി.
എന്നാല്‍ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ കഫീല്‍ ഖാന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ തീവ്രത കുറച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഡോക്ടര്‍ സ്വന്തം ചെലവില്‍ വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നു.