സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചു എന്നതുകൊണ്ട് എതിര്‍ക്കപ്പെടേണ്ട പദ്ധതിയല്ല ഹൃദ്യം
FB Notification
സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചു എന്നതുകൊണ്ട് എതിര്‍ക്കപ്പെടേണ്ട പദ്ധതിയല്ല ഹൃദ്യം
ഡോ. ജിനേഷ് പി.എസ്
Tuesday, 4th July 2023, 12:37 pm
ഉപകാരപ്രദമായ ഒരു പദ്ധതി സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചു എന്നതുകൊണ്ട് മാത്രം എതിര്‍ക്കപ്പെടേണ്ടതില്ല. ഹൃദ്യം പദ്ധതിയുടെ വെബ്‌സൈറ്റില്‍ അതായത് പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമായ കണക്കുകള്‍ വാര്‍ത്തയാക്കിയിട്ട് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് മോശമാണ്.

സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ഉപകാരപ്രദമായ ഒരു പദ്ധതി നടപ്പിലാക്കിയാല്‍ നമ്മള്‍ അതിനെ എങ്ങനെ വിലയിരുത്തും? സാധാരണഗതിയില്‍ വളരെ പോസിറ്റീവായ ഒരു കാര്യമായി വിലയിരുത്തേണ്ട ഒന്നാണ്. പക്ഷേ അങ്ങനെയാണോ സംഭവിക്കുന്നത്?

കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന കണ്‍ജെനൈറ്റല്‍ അനോമലികളില്‍ കൂടുതലായി കാണുന്ന ഒന്നാണ് കണ്‍ജെനൈറ്റല്‍ ഹാര്‍ട്ട് അനോമലി/ഡിഫെക്റ്റ്‌സ്. അതായത് ജനിച്ച കുട്ടികളുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന ചില അപാകതകള്‍. പലതും സര്‍ജറിയിലൂടെ കറക്റ്റ് ചെയ്യാന്‍ സാധിക്കുന്നത്.

അങ്ങനെയുള്ള കുട്ടികളുടെ ചികിത്സയെ സഹായിക്കുന്നതിനു വേണ്ടി കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഹൃദ്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പല കുട്ടികളുടെയും ശസ്ത്രക്രിയ പല ആശുപത്രികളിലും വെച്ച് നടത്തിയതായി വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ഇതില്‍ സ്വകാര്യ ആശുപത്രികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയുടെ വെബ്‌സൈറ്റ് നോക്കിയാല്‍ തന്നെ ഏതൊക്കെ ആശുപത്രികളാണ് സഹകരിക്കുന്നത് എന്ന് വ്യക്തമായി കാണാം. 9 ആശുപത്രികളുടെ ലിസ്റ്റ് അതില്‍ കൊടുത്തിട്ടുണ്ട്.

ശ്രീചിത്ര, അമൃത, ബിലീവേഴ്‌സ് ചര്‍ച്ച്, ആസ്റ്റര്‍ മിംസ്, എസ് എ ടി, ലിസി, ആസ്റ്റര്‍ മെഡിസിറ്റി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയവും കോഴിക്കോടും. ഈ ഓരോ ആശുപത്രികളിലും എത്ര കേസുകള്‍ അലോക്കേറ്റ് ചെയ്തു എത്ര കേസുകള്‍ നടക്കുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അവിടെ ആയിരത്തിലധികം കേസുകള്‍ അലോട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അമൃത, ആസ്റ്റര്‍ മിംസ്, ലിസി ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളില്‍ മാത്രമാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതുവരെ ആകെ അലോക്കേറ്റ് ചെയ്തിരിക്കുന്നത് 167 കേസുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 കേസുകളും. ശ്രീചിത്രയില്‍ 660 കേസുകള്‍. ഇതു വായിച്ചിട്ട് എനിക്ക് മനസ്സിലാകുന്നത് സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി ഉള്ളതുകൊണ്ട് വിജയകരമായി പോകുന്ന പദ്ധതിയാണ് ഹൃദ്യം എന്നാണ്.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളെ മാത്രം ആശ്രയിച്ചാല്‍ ഇത്രയധികം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കില്ലായിരുന്നു എന്ന് ചുരുക്കം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവസ്ഥയൊക്കെ അത്യാവശ്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഇനിയും അറിയാത്തവര്‍ക്ക് വേണമെങ്കില്‍ ഇലക്റ്റീവ് സര്‍ജറികള്‍, എം.ആര്‍.ഐ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വെയ്റ്റിംഗ് ലിസ്റ്റ് അന്വേഷിക്കാവുന്നതാണ്. പൊതുവായി പരിശോധിക്കാന്‍ സാധിക്കുന്ന ഉദാഹരണം പറഞ്ഞു എന്നെയുള്ളൂ.

കുട്ടികളില്‍ ജന്മനാ കാണുന്ന ഹൃദയ വൈകല്യത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മെഡിക്കല്‍ അഡൈ്വസ് അനുസരിച്ച് പരമാവധി നേരത്തെ ചെയ്യുകയാണ് വേണ്ടത്. പക്ഷേ അവിടെ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ ആവില്ല.

അതല്ല, കേരളത്തിലുള്ള എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയ ശേഷം മാത്രമേ ഇതൊക്കെ ചെയ്യാവൂ എന്നാണെങ്കില്‍ അതൊന്നും നടപടി ആവുന്ന കാര്യമല്ല. അതിനുള്ള ഇന്‍ഫ്രാസ്ട്രക്ചറോ നിയമിതരായ ഹ്യൂമന്‍ റിസോഴ്‌സസോ നമുക്കില്ല. ഇത് ഒരു പച്ചയായ യാഥാര്‍ത്ഥ്യം മാത്രമാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവണം എന്ന ആവശ്യത്തോട് എപ്പോഴും യോജിപ്പ് തന്നെയാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ആയി ഒരു പദ്ധതി നടപ്പാക്കുമ്പോള്‍, സ്വകാര്യ ആശുപത്രികളിലേക്ക് കോടികള്‍ ഒഴുക്കുന്നു എന്നൊക്കെ ആക്ഷേപിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ട്.

ഇനി ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ ചെയ്യാന്‍ പ്രേരണ നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ അതാണ് പറയേണ്ടത്. അങ്ങനെ എന്തെങ്കിലും വിഷയങ്ങള്‍ ഏതെങ്കിലും പ്രത്യേക സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയാണ് മാധ്യമധര്‍മ്മം എന്നാണ് ഞാന്‍ കരുതുന്നത്. അതല്ലാതെ ഉപകാരപ്രദമായ ഒരു പദ്ധതി സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചു എന്നതുകൊണ്ട് മാത്രം എതിര്‍ക്കപ്പെടേണ്ടതില്ല.

ഹൃദ്യം പദ്ധതിയുടെ വെബ്‌സൈറ്റില്‍ അതായത് പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമായ കണക്കുകള്‍ വാര്‍ത്തയാക്കിയിട്ട് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് മോശമാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്നലെ വന്ന വാര്‍ത്തയോടുള്ള പ്രതികരണമാണ് ഇത്രയും.

ഇനി ഈ പോസ്റ്റില്‍ ‘ആരോഗ്യ മേഖലയില്‍ നമ്പര്‍വണ്‍ കേരളം’ എന്ന് ചോദിച്ച് കളിയാക്കാന്‍ വരുന്നവരോട് ഒരു വാക്ക് കൂടി. ആരോഗ്യ മേഖലയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികവ് കൈവരിച്ചിരിക്കുന്നത് കേരളമാണ്. അതിനര്‍ത്ഥം ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം കേരളത്തിലാണ് എന്നല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ആരോഗ്യസേവനങ്ങള്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണ് എന്നാണ്.

സംശയമുണ്ടെങ്കില്‍ ഈ കണക്കുകള്‍ അവലോകനം ചെയ്യുന്ന നീതി ആയോഗിനോടോ കേന്ദ്രത്തോടോ ചോദിക്കൂ. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ആരോഗ്യസേവനങ്ങള്‍ വിതരണം ചെയ്യുന്ന കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ആ കളിയാക്കാന്‍ വരുന്നവര്‍ ആലോചിക്കേണ്ടത്.

CONTENT HIGHLIGHTS: Dr. Jinesh PS’s reaction to Report TV’s news regarding children’s heart surgery