ഡോക്ടര്‍മാര്‍ മിക്കവരും ഒപ്പിട്ടിട്ട് മുങ്ങുന്നവരാണ് എന്ന പൊതുബോധം വളര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തെറി വിളിക്കാന്‍ അവസരമുണ്ടാക്കുന്നതിനോട് യോജിക്കാനാവില്ല; ആരോഗ്യമന്ത്രിയോട് ഡോ. ജിനേഷ് പി.എസ്.
Kerala News
ഡോക്ടര്‍മാര്‍ മിക്കവരും ഒപ്പിട്ടിട്ട് മുങ്ങുന്നവരാണ് എന്ന പൊതുബോധം വളര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തെറി വിളിക്കാന്‍ അവസരമുണ്ടാക്കുന്നതിനോട് യോജിക്കാനാവില്ല; ആരോഗ്യമന്ത്രിയോട് ഡോ. ജിനേഷ് പി.എസ്.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 10:30 pm

കോട്ടയം: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ വിചാരണ ചെയ്ത നടപടിയില്‍ പ്രതികരണവുമായി ഇന്‍ഫോ ക്ലിനിക്ക് സഹ സ്ഥാപകന്‍ ഡോ. ജിനേഷ് പി.എസ്. ഡോക്ടര്‍മാര്‍ മിക്കവരും ഒപ്പിട്ടിട്ട് മുങ്ങുന്നവരാണ് എന്ന പൊതുബോധം വളര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കാന്‍ അവരസമുണ്ടാക്കുന്നത് യോജിക്കാനാവില്ലെന്ന് ജിനേഷ് പി.എസ്. പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജിനേഷിന്റ പ്രതികരണം.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സന്ദര്‍ശന സമയത്ത് രണ്ട് ഒ.പി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്നും ഒപ്പിട്ട ഡോക്ടര്‍മാരൊക്കെ മുങ്ങി എന്നും പറഞ്ഞുള്ള തെറിവിളികള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

മന്ത്രി വീണാ ജോര്‍ജിനോട് ആത്മാര്‍ത്ഥമായി ഒരു അഭ്യര്‍ത്ഥനയുണ്ട്. ആരെങ്കിലും ഒപ്പിട്ടിട്ട് മുങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അവരെ സസ്‌പെന്‍ഡ് ചെയ്യണം. ജോലി സമയത്ത് ഒപ്പിട്ട് മുങ്ങുന്നതിനോട് ഒരു രീതിയിലും യോജിക്കാന്‍ സാധിക്കില്ല.

പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ ഒപ്പിട്ട് മുങ്ങിയവരാണ് എന്നുള്ള ആള്‍ക്കൂട്ട ആക്രോശമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന്റെ ലഭ്യത കുറവിനെ കുറിച്ച് എഴുതിയാല്‍ പോലും തെറി കേള്‍ക്കുന്ന അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍. വിയോജിപ്പുകകളുള്ള അഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്ന അവസ്ഥ പരിതാപകരമാണെന്നും ജിനേഷ് പറഞ്ഞു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഏറ്റവും കൃത്യമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതും അറിയാവുന്നതും ആരോഗ്യമന്ത്രിക്കാണ്. കാരണം ആരോഗ്യമന്ത്രി താലൂക്ക് ആശുപത്രിയില്‍ അഞ്ചെട്ട് ഡോക്ടര്‍മാരെ എങ്കിലും നേരിട്ട് കണ്ടുകാണില്ലേ? സംശയം ചോദിച്ചതാണ്. അങ്ങനെ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ രാജ്യത്ത് ഉണ്ട് എന്നതുകൊണ്ട് ചോദിച്ചതാണ്.

ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഏറ്റവും അധികം ബഹുമാനം തോന്നിയിട്ടുള്ള ഒരു വ്യക്തിത്വമാണ് താങ്കളുടേത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കും എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. സ്ഥാനം ഏറ്റെടുത്ത ഉടനെയുള്ള പല മാധ്യമ വിമര്‍ശനങ്ങളും ശരിയല്ല എന്ന അഭിപ്രായമുള്ള ആളായിരുന്നു ഞാന്‍. എന്തൊക്കെയാണെങ്കിലും സ്ഥാനം ഏറ്റെടുത്ത് കുറച്ചുവര്‍ഷങ്ങള്‍ സമയം ലഭിക്കാതെ എല്ലാം പെര്‍ഫെക്റ്റ് ആക്കാന്‍ പറ്റില്ല എന്നത് സാമാന്യമായ കാര്യമാണ്. പക്ഷേ ഈ അടുത്തുണ്ടാകുന്ന ചില കാര്യങ്ങളില്‍ നിരാശയുണ്ട്.

ഏറ്റവും കുറഞ്ഞത് പരസ്യ വിചാരണയും സോഷ്യല്‍ മീഡിയയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെ ഇട്ടുകൊടുക്കുന്നതും ശരിയാണെന്ന് അഭിപ്രായമില്ല. ഒരു ഡോക്ടറുടെയോ ആശുപത്രി ജീവനക്കാരന്റെയോ ഭാഗത്തുനിന്ന് തെറ്റ് കണ്ടെത്തിയാല്‍ ശിക്ഷിക്കരുത് എന്നല്ല പറയുന്നത്. പകരം മിസ്റ്റേക്ക് കണ്ടെത്തിയാല്‍ ആനുപാതികമായ ശിക്ഷാനടപടി സ്വീകരിക്കണം എന്ന് തന്നെയാണ് പറയുന്നത്. പക്ഷേ ഡോക്ടര്‍മാര്‍ പലരും ഒപ്പിട്ടു മുങ്ങി എന്ന ധാരണ പടര്‍ത്തി, അവരെ സൈബര്‍ ലിഞ്ചിങ്ങിന് വിട്ടുകൊടുക്കുന്നത് ഒരു ആരോഗ്യ മന്ത്രിക്ക് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജീനേഷിന്റ വാക്കുകള്‍

സാധാരണഗതിയില്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഡോക്ടര്‍മാരെ കണ്ടില്ലെങ്കില്‍ എല്ലാവരെയും വിളിപ്പിക്കാനുള്ള അധികാരമുള്ള ഒരാളാണ് മന്ത്രി. സര്‍ജറി, എമര്‍ജന്‍സി പോലുള്ള വിഭാഗങ്ങളില്‍ അല്ലാത്തവരൊക്കെ തീര്‍ച്ചയായും മീറ്റിങ്ങിന് ഹാജരാവും. ഓപ്പിയോ തീയേറ്ററോ വാര്‍ഡോ സന്ദര്‍ശിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്. അതൊക്കെ വേണ്ടത് തന്നെയാണ്. അവിടെയുള്ള പ്രശ്‌നങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും വേണം. പക്ഷേ ഒപ്പിട്ട ഡോക്ടര്‍മാര്‍ ഇല്ല എന്ന പ്രസ്താവന വാര്‍ത്തയാകുമ്പോള്‍ അതില്‍ വ്യക്തത വരുത്താന്‍ മന്ത്രി ശ്രമിക്കണമായിരുന്നു.

ഒപ്പിട്ടിട്ട് മുങ്ങിയ ആരെങ്കിലും ഉണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ ശിക്ഷാനടപടിയും സ്വീകരിക്കണമായിരുന്നു. അത് ഇനിയും ചെയ്യാവുന്നതാണ്. രാത്രി രണ്ട് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന സാമാന്യം വലിയ ഒരു ആശുപത്രിയാണിത്. രാത്രി കാഷ്വാലിറ്റിയിലും വാര്‍ഡിലും ഓരോ ഡോക്ടര്‍മാര്‍ വീതം ഉണ്ട്. തലേദിവസം ഡ്യൂട്ടിയെടുത്ത ഈ രണ്ട് പേരും ഡ്യൂട്ടിയില്‍ വരേണ്ടതില്ല. അതുപോലെ തന്നെ അന്ന് രാത്രി ഡ്യൂട്ടി എടുക്കേണ്ട രണ്ടുപേരും വരേണ്ടതില്ല. അതോടൊപ്പം ഉച്ചകഴിഞ്ഞ് ഡ്യൂട്ടി എടുക്കേണ്ട ഡോക്ടറും. ഈ മൂന്നുപേരും ഒപ്പിട്ടിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ തലേദിവസം ഡ്യൂട്ടി എടുത്തവര്‍ നൈറ്റ് ഓഫ് ആയിരിക്കും മാര്‍ക്ക് ചെയ്യുന്നത്.

അതുപോലെ അന്നേദിവസം രണ്ടുപേര്‍ക്ക് കോടതി ഡ്യൂട്ടിയും ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ രാവിലെ ഒരു ഡെലിവറി എടുത്ത ശേഷമല്ലേ കോടതിയില്‍ പോയിരിക്കുന്നത്? കേട്ടറിഞ്ഞ വിവരമാണ്. പരിശോധിച്ചാല്‍ മനസിലാക്കാവുന്ന കാര്യമാണല്ലോ.

അസ്ഥി വിഭാഗത്തില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ വാര്‍ഡിലും ഒരാള്‍ ഒ.പ്പിയിലും ഇല്ലായിരുന്നോ? ഇ.എന്‍.ടി ഒ.പി യില്‍ അന്ന് രോഗികള്‍ തീരെ കുറവായിരുന്നു എന്നും കേട്ടിരുന്നു. അവിടെ ക്യൂ ഇല്ലായിരുന്നു എന്നും കേട്ടു. കണ്ണ് രോഗവിഭാഗത്തിലെ ഡോക്ടര്‍ ഓപ്പിയിലും മെഡിക്കല്‍ ബോര്‍ഡിലും അന്ന് പങ്കെടുത്തിരുന്നില്ലേ? അതുപോലെ മന്ത്രി ഒ പിയില്‍ വന്ന സമയത്ത് ഡ്രസ്സിംഗ് റൂമില്‍ ആയിരുന്ന സര്‍ജനെ പിന്നീട് വാര്‍ഡില്‍ വെച്ച് കണ്ടിരുന്നില്ലേ?

പിന്നെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാറുള്ള പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഒരാള്‍ ബ്രസ്റ്റ് ഫീഡിങ് സംബന്ധമായി എന്തോ ഒരു ക്ലാെസടുക്കാന്‍ പോയതിനെ കുറിച്ച് മന്ത്രി തന്നെ ചോദിച്ചതല്ലേ? വാര്‍ത്തയില്‍ കണ്ടിരുന്നത് കൊണ്ട് ചോദിച്ചതാണ്.

ഇതൊക്കെ കൂടാതെ അത്യാഹിത വിഭാഗത്തില്‍ ഒരാളും ജനറല്‍ ഒ.പിയില്‍ രണ്ടുപേരും ഡെന്റല്‍ വിഭാഗത്തില്‍ രണ്ടുപേരും അന്ന് ഉണ്ടായിരുന്നില്ലേ? ഏര്‍ലി ഇന്റര്‍വെഷന്‍ സെന്ററില്‍ ഒരു എന്‍.എച്ച്.എം ഡോക്ടര്‍ ഇല്ലായിരുന്നോ?
സൂപ്രണ്ടിനെ മന്ത്രിയുടെ സമീപം വാര്‍ത്തയില്‍ കണ്ടതുകൊണ്ട് പുള്ളി വന്നില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആരും ആരോപിക്കുന്നില്ല.

അതുപോലെ അനസ്തീഷ്യ സ്‌പെഷ്യലിസ്റ്റ് കൂടിയായ ആശുപത്രി ആര്‍.എം.ഒയേയും മന്ത്രി കാണാതിരിക്കില്ല. ഇവര്‍ രണ്ടുപേരും ഒ.പിയില്‍ ഇരിക്കാന്‍ സാധ്യത കുറവാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ കേട്ടറിഞ്ഞ ചില സംശയങ്ങള്‍ ചോദിക്കുന്നു എന്നേയുള്ളൂ. ഈ കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണയുള്ള മേലധികാരികളെ മന്ത്രിക്ക് അറിയാവുന്നതും ആണല്ലോ. ഇനിയും ഇതൊക്കെ പരിശോധിക്കുവാന്‍ സാധിക്കുന്ന കാര്യമല്ലേയുള്ളൂ?

ആശുപത്രിയിലെ ഒ.പി രജിസ്റ്റര്‍ പരിശോധിച്ചാല്‍ വ്യക്തത ലഭിക്കില്ലേ? അത് എന്തായാലും വ്യാജമായി ഉണ്ടാക്കാന്‍ ഒന്നും പറ്റില്ലല്ലോ. കാരണം റിസപ്ഷനില്‍ നിന്ന് നമ്പറിട്ട് വരുന്ന ഒ.പി ടിക്കറ്റുകള്‍ മാത്രമല്ലേ എന്റര്‍ ചെയ്യാന്‍ സാധിക്കൂ? ഉച്ചക്ക് മുമ്പ് വന്നവരുടെ സമയമടക്കം റിസപ്ഷനില്‍ ഉണ്ടായിരിക്കുമല്ലോ?

ഇതൊക്കെ കണ്ടുപിടിക്കാനും ജനങ്ങളെ അറിയിക്കാനും കടമയുള്ള മാധ്യമങ്ങള്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും തെറി വിളിക്കുന്ന ജനങ്ങള്‍ക്കും ഇതൊന്നും അന്വേഷിക്കണം എന്ന് ആഗ്രഹമില്ല. കോടതിയിലെ സര്‍ട്ടിഫിക്കറ്റും ചില ഓപ്പികളുടെ ഫോട്ടോകളും ചേര്‍ക്കുന്നു. പേര് മറച്ച ശേഷമാണ് എനിക്ക് ലഭിച്ചത്. എല്ലാവരും ഡോക്ടര്‍മാരെ ഒന്നടങ്കം തെറി വിളിക്കുന്നതുകൊണ്ട് മാത്രമാണ് ഇത് ഇവിടെ ഇടുന്നത്.

അധികാര ശ്രേണിയില്‍ തന്നെക്കാള്‍ വളരെയധികം ഗ്രേഡ് താഴെയുള്ള ആള്‍ക്കാരോട് ദേഷ്യപ്പെടാനും അവരെ പരസ്യവിചാരണ നടത്താനും അവരെ സോഷ്യല്‍ മീഡിയയ്ക്ക് ഇട്ടുകൊടുക്കാനും എളുപ്പമാണ്. പക്ഷേ അറ്റ്‌ലീസ്റ്റ് അവര്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സെങ്കിലും ഉണ്ടാവണം.

സൂപ്രണ്ട് പറയുന്നത് പലപ്പോഴും ശ്രദ്ധിക്കുന്നില്ല എന്ന് വീഡിയോയില്‍ കണ്ടതില്‍ നിന്ന് മനസിലായതിനാല്‍ ആണ് ഇങ്ങനെ എഴുതുന്നത്. അധികാരം ഏറ്റെടുത്ത ഉടനെ തന്നെ ഏറ്റവും മികച്ച രീതിയില്‍ ഭരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഏറ്റവും നല്ല ഉദാഹരണമായി പറഞ്ഞാല്‍ തൊട്ടുമുന്‍പത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിപ്പ കാലത്തിനുശേഷമാണ് ഇത്രയധികം ജനകീയയായത്. അതായത് ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇനിയും ധാരാളം സമയം ഉണ്ട് എന്ന് ചുരുക്കം. താങ്കള്‍ക്ക് നിരവധി പ്രതിസന്ധികള്‍ ചിലപ്പോള്‍ ഉണ്ടാകുമായിരിക്കാം.

സപ്പോര്‍ട്ടിങ് ടീമും പിന്തുണയും ഒക്കെ ചിലപ്പോള്‍ കുറവായിരിക്കാം. അങ്ങനെയുണ്ടെങ്കില്‍ അതൊക്കെ മെച്ചപ്പെടുത്താനും മികച്ച രീതിയില്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും ഇനിയും സമയമുണ്ട്.
പക്ഷേ അവിടെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ മുതല്‍ മനസിലാക്കുവാനും അവരോട് സംവദിക്കുവാനും സാധിക്കണം. ഒപ്പം രോഗികളോടും ജനങ്ങളോടും ഉത്തരവാദിത്വം പുലര്‍ത്തുകയും വേണം. ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. ഒട്ടും വൈകിയിട്ടില്ല എന്നേ പറയാനുള്ളൂ.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യത കുറവിനെ കുറിച്ച് രണ്ട് പോസ്റ്റ് എഴുതിയിരുന്നു. അതില്‍ ഒരെണ്ണം വാര്‍ത്തയായി വന്നതില്‍ തെറ്റില്ലാത്ത തെറിവിളിയും ഞാന്‍ കേള്‍ക്കുന്നുണ്ട്. വിമര്‍ശനങ്ങളും വിയോജിപ്പുകളും ഒക്കെ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. പക്ഷേ തെറിവിളി ഒട്ടും സ്വാഭാവികമല്ല. എന്തായാലും ഈ കാര്യം കൂടി എഴുതാതിരിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതിനാല്‍ ഈ വിഷയം കൂടി പോസ്റ്റ് ഇടുന്നു.

വീണ്ടും പറയാനുള്ളത് ഒപ്പിട്ടിട്ട് മുങ്ങിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം എന്ന് തന്നെയാണ്. പക്ഷേ ഒപ്പിട്ടിട്ട് മുങ്ങി എന്ന അലയൊലി പടര്‍ന്ന് ഡോക്ടര്‍മാര്‍ മിക്കവരും മുങ്ങുന്നവരാണ് എന്ന പൊതുബോധം വളര്‍ന്ന് അവരെ സോഷ്യല്‍ മീഡിയയില്‍ തെറി വിളിക്കുന്നത് ഒരിക്കലും യോജിക്കാനാവാത്ത കാര്യമാണ്.
അതുകൊണ്ട് ആത്മാര്‍ത്ഥമായി ആലോചിച്ച് മന്ത്രി നടപടി സ്വീകരിക്കണം.

Content Highlight: Dr. Jinesh P.S’s facebook post against health minister Veena George