'റുബല്ല വാക്‌സിന്‍ കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ'യെന്നു ചോദിച്ച ഡോ. ഖദീജ മുംതാസിനു ഒരു ശിഷ്യന്റെ തുറന്നു കത്ത്
Daily News
'റുബല്ല വാക്‌സിന്‍ കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ'യെന്നു ചോദിച്ച ഡോ. ഖദീജ മുംതാസിനു ഒരു ശിഷ്യന്റെ തുറന്നു കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2017, 10:40 am

കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ പിറക്കുന്നു. അതിന്റെ 3 ശതമാനം ആയ 15000 കുഞ്ഞുങ്ങളുടെ വില അവരുടെ മാതാപിതാക്കള്‍ക്ക് എത്ര കോടി വരും? 3 ശതമാനം എന്ന് അങ്ങ് വില കുറച്ചു കാണുമ്പോള്‍ ഞങ്ങള്‍ക്ക് അത് 15000 പിഞ്ചു കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ആണ്.


 

ഏറെ ബഹുമാനിക്കുന്ന ഡോ. ഖദീജക്ക്,

എന്റെ അദ്ധ്യാപിക, ഒരു സ്ത്രീപക്ഷ ചിന്തക, എഴുത്തുകാരി, “ബര്‌സ”യുടെ സ്രഷ്ടാവ് അങ്ങിനെ പല രീതിയില്‍ എനിക്ക് ഏറെ ബഹുമാന്യയാണ് അങ്ങ്. ശാസ്ത്രീയവും പുരോഗമനപരവുമായ ഒരു കാഴ്ച്ചപാടിനു ഉടമ എന്ന എന്റെ വിലയിരുത്തല്‍ തെറ്റിക്കുന്നതായിരുന്നു ഇന്നത്തെ ദിവസം അങ്ങയുടെതായി മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം.

അങ്ങയോടുള്ള എന്റെ ബഹുമാനത്തിനു ഏറെ വിള്ളല്‍ ഏല്‍പ്പിച്ച ആ ലേഖനത്തില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടാതെ പോയ ചില വന്‍ അബദ്ധങ്ങള്‍ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടത് ഒരു ശിഷ്യന്‍ എന്നാ നിലക്ക് എന്റെ കടമ ആണെന്ന് ഞാന്‍ കരുതുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും തെറ്റ് ചൂണ്ടിക്കാണിക്കാനും എന്നും തയ്യാറാവുന്ന അങ്ങയുടെ പാത പിന്തുടര്‍ന്നു തന്നെ ചില ചോദ്യങ്ങള്‍ ഇവിടെ ഉന്നയിക്കട്ടെ…

 (വെറും മൂന്നുശതമാനത്തിന് വേണ്ടിയാണോ കോടിക്കണക്കിന് രൂപ ചെലവിട്ട് ….) ഈ മൂന്നു ശതമാനത്തില്‍ എന്റെ പിറക്കാന്‍ പോകുന്ന കുഞ്ഞു പെടുമെങ്കില്‍ ആ കുഞ്ഞിനു അങ്ങ് എത്രകോടി വിലയിടും? അങ്ങയുടെ ശിഷ്യന്‍ എന്ന നിലക്ക് അങ്ങ് എന്റെ കുഞ്ഞിനു ഇടുന്ന വില സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.

കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ പിറക്കുന്നു. അതിന്റെ 3 ശതമാനം ആയ 15000 കുഞ്ഞുങ്ങളുടെ വില അവരുടെ മാതാപിതാക്കള്‍ക്ക് എത്ര കോടി വരും? 3 ശതമാനം എന്ന് അങ്ങ് വില കുറച്ചു കാണുമ്പോള്‍ ഞങ്ങള്‍ക്ക് അത് 15000 പിഞ്ചു കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ആണ്.

 

ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തി എന്ന് പറയപ്പെടുന്ന പഠനം. അവര്‍ നടത്തിയതായി പുറത്തു വന്നിട്ടുള്ള ഏക പഠനം ഡോ. ജയകൃഷ്ണന്‍ മാവൂര്‍ പഞ്ചായത്തിലെ വെറും 256 കൗമാരക്കാരായ പെണ്‍കുട്ടികളില്‍ നടത്തിയ പഠനം. ഇത്ര കുറഞ്ഞ എണ്ണം വെച്ച് ശാസ്ത്രീയമായി കേരളത്തിന്റെ മൊത്തം സ്ഥിതി എങ്ങിനെ അനുമാനിക്കും എന്നാ കാര്യം അവിടെ നില്‍ക്കട്ടെ. അങ്ങ് പറയുന്ന രീതിയില്‍ ആണെങ്കില്‍ പോലും പഠന ഫലം കാണിക്കുന്നത് 32% പെണ്‍കുട്ടികളിലെങ്കിലും റുബെല്ല ബാധക്കുള്ള സാധ്യത ഉണ്ടെന്നു ആണ്.

(A study conducted by the department of community medicine of the Kozhikode Medical College among 256 girls in Mavoor panchayat revealed that 32 per cent of girls are susceptible to rubella infection. The study was conducted for the first time in the state after many instances of rubella cases were reported among pregnant women. The study “Prevalence of Rubella Specific IgG antibody among adolescent girls of Northern Kerala” was done by Dr T Jayakrishnan, associate professor of Community Medicine, Kozhikode Medical College among girls who have not taken MMR (measles, mumps, rubella) vaccine during childhood. Source: Times of India 13 January 2014)

ഇതിനെ അങ്ങയുടെ സൗകര്യാര്‍ത്ഥം വളച്ചു ഓടിച്ചതിന്റെ പിന്നിലെ ഔചിത്യം എനിക്ക് മനസിലാകുന്നില്ല. രണ്ടാമത്തെ പഠനം ഗര്‍ഭിണികളില്‍ നടത്തിയപ്പോള്‍ 97% പേര്‍ക്ക് റുബെല്ല പരിരോധ ശേഷി ഉണ്ടെന്നു കണ്ടു.

ഏതൊരു ലേഖകന്റെയും പ്രാഥമിക കടമയാണ് താന്‍ ഉദ്ധരിക്കുന്ന കണക്കുകള്‍ എവിടെ നിന്ന് കിട്ടി എന്നതിന്റെ സൂചന (റഫറന്‍സ്) നല്‍കുക എന്നത്. ഇത് ഇക്കാര്യത്തില്‍ അങ്ങ് മറന്നു പോയത് ആകാന്‍ തരമില്ല. ഞങ്ങളെ പോലുള്ളവര്‍ സത്യം വിളിച്ചു പറയും എന്ന് കരുതി മറച്ചു വെച്ചത് അങ്ങയെ പോലെ ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

 

 (ചിത്രം കാണിച്ച് ഭയപ്പെടുത്തി വാക്സിനേഷന് നിര്‍ബന്ധിക്കുന്നതായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുഹൃത്ത് പറഞ്ഞറിഞ്ഞു) അങ്ങയുടെ ഈ എഴുത്തുകാരി ആക്ടിവിസ്റ്റ് സുഹൃത്തിനു ആക്ടിവിസം അല്ലാതെ സാമാന്യ ബുദ്ധി കൂടെ ഉണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി എവിടെയെങ്കില്‍ നിര്‍ബന്ധമായി വാക്‌സിന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരികയാണ്.

അങ്ങിനെയെങ്കില്‍ തെറ്റായ ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കും. പക്ഷെ ഇവിടെ കണ്ടത് അങ്ങയുടെ സുഹൃത്തിന്റെ എടുത്തുചാട്ടത്തിനു ചൂട്ടു പിടിച്ചു കൊണ്ട് ആധുനിക വൈദ്യത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള, അനേകം ഡോക്ടര്‍മാരെ പഠിപ്പിച്ചിട്ടുള്ള അങ്ങയും കൂടെ ചേര്‍ന്ന് കൊണ്ട് തെറ്റായ ഒരു പ്രചാരണത്തിന് ചാടി പുറപ്പെടുന്നതാണ്. അത് ഒരു യഥാര്‍ത്ഥ ശാസ്ത്രീയ വീക്ഷണം അല്ല എന്ന് പറയാതിരിക്കാന്‍ വയ്യ.

 • അങ്ങയുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ: (ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍ ഈ വൈറല്‍ബാധ ഉണ്ടാകുമ്പോഴാണ് ഏറെ ഗൗരവസ്വഭാവം അതിനുണ്ടാകുന്നത്. ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്ന ഒട്ടേറെ വൈകല്യങ്ങളായാണ് അത് അപ്പോള്‍ സാന്നിധ്യമറിയിക്കുക. കാഴ്ച ശക്തിയെയും കേള്‍വിശക്തിയെയും ഹൃദയത്തെയും നാഡീഞരമ്പുകളെയും തീവ്രമായി ബാധിക്കുന്ന കരാളത അത് അപ്പോള്‍ കൈവരിക്കുന്നുമുണ്ട്. ഇതാണ് മറ്റുവിധത്തില്‍ ഏറെ ഉപദ്രവകാരിയല്ലാത്ത ഒരു വൈറസ്സിനെ നമ്മുടെ മനസ്സില്‍ ഒരു വില്ലനായി പ്രതിഷ്ഠിക്കുന്നത്.

തീര്‍ച്ചയായും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ വൈകല്യം അത്യന്തം ദയനീയമായ ഒരു അവസ്ഥതന്നെയാണ്. സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കേണ്ട ഒന്ന്. ) ……… അങ്ങ് തന്നെ കരാളത, വില്ലന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ച, സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കേണ്ട രോഗം എന്ന് പറയുന്ന ഈ രോഗത്തിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നല്‍കി എന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?

 • വീണ്ടും അങ്ങയുടെ വാക്കുകള്‍ കടം എടുത്താല്‍…. (ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ഈ ആന്റിബോഡി ടെസ്റ്റിന്റെ പ്രസക്തി. കാരണം, ഇതിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പനി റുബല്ലതന്നെയെന്നും ഗര്‍ഭകാലം എത്ര നേരത്തേയാണോ അതിനനുസരിച്ച് 90 ശതമാനംവരെ വൈകല്യസാധ്യതയുണ്ടെന്നും ഉറപ്പിക്കാം. ) ഗര്‍ഭിണി ആകുമ്പോള്‍ വരുന്ന എല്ലാ പനിക്കും റുബെല്ല IgM test ചെയ്യണം എന്നാണോ അങ്ങയുടെ അഭിപ്രായം?

 

അങ്ങിനെ എങ്കില്‍ ഓരോ പനിക്കും ഏതാണ്ട് 500 മുതല്‍ 750 രൂപ വരെ മുടക്കി ഓരോ തവണയും ടെസ്റ്റ് ചെയ്യാം എന്നാണോ? അതിന്റെ പണം പാവപ്പെട്ടവന്റെ കീശയില്‍ നിന്നാണല്ലോ പോവുക…. റുബെല്ല IgM test kit ഉണ്ടാക്കുന്ന കമ്പനികളില്‍ നിന്ന് ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് എത്ര കിട്ടും എന്ന ചോദ്യം ഞാന്‍ തല്‍കാലം ചോദിക്കുന്നില്ല.

അങ്ങയുടെ അഭിപ്രായത്തില്‍ ഗര്‍ഭിണി ആകുമ്പോള്‍ പനി വന്നാല്‍ IgM test ചെയ്യണം… എന്നിട്ടോ? അങ്ങയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ (ഗര്‍ഭത്തിന്റെ ആദ്യപകുതിയില്‍ ഈ രോഗം വന്നാല്‍ ഗര്‍ഭം അലസിപ്പിച്ചുകളയല്‍ തന്നെയാണ് കരണീയം. അത്രമാത്രം ഗൗരവതരമാണ് അതുണ്ടാക്കുന്ന വൈകല്യങ്ങള്‍) അങ്ങയോടു ഒന്ന് ചോദിച്ചോട്ടെ?

ആറ്റു നോറ്റിരുന്നു ഗര്‍ഭിണി ആകുന്ന ഒരു അമ്മ… അവരുടെ ഗര്‍ഭം അലസിപിച്ചു കളയണം എന്ന് വളരെ ലാഘവത്തോടെ ഒരു Gynaecologist എന്നാ നിലക്ക് അങ്ങേക്ക് പറയാം.. പക്ഷെ ആ അമ്മക്ക് അത് അത്ര നിസ്സാര കാര്യമല്ല.

മതപരമായും ആരോഗ്യപരമായും മറ്റും ഗര്‍ഭം അലസിപ്പിക്കാന്‍ തടസങ്ങള്‍ ഉള്ള അമ്മമാര്‍ എന്ത് ചെയ്യും? അവര്‍ ഗുരുതര വൈകല്യമുണ്ടോ എന്നാ സംശയത്തോടെ ഗര്‍ഭകാലം മുഴുവന്‍ കഴിയട്ടെ അല്ലെ? എന്നിട്ട് പ്രസവ ശേഷം വൈകല്യം ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ കൊന്നു കളയണോ? അതോ ഇല്ലാത്ത പണം മുടക്കി ഫലിക്കാത്ത ചികിത്സകള്‍ ചെയ്തു കുടുംബം വെളുപ്പിക്കണോ? അങ്ങേക്ക് ഇതൊക്കെ നിസ്സാരം… പക്ഷെ ഒരു ഗര്‍ഭം അലസി പോയ അമ്മയോട് ചോദിക്ക് വയറ്റില്‍ വളരുന്ന ഒരു ഭ്രൂണത്തിന്റെ വില.. അങ്ങ് പറയുന്ന ഈ കോടികള്‍ പകരം വെച്ചാല്‍ സ്വന്തം ഗര്‍ഭപാത്രത്തില്‍ ഒരു പുതു നാമ്പ് വളരില്ലെന്നു നമ്മള്‍ ഓര്‍ക്കണ്ടേ?

ഞാന്‍ തുടര്‍ന്ന് എഴുതാന്‍ ഉദ്ദേശിച്ച പല കാര്യങ്ങളും വളരെ ഭംഗിയായി ഡോ. അരുണ്‍. എന്‍. എം. അദ്ധേഹത്തിന്റെ ഒരു പോസ്റ്റില്‍ വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെയും എന്റെയും ഉദ്ദേശം ഒന്നായത് കൊണ്ട് ഇരട്ടി പണി എടുക്കാതെ അദ്ദേഹത്തിന്റെ കുറിപ്പ് ഇവിടെ പകര്‍ത്തുന്നു:

ഡോ ഖദീജ മുംതാസിനു അറിയാത്ത കാര്യങ്ങള്‍ (from Dr. Arun NM, Consultant in Internal Medicine)
ഏതൊരു കാര്യത്തിനെ പറ്റി എഴുതുമ്പോളും കുറച്ചെങ്കിലും അതിനെ കുറിച്ച് പഠിക്കണം. ശാസ്ത്രവിഷയമാകുമ്പോള്‍ വെറുതെ ഒന്നോ രണ്ടോ ലേഖനങ്ങള്‍ വായിച്ചാല്‍ പോരാ. അതിനെ കുറിച്ചു എഴുതപെട്ടിട്ടുള്ള എല്ലാ ശാസ്ത്രലേഖനങ്ങളും വിലയിരുത്തപെടേണ്ടതുണ്ട്. മാത്രമല്ല ലോകാരോഗ്യ സംഘടന പോലെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ പുറത്തുവിട്ടിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

ശാസ്ത്ര വിഷയത്തെ കുറിച്ചു എഴുതുന്നത് ഒരു നോവല്‍ എഴുതുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തം എന്നു ചുരുക്കം. മനോധര്‍മ്മത്തിനു യാതൊരു സ്ഥാനവുമില്ല.

 

ഇനി ഖദീജ മുംതാസിന്റെ ലേഖനത്തിലെ പ്രധാന വാദങ്ങളിലേക്ക് വരാം.

1 റുബെല്ല വാക്‌സിന്റെ ഗുണഫലം എത്ര നാള്‍ നില്‍ക്കും?

ഇതിനുള്ള ഉത്തരം അവര്‍ക്കു കിട്ടിയതു എതോ ഒരു മെഡിക്കല്‍ കോളേജിലെ കമ്മ്യുണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ആരോ ഒരാളില്‍ നിന്നാണത്രെ.

അങ്ങിനെ അവര്‍ക്ക് കിട്ടിയ വിവരം 10 മുതല്‍ 20 വര്‍ഷം വരെ എന്നാണത്രെ.

സത്യം എന്താണു? റുബെല്ല വാക്‌സിന്‍ ഒരൊറ്റ ഡോസ് 95 % പേര്‍ക്കും ആജീവാനന്ത പ്രതിരോധ ശേഷി നല്‍കുന്നു. രണ്ടു ഡോസു അതില്‍ കൂടുതല്‍ പേര്‍ക്കും ആജീവാനന്ത പ്രതിരോധശേഷി നല്‍കുന്നു.

ഇതു ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക രേഖകള്‍ പല പഠനങ്ങളെയും ഉദ്ധരിച്ചു കൊണ്ട് അറിയിക്കുന്ന വിവരമാണു. ഖദീജ മുംതാസിനു എന്തു കൊണ്ട് ഈ വിവരം ഒരു പ്രധാന പത്രത്തില്‍ ധാരാളം ആളുകള്‍ വായിക്കുന്ന ഒരു ലേഖനം എഴുതുന്നതിനു മുന്‍പ് അറിയാതെ പോയി? അറിയാന്‍ ശ്രമിച്ചില്ല എന്ന് പറയണ്ടിവരും.

2 അപ്പോള്‍ പിന്നെ എന്തിനാണു 13-14 വയസ്സുകാരികളായ എല്ലാവര്‍ക്കും റുബെല്ല കുത്തിവെപ്പ് കൊടുക്കുന്നതു?

ലേഖനത്തില്‍ അതിന്റെ കാരണം അവര്‍ തന്നെ പറയുന്നുണ്ട്. സര്‍ക്കാര്‍ വാക്‌സിന്‍ പട്ടികയില്‍ റുബെല്ലക്കെതിരെയുള്ള വാക്‌സിന്‍ അടങ്ങുന്ന MMR വാക്‌സിന്‍ സ്ഥാനം പിടിച്ചിട്ട് അധികം കാലമായിട്ടില്ല. അതുകൊണ്ട് ഇന്നു 13-14 വയസ്സായ പെണ്‍ക്കുട്ടികളില്‍ ഭൂരിപക്ഷം പേര്‍ക്കും അതു ലഭിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ 13-14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് അതു കൊടുത്താല്‍ ഗര്‍ഭകാലത്തു റുബെല്ല വന്ന് അംഗവൈകല്യത്തോടു കൂടി ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറക്കാന്‍ സാധിക്കും.

വാക്‌സിന്‍ കൊണ്ട് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഡോ മുംതാസ് പോലും അവകാശപെടുന്നില്ല.
അപ്പോള്‍ പിന്നെ കൂറച്ച് ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷപെടുത്തുന്നതില്‍ എന്താണു തെറ്റ്?

കേവലം 3% ശതമാനം പേര്‍ക്ക് മാത്രം വേണ്ടിയാണു എല്ലാവര്‍ക്കും കുത്തിവെപ്പ് കൊടുക്കുന്നത് എന്നാണു പിന്നേ ഒരു വാദം. ആ കണക്കു പൂര്‍ണ്ണമായി ശരിയല്ല. എങ്കിലും വാദത്തിനു സമ്മതിച്ചാല്‍ തന്നെ വര്‍ഷത്തില്‍ 15000 ത്തോളം കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ തടയാന്‍ കഴിയുന്ന ഈ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ കാര്യമായ പാര്‍ശ്ശ്വഫലമില്ലാത്ത ഒരു കുത്തിവെപ്പ് കൊണ്ട് സാധിക്കുമെങ്കില്‍ മഹത്തായ ഒരു നേട്ടമല്ലെ? അതു എന്തിനു വേണ്ട എന്ന് പറയണം?

3 ഈ വാക്‌സിന്‍ കൊടുക്കുന്നത് 13-14 വയസ്സില്‍ നിന്ന് മാറ്റി 18 ആക്കികൂടെ എന്നാണു ഡോ ഖദീജയുടെ അടുത്ത ചോദ്യം. പ്രായപൂര്‍ത്തിയായി സ്വയം കാര്യങ്ങള്‍ മനസിലാക്കാന്‍ കെല്‍പ്പുളവര്‍ക്ക് മാത്രം കൊടുത്താല്‍ പോരെ?

പ്രായപൂര്‍ത്തിയായി സ്വയം കാര്യങ്ങള്‍ മനസിലാക്കുന്നവര്‍ക്ക് മാത്രമെ വാക്‌സിനുകള്‍ കൊടുക്കാന്‍പാടുള്ളു എന്ന് അവര്‍ പറയുന്നില്ല. ഗര്‍ഭസ്ഥ ശിശുക്കളെ മാത്രം രക്ഷിക്കാന്‍ സഹായിക്കുന്ന വാക്‌സിന്‍ ആയതുകൊണ്ട് ഇതു 18 വയസ്സില്‍ പോരെ എന്നാണു ചോദ്യം. അപ്പോള്‍ പിന്നെ 2 വയസ്സിനു താഴെയുള്ളവരില്‍ MMR കൊടുക്കുന്നതില്‍ നിന്ന് റുബല്ലെ വാക്‌സിനെ ഒഴിവാക്കാന്‍ അവര്‍ വാദിക്കണ്ടെ? എന്തുകൊണ്ടോ അതു അവര്‍ പറയുന്നില്ല.

 

എന്താണു സര്‍ക്കാറിന്റെയും ലോകാരോഗ്യ സംഘടനയുടെയും ലക്ഷ്യങ്ങള്‍ എന്ന് മനസിലാക്കാതെയുള്ള ചോദ്യങ്ങളാണിത്.

റുബെല്ല പ്രതിരോധ പരിപാടി കേവലം congenital rubella syndrome തടയാന്‍ മാത്രമുള്ളതല്ല. റുബെല്ലയെ പോളിയോ പോലെ പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ളതാണു. കേവലം ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ള പ്രായത്തില്‍ മാത്രമുള്ള കുത്തിവെപ്പ് രോഗാണുവിന്റെ പെറ്റു പെരുകലിനെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും നിര്‍മ്മാര്‍ജ്ജനം അസാധ്യമാക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു പലതരം നിരീക്ഷണ പരീക്ഷണ പഠനങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു വെച്ച പദ്ധതിയാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പരിപാടിക്ക് പല തലങ്ങളുണ്ട്.

ആദ്യമായി 2 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ങങഞ വാക്‌സിനിലൂടെ റുബെല്ല പ്രതിരോധം നടപ്പാക്കുക. അതിനോടൊപ്പം തന്നെ congenital rubella syndrome പൂര്‍ണ്ണമായി തടയാന്‍ ഗര്‍ഭിണിയാവാന്‍ സാധ്യതയുള്ള പ്രായം തുടങ്ങുന്ന സമയത്തു എല്ലാ പെണ്‍കുട്ടികള്‍ക്കും റുബെല്ല വാക്‌സിന്‍ കൊടുക്കുക. ഇതാണു ഇപ്പോള്‍ ഇവിടെ നടപ്പാക്കുന്നത്.

ഇന്നും കേരളത്തില്‍ 18 വയസ്സിനു താഴെ ധാരാളം വിവാഹങ്ങളും പ്രസവങ്ങളും നടക്കുന്നുണ്ട് എന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. മാത്രവുമല്ല പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പഠിത്തം നിര്‍ത്തുന്നവര്‍ ഏറെയുണ്ട്. അതുകൊണ്ട് സര്‍ക്കാറിനു എളുപ്പത്തില്‍ കൂടുതല്‍ പേര്‍ക്കു ഈ സൗകര്യം എത്തിക്കാന്‍ സാധിക്കുന്നതു സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെയാണു.18 വയസ്സില്‍ അല്ല.

എന്നാല്‍ അതുകൊണ്ട് മാത്രം റുബെല്ല നിര്‍മ്മാര്‍ജ്ജനം ചെയ്യണമെങ്കില്‍ 20-30 വര്‍ഷം എടുക്കും.
അടുത്ത പടിയായി എല്ലാ കൗമാരപ്രായക്കാര്‍ക്കും (ആണ്‍ക്കുട്ടികള്‍ ഉള്‍പ്പടെ) കുത്തിവെപ്പ് കൊടുക്കാനാണു ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ 10-20 വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നമുക്ക് റുബെല്ല നിര്‍മ്മാര്‍ജ്ജനം സാധിക്കും.നമ്മുടെ സര്‍ക്കാര്‍ ഉടനെ തന്നെ ആ ദിശയിലേക്ക് നീങ്ങും എന്ന് നമുക്ക് ആശിക്കാം

4 അപ്പോള്‍ എന്തു കൊണ്ട് അണ്‍ എയിഡഡ് സ്വകാര്യ സ്‌കൂളുകളില്‍ ഇത് നടപ്പാക്കുന്നില്ല?
രണ്ടു കാരണങ്ങള്‍ നമുക്ക് പറയാം.

ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കുന്ന ആ കുട്ടികള്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളില്‍ ജനിച്ചവരായിരിക്കും.സ്വകാര്യ ആശുപത്രികളില്‍ കുറെയേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ MMR വാക്‌സിന്‍ 2 വയസ്സിനുള്ളില്‍ എല്ലാവര്‍ക്കും കൊടുത്തു തുടങ്ങി.

സര്‍ക്കാറിനു കോടിക്കണക്കിനു രൂപ ചിലവുണ്ട് എന്നു ഡോ ഖദീജ തന്നെ പറയുന്ന ഈ പദ്ധതി സാമ്പത്തികമായി ഉന്നത നിലയില്‍ നിലക്കുന്നവരെ കൂടി ഉള്‍പെടുത്തി സാംമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറിനു മടിയുണ്ടാവാം.

5 റുബെല്ല നിര്‍മ്മാര്‍ജ്ജനമാണു ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ആണ്‍കൂട്ടികള്‍ക്ക് 13-14 വയസ്സില്‍ കുത്തിവെപ്പ് കൊടുക്കുന്നില്ല?

നല്ല ചോദ്യം. റുബെല്ലയുടെ കാര്യത്തില്‍ ആണ്‍ക്കുട്ടികള്‍ക്ക് ഊഴം രണ്ടാമതാണു. കാരണം ആദ്യം ലക്ഷ്യം വെക്കുന്നതു congenital rubella syndrome ഇല്ലാതാക്കുന്നതാണു.

കാര്യം നല്ലതിനാണു എന്ന് മനസില്ലാക്കുന്നതോടെ എല്ലാവര്‍ക്കും കൊടുക്കണം എന്നു ആവശ്യപെട്ടുകയാണു നാം ചെയ്യേണ്ടത്.

6 റുബെല്ല Ig G ടെസ്റ്റ് എല്ലാ 18 വയസ്സുകാരികള്‍ക്കും ചെയ്താല്‍ പോരെ എന്നാണു ഡോ ഖദീജയുടെ മറ്റൊരു ചോദ്യം.

അതു വിലകൂടിയ ടെസ്റ്റാണെന്ന് മാത്രമല്ല വളരെ കുറച്ചു ലാബുകളില്‍ മാത്രമെ അതു ചെയ്യാന്‍ സൗകര്യമുള്ളു. രോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം സാധിക്കുകയുമില്ല. രോഗബാധ മൂലമുള്ള സ്വാഭാവിക പ്രതിരോധ ശക്തിയാണു നല്ലത് എന്ന തെറ്റായ വിശ്വാസമാണു ഇത്തരം വാദങ്ങള്‍ക്ക് കാരണം. മനുഷ്യസമൂഹത്തില്‍ ഈ വൈറസ്സിന്റെ പെറ്റ് പെരുകല്‍ കൂടുമ്പോളെല്ലാം congenital rubella syndrome വര്‍ദ്ധിക്കുന്നതായിട്ടാണു പഠനങ്ങള്‍ കാണിക്കുന്നതു. അതായതു സ്വാഭാവിക പ്രതിരോധം ഒരിക്കലും ഗര്‍ഭസ്ഥ ശിശുവിനെ സരക്ഷിക്കുകയില്ല.

7 ഇനി തലക്കെട്ടിലെ ചോദ്യത്തിലേക്ക് വരാം. കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ?

പിഞ്ചു കുഞ്ഞൂങ്ങള്‍ക്കു BCG യും Tripleളും കൊടുത്ത് വേദനിപ്പിക്കണോ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.
എന്തു കൊണ്ടാണു ചിത്രങ്ങള്‍ കാണിക്കേണ്ടി വരുന്നത്? അശാസ്ത്രിയവും സമൂഹത്തിനു മാരകമായ വിപത്തുകള്‍ വിളിച്ചു വരുത്തുന്നതുമായ വാക്‌സിന്‍ വിരുദ്ധ പ്രചരണമല്ലെ അതിനു കാരണം?

ഒരു ജനാധിപത്യ സംവിധാനത്തില്‍ വാക്‌സിന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടായിരിക്കാം. എന്നാല്‍ അങ്ങിനെ വാക്‌സിന്‍ എടുക്കാതെയിരുന്ന് സമൂഹത്തിനു ഒരു പകര്‍ച്ചവ്യാധി ഭീഷണിയായി നിലകൊള്ളുന്ന ഒരു വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അതും നാം അംഗീകരിക്കേണ്ടീവരും.

അശാസ്ത്രീയമായ ഉത്തരാധുനിക ചിന്താ ധാരകളുടെ വേലിയേറ്റത്തില്‍ എന്തിലും ഏതിലും ഗൂഢാലോചന കാണുന്ന ഒരു സമൂഹമായി നാം അധപതിച്ച് കഴിഞ്ഞു. കാര്യങ്ങളെ ശാസ്ത്രത്തിന്റെ വഴിയിലൂടെ അപഗ്രധിക്കാന്‍ നാം മറന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെയാണു നവോത്ഥാനത്തിന്റെ കേരളം അന്ധവിശ്വാസങ്ങളാല്‍ ചരട് കെട്ടപെട്ട കേരളമായി മാറിയതു. ശാസ്ത്രത്തിന്റെ സത്യത്തെ മുറുകെ പിടിക്കാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ കേരളം ഒരു വര്‍ഗ്ഗീയ കലാപ ഭൂമി മാത്രമല്ല രോഗഗ്രസ്ഥ പ്രദേശം കൂടിയാകം.