| Monday, 14th May 2018, 11:32 am

'ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെ'; കുടുംബത്തോടൊപ്പം വീണ്ടും എത്തും; കേരളത്തെ പുകഴ്ത്തി ഡോ. കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തെ വാനോളം പുകഴ്ത്തി ഖോരഗ്പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍.

ഓരോ യാത്രയ്ക്കും ഓരോ ഉദ്ദേശങ്ങള്‍ കാണുമെന്നും എന്നാല്‍ ഈ രാജ്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റി മറയ്ക്കുന്നതായിരുന്നു കേരളത്തിലൂടെയുള്ള തന്റെ യാത്രയെന്നും ഡോ. കഫീല്‍ ഖാന്‍ പറയുന്നു.

ഇവിടെ എല്ലാം വിശുദ്ധമാണ്. പ്രകൃതിയാല്‍ അനുഗ്രഹീതമായ നാട്. ഇവിടെ എല്ലാം സുന്ദരമാണ്. കായലും കടല്‍ തീരങ്ങളും പച്ചപ്പും മനസിനെ ശാന്തമാക്കുന്നതായിരുന്നു. ഇന്നോവയിലായിരുന്നു അധികസമയവും യാത്ര. കൂടുതല്‍ ആളുകളെ കാണുക എന്നൊരു ലക്ഷ്യം കൂടി കാര്‍ യാത്രകൊണ്ട് ഉദ്ദേശിച്ചിരുന്നു.

അന്വേഷകനായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സഞ്ചരിച്ച തനിക്ക് കേരളം സമ്മാനിച്ച അനുഭവം മികച്ചതായിരുന്നു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു മഹനീയ ജനത നിലനില്‍ക്കുന്നുവെന്നത് തന്നെ സംബന്ധിച്ച് അത്ഭുതമായിരുന്നു.


Dont Miss ബാലറ്റ് പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ബി.ജെ.പി ബൂത്ത് ഏജന്റിനെ പിടികൂടി നാട്ടുകാര്‍: മന്ത്രി മര്‍ദ്ദിച്ചതായും ആരോപണം


കേരളത്തിലെ ജനങ്ങളുടെ ആദിത്യമര്യാദയെ കുറിച്ച് മാത്രമല്ല പറയുന്നത്. സമൂഹം ആവശ്യപ്പെടുന്ന വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ ഇവിടെ കണ്ടു. ഇവിടെ കച്ചാ ഹൗസ് ഇല്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുമായി സംസാരിക്കാനായി. മാനുഷികബന്ധങ്ങളുടെ തുടക്കം ഇവിടെ നിന്നാണെന്ന് ഞാന്‍ കരുതുന്നു.

ദൈവം ഇവിടുത്തെ പ്രകൃതിയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടെന്ന് ഇവിടുകാര്‍ക്ക് അറിയാം. അതുപോലെ മറ്റുള്ളവരാല്‍ അനുഗ്രഹിക്കപ്പെടാന്‍ അവരും (മനുഷ്യര്‍) ശ്രമിക്കുന്നു. അതുകൊണ്ട് തന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയത്. കേരളത്തിന് നന്ദി, വൈകാതെ കുടുംബത്തോടൊപ്പം തിരിച്ചെത്തും!- ഡോ. കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ഖരഗ്പുരില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ സത്യാവസ്ഥ അന്വേഷിക്കാതെ ദേശീയമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും താനടക്കമുള്ളവരെ കുറ്റക്കാരാക്കിയെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

ആശുപത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിക്കാതെയാണ് പല ദേശീയമാധ്യമങ്ങളും വാര്‍ത്ത കൊടുത്തതെന്നും ജൂനിയര്‍ ഡോക്ടറായ തന്നെ വൈസ് പ്രിന്‍സിപ്പലെന്നും വകുപ്പ് തലവനെന്നുമെല്ലാമാണ് വിശേഷിപ്പിച്ചതെന്നും എന്നാല്‍, കേരളത്തിലെ മാധ്യമങ്ങള്‍ വസ്തുതാപരമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് പിന്നീട് മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓക്സിജന്‍ എത്തിക്കാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തിന് ഉത്തരവാദി യു.പി. സര്‍ക്കാരാണ്. തന്നെ ജയിലിലടച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കുട്ടികളുടെ മതവും ജാതിയും നോക്കാതെ നല്ല ചികിത്സ നല്‍കാനാണ് താന്‍ ശ്രമിച്ചതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

കാനഡ, യു.എസ്. തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സേവനംചെയ്യാന്‍ ക്ഷണമുണ്ട്. എന്നാല്‍, ഖോരഗ്പുരില്‍ നിന്ന് താന്‍ ഒളിച്ചോടില്ല. നീതിക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കഫീല്‍ ഖാന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more