ഒരു പെണ്ണാണ് ഇന്നത്തെ ഗൂഗിളിന്റെ ഡൂഡിലില്‍. അവരുടെ പിന്നിലെ കെട്ടിടത്തില്‍ എഴുതി വെച്ചിരിക്കുന്നത് ഒരു ഇന്ത്യന്‍ ഭാഷയും. പക്ഷേ നമുക്ക് മിക്കവര്‍ക്കും അവരാരാണെന്ന് അറിയാന്‍ സാധ്യതയില്ല.
അവരൊരു ഡോക്ടറാണ്. ഡോ. കാദംബിനി ഗാംഗുലി. വെറും ഡോക്ടറല്ല. ഇന്ത്യന്‍ സബ്‌കോണ്ടിനന്റിലെ ആദ്യ വനിതാ ഡോക്ടര്‍മാരിലൊരാള്‍. കാദംബിനി ഗാംഗുലിയെയും ഒപ്പം പരാമര്‍ശിക്കപ്പെടുന്ന ആനന്ദി ഗോപാല്‍ ജോഷിയുടെയെയും കുറിച്ച് വായിക്കുമ്പൊ തന്നെ അന്നത്തെ അവസ്ഥയുടെ ഒരു ഏകദേശ ചിത്രം കിട്ടും.
സ്ത്രീസ്വാതന്ത്ര്യത്തിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരുന്ന ഒരു കാലത്ത് സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാന്‍ മടികാണിച്ച ഒരു സമൂഹത്തില്‍ നിന്നാണ് കാദംബിനി ഗാംഗുലി ഡോക്ടറാവാന്‍ ഇറങ്ങുന്നത്.
അത് ഏതറ്റം വരെ പോയെന്ന് മനസിലാവണമെങ്കില്‍ അന്ന് അക്കാരണം കൊണ്ട് അവര്‍ക്ക് MB ഡിഗ്രി നല്‍കുന്നതിനു പകരം 1886ല്‍ GMCB ഡിഗ്രി മാത്രമാണ് നല്‍കിയതെന്ന് അറിയണം. അവരെ പഠിപ്പിച്ചവര്‍ക്ക് പോലും ഒരു പെണ്ണ് സ്‌പെഷ്യലിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നുവെന്നത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രാക്ടീസ് ചെയ്തുതുടങ്ങിയപ്പൊ തന്നെ അത് മനസിലാക്കിയ അവര്‍ ആദ്യം ഇംഗ്ലണ്ടിലും പിന്നീട് സ്‌കോട്‌ലന്‍ഡിലും പോയി, ഒന്നിലധികം ബഹുമതികള്‍ അനായാസമെന്നോണം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
അവരുടെ ജീവിതത്തെക്കുറിച്ചറിഞ്ഞ സാക്ഷാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിച്ച് കത്തെഴുതിയതുകൂടി അറിയണം.
അതു മാത്രമല്ല, ഇന്ത്യയില്‍ സാമൂഹ്യമായ മാറ്റമുണ്ടാവാന്‍ ശക്തിയുക്തം വാദിച്ചിരുന്നവരിലൊരാളാണ് കാദംബിനി. അക്കാരണം കൊണ്ടുതന്നെ 1889ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലെ ആറ് വനിതാ ഡെലിഗേറ്റുകളില്‍ ഒരാളായിരുന്നു ശ്രീമതി ഗാംഗുലി.
സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതിന് അവര്‍ക്ക് കയ്യടികള്‍ മാത്രമല്ല കിട്ടിയിരുന്നത് കേട്ടോ, അവരെ വേശ്യയെന്ന് വിളിച്ചുകൊണ്ട് എഴുതിയ മാസികയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയ കഥ കൂടി വായിച്ചു അവരെക്കുറിച്ചുള്ള വിക്കിപ്പീഡിയ കുറിപ്പില്‍.
അന്നത്തെ ആ മനോഭാവം അശേഷം മാറാത്തവര്‍ ഇന്നുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് വണ്ടികിട്ടാത്തവരെന്ന് വിളിക്കുന്നത് ചുമ്മാതല്ലെന്ന് മനസിലായല്ലോ. ഡോ. ആനന്ദിയുടെ കഥ കുറച്ചുകൂടി വ്യത്യസ്തമാണ്.
ഒന്‍പതാം വയസില്‍ വിവാഹം. ഭാര്യ മരണപ്പെട്ട, തന്നെക്കാള്‍ പത്തിരുപത് വയസ് മുതിര്‍ന്ന ഒരാളോട്. പതിനാലാം വയസില്‍ ആദ്യത്തെ കുഞ്ഞുണ്ടാവുന്നു, ജനിച്ച് പത്ത് ദിവസത്തിനുള്ളില്‍ മരണപ്പെടുന്നു.
അമേരിക്കയിലെ ഒരു മിഷനറിക്ക് അവര്‍ സഹായമഭ്യര്‍ഥിച്ച് കത്തെഴുതി. അയാള്‍ വഴി അവിടെയുള്ള ഒരു അമേരിക്കന്‍ പൗരയ്ക്ക് ആനന്ദിയോട് താല്പര്യം തോന്നുന്നു. ഭര്‍ത്താവിന്റെ പിന്തുണയോടെ ആനന്ദി മെഡിക്കല്‍ പഠനത്തിനുളള ശ്രമങ്ങള്‍ തുടരുന്നു.
പക്ഷേ അവരുടെ ആരോഗ്യം അനുദിനം മോശമാവുന്നുണ്ടായിരുന്നു. ഒപ്പം ഒരു പെണ്ണ് പഠിക്കാന്‍ പോവുന്നതിനെക്കുറിച്ച് അറിഞ്ഞപ്പൊ, പ്രത്യേകിച്ച് വിദേശത്ത് പഠിക്കാന്‍ പോവുന്നെന്നറിഞ്ഞപ്പൊ ഉണ്ടായ അതിശക്തമായ എതിര്‍പ്പുകളും. എല്ലാറ്റിനെയും അതിജീവിച്ച് അവര്‍ യു.എസില്‍ പോവുകതന്നെ ചെയ്തു.
പഠനം പൂര്‍ത്തിയാക്കിയ അവര്‍ക്ക് അഭിനന്ദനക്കുറിപ്പ് അയച്ചവരില്‍ അന്നത്തെ വിക്ടോറിയ രാജ്ഞിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വായിച്ചത്. തിരികെ വന്ന് അവര്‍ പ്രാക്ടീസ് തുടങ്ങിയെങ്കിലും അത് അധികം നീണ്ടില്ല. ട്യൂബര്‍കുലോസിസ് ബാധിച്ച് ഇരുപത്തിയൊന്നാം വയസില്‍ അവര്‍ മരണമടയുകയാണുണ്ടായത്.
ഇവരുടെ രണ്ടുപേരുടെയും ജീവിതങ്ങളെക്കുറിച്ച് വായിക്കുമ്പൊ അന്നത്തെ സാമൂഹ്യസാഹചര്യങ്ങളില്‍ നിന്ന് എത്രത്തോളം മാറ്റമുണ്ടായി ഇന്നെന്നുകൂടി നമ്മള്‍ കണ്ടറിയണം. സ്ത്രീകള്‍ പഠിക്കാന്‍ തുടങ്ങിയതും പ്രത്യേകിച്ച് നഴ്‌സുമാര്‍ ഒരുപാടുണ്ടായതും അതുവഴി ഒട്ടേറെ കുടുംബങ്ങള്‍ രക്ഷപ്പെട്ടതും നേരിട്ടറിയുന്ന, കണ്ടിട്ടുള്ള കേരളത്തില്‍ വന്ന മാറ്റങ്ങള്‍.
ഒരു ഡോക്ടര്‍ ഇരുപത്തിയൊന്നാം വയസില്‍ മരിക്കുന്നത് അത്ര അസാധാരണമല്ലാതിരുന്ന, ഒന്‍പതാം വയസില്‍ വിവാഹം നടന്ന് പതിനഞ്ച് തികയുന്നതിനു മുന്‍പ് പ്രസവം നടന്നിരുന്ന ഒരു കാലത്തെക്കുറിച്ച് ഓര്‍ക്കണം. അവിടെനിന്ന് എത്ര മുന്‍പോട്ട് നടന്നെന്നും. അത് മാത്രമല്ല, ഇന്നും അക്കാലത്തെ മനോഭാവം വെച്ചുപുലര്‍ത്തിക്കൊണ്ട് നടക്കുന്നവരെക്കുറിച്ചും ഓര്‍ക്കണം.
ഇന്ന് കാദംബിനി ഗാംഗുലിയുടെ നൂറ്റിയറുപതാം ജന്മവാര്‍ഷികമാണ്. ഡൂഡിലിന് കാരണവും അതാണ്. എത്രത്തോളം യുദ്ധം ചെയ്താണ് ഇന്ന് ലോകം മുഴുവന്‍ കാണുന്ന, ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി അവര്‍ മാറിയതെന്ന് ഓര്‍ക്കണം.
ഇന്നും അതേ യുദ്ധങ്ങള്‍ സ്ത്രീകള്‍ മറ്റ് പല രൂപങ്ങളിലും തുടരുന്നതോര്‍ക്കണം. അതിനു തടയിടാന്‍ സാമൂഹ്യവിരുദ്ധര്‍ ശ്രമങ്ങള്‍ തുടരുന്നതുമോര്‍ക്കണം.
ഓര്‍മിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതും കാദംബിനിയെയും ആനന്ദിയെയും പോലെയുള്ള സ്ത്രീകളുടെ കഥകളാണ്. കാരണങ്ങള്‍ മുന്‍പ് പറഞ്ഞതു തന്നെ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dr. Kadambini Ganguly, India’s first female doctor, Google celebrates her birth anniversary with a doodle