| Sunday, 28th August 2022, 12:31 pm

പട്ടിയെ പേടിക്കാത്ത, മുന്തിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടണം

ഡോ. ജമാല്‍

2005ല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കുമ്പോളാണ് ആദ്യമായി റാബീസ് വന്ന ഒരാളെ കാണുന്നത്. നായ കടിച്ച് വരുന്നവര്‍ക്ക് കുത്തിവെപ്പ് കൊടുക്കാന്‍ ഒരു ഹൗസ് സര്‍ജന്‍ എപ്പോഴും ഡ്യൂട്ടിയിലുണ്ടാകും. അങ്ങനെ ഡ്യൂട്ടി എടുക്കുന്ന സമയത്താണ് പാലക്കാട് ഭാഗത്തുനിന്ന് വന്ന പ്രായമായ ഒരു സ്ത്രീയെ കാണുന്നത്.

ചൂട് കാലമായതിനാല്‍ വീടിനുപുറത്ത് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന അവരെ മുഖത്ത് തന്നെ നായ കടിച്ചു വലിയ പരിക്കേല്‍പ്പിച്ചു. അതേ രാത്രി തന്നെ അവരെ മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. ഒട്ടും വൈകാതെ തന്നെ റാബീസ് ഇമ്മുണോഗ്ലോബുലിനും ആദ്യ ഡോസ് വാക്‌സിനും കൊടുത്തു.

മുഖത്തെ കടി വളരെ അപകടം പിടിച്ചതാണ്. റാബീസ് വരാന്‍ ഏറ്റവും സാധ്യതയുള്ളത് മുഖത്തെ കടികള്‍ക്കാണ്. ഇവരെയാണെങ്കില്‍ ആകെ കടിച്ചു മുഖം വൃത്തികേടാക്കിയിട്ടുമുണ്ട്. ശരിക്കും സഹതാപം തോന്നി കണ്ടപ്പോള്‍…

വീടിനകത്ത് ഒരു ഫാന്‍ ഇല്ലാത്തതുകൊണ്ട് ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പുറത്ത് കിടന്നുറങ്ങിയതായിരുന്നു അവര്‍. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം റാബീസിന്റെ ലക്ഷണങ്ങളുമായി അവരെ വീണ്ടും മെഡിക്കല്‍ കോളേജില്‍ കൊണ്ടുവരികയും പിറ്റേദിവസം തന്നെ മരണപ്പെടുകയും ചെയ്തു. അതാണ് ഞാന്‍ കണ്ട ആദ്യത്തെ റാബീസ് കേസ്.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ഡി ചെയ്യുന്ന സമയത്ത് ഒന്നോ രണ്ടോ കേസ് കണ്ടിട്ടുണ്ട്. അതില്‍ ഒരെണ്ണം നായ കടിച്ച കാര്യം ആരോടും പറയുകയോ കുത്തിവെപ്പ് എടുക്കുകയോ ചെയ്തിരുന്നില്ല.

2010ല്‍ എം.ഡി കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ റാബീസ് കേസുകള്‍ എനിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ ഒന്ന് എന്ന നിരക്കില്‍ റാബീസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വളരെ ഗൗരവത്തോട് കൂടി കാണുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യേണ്ട വിഷയമാണ്.

മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത പോലെ തെരുവുകളില്‍ നായ്ക്കള്‍ വാഴുന്ന കാലമാണ് ഇത്. സ്വാഭാവികമായും കടികളുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതലുണ്ടാകും. മൊത്തം കേസുകളില്‍ റാബീസ് പിടിപെടുന്നവരുടെ ശതമാനം കൂടിയിട്ടില്ലെങ്കില്‍ പോലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുക സ്വാഭാവികം. പക്ഷേ അതിലപ്പുറം എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോ എന്നത് കര്‍ശനമായി പരിശോധിക്കപ്പെടേണ്ടതാണ്.

ആദ്യ കാലങ്ങളില്‍ intramuscular രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അങ്ങനെയായിരുന്നു ഞങ്ങളെല്ലാം വാക്സിന്‍ കൊടുത്തിരുന്നത്. പിന്നീടാണ് intradermal method നിലവില്‍ വരുന്നത്. ഇപ്പോള്‍ ഗവണ്‍മെന്റ് സെക്ടറില്‍ എല്ലായിടത്തും അങ്ങനെയാണ് കൊടുക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രൈവറ്റില്‍ അങ്ങനെയാണോ എന്നറിയില്ല. പഴയകാല രീതി മാറി പുതിയ രീതിയിലേക്ക് വന്നതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

Intradermal വാക്സിന്‍ കൊടുക്കുമ്പോള്‍ ചെറിയ ഡോസാണ് ഉപയോഗിക്കുന്നത്. Intradermal vaccineന്റെ efficacy, intramuscular regimenനോട് തുല്യമാണെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാലും പുതിയ സാഹചര്യത്തില്‍ അത് പുനപരിശോധനക്ക് വിധേയമാക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.

നായ കടിച്ചാല്‍ immediate പ്രതിരോധം ലഭിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഇമ്മൂണോഗ്ലോബുലിന്റെയും ഗുണനിലവാരം വാക്‌സിനോടൊപ്പം തന്നെ പരിശോധിക്കപ്പെടണം. നമ്മുടെ നാട്ടില്‍ ഇതൊക്കെ വല്ലപ്പോഴുമെങ്കിലും മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്.ആര്‍ക്കാണ് അതൊക്കെ ശ്രദ്ധിക്കാന്‍ സമയം! എല്ലാ മരുന്നുകളും പിരിയോഡിക്കലി മോണിറ്റര്‍ ചെയ്യപ്പെടണം, വാക്സിനുകളും ഇമ്മുണോഗ്ലോബലിനുമെല്ലാം.

ഒമാനില്‍ അത്തരം പരിശോധനകള്‍ നടത്തപ്പെടുന്നുണ്ട്. ചില മരുന്നുകള്‍ താല്‍ക്കാലികമായും ചിലത് സ്ഥിരമായും മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കപ്പെടുന്നത് കാണാറുണ്ട്.

സര്‍ക്കാര്‍, പ്രൈവറ്റ് സെക്ടറില്‍ നായ കടിച്ച് വരുന്ന ആളുകളുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കണം. അതില്‍ എത്ര ശതമാനം ആളുകള്‍ക്ക് റാബീസ് വരുന്നു എന്ന കണക്കുകള്‍ പ്രധാനമാണ്. അധികാരികള്‍ ഉത്സാഹിച്ചാല്‍ ഇന്ത്യയില്‍ ഒന്നടങ്കം ഇങ്ങനെ രജിസ്റ്റര്‍ സൂക്ഷിക്കാം, ഡാറ്റ പൂള്‍ ചെയ്ത് അനലൈസ് ചെയ്യാം. അത്ര പ്രയാസമുള്ള കാര്യമല്ല. ഇച്ഛാശക്തി വേണമെന്ന് മാത്രം.

റാബീസ് വരുന്ന ശതമാനം തന്നെ കാര്യമായി കൂടിയിട്ടുണ്ടെങ്കില്‍ എല്ലാ വാക്സിനുകളും ഇമ്മുണോഗ്ലോബുലിനുകളും കണിശമായ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കണം. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കേരളത്തിലെങ്കിലും അത് നടപ്പില്‍ വരുത്തേണ്ടതാണ്. വൈറസുകളുടെ ഘടനയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടോ എന്നതും പ്രധാനമാണ്. അടിസ്ഥാനപ്രശ്‌നം അഡ്രസ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. നാട് മൊത്തം തെരുവ് നായ്ക്കള്‍ക്ക് തീറെഴുതിക്കൊടുത്ത് റാബീസ് വന്നെന്നു വിലപിച്ചിട്ട് കാര്യമില്ല.

ഒരു വാക്‌സിനും 100% സംരക്ഷണം അവകാശപ്പെടുന്നില്ല. പട്ടിയെ പേടിക്കേണ്ടാത്ത മുന്തിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കപ്പെടണം. അഞ്ച് വയസുള്ള കുട്ടിയെ വീട്ടുമുറ്റത്ത് നിന്ന് നായ മുഖത്ത് കടിച്ച വാര്‍ത്ത ഇന്നും ടി.വിയില്‍ കണ്ടിരുന്നു. കണ്ടില്ലെന്ന് നടിക്കാവുന്ന പ്രശ്‌നമല്ല ഇത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത് എന്തുതന്നെ ആയാലും പരിഹാരം കാണല്‍ അത്യാവശ്യമാണ്. ഒരു ഉറുമ്പിനെ പോലും അകാരണമായി കൊല്ലുന്നതിനോട് യോജിപ്പില്ലാത്ത ആളാണ് ഞാന്‍.

തെരുവില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന നായ്ക്കളെ ആര്‍ക്കും പ്രശ്‌നമില്ലാത്ത രീതിയില്‍ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മൃഗസ്‌നേഹികള്‍ ഏറ്റെടുക്കുമോ? അതും സാധ്യതയില്ല. എല്ലാറ്റിനെയും പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിടലും പ്രായോഗികമാണെന്ന് തോന്നുന്നില്ല. വന്ധ്യകരണം എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. മാത്രമല്ല അതിന്റെ എഫക്ട് കണ്ടുതുടങ്ങാന്‍ ഒരുപാട് കാലവുമെടുക്കും.

പിന്നെ ചെയ്യാവുന്ന കാര്യം കൊന്നുകളയുക എന്നത് തന്നെയാണ്. സര്‍ക്കാര്‍ തന്നെ അടിയന്തിര പ്രാധാന്യം കൊടുത്ത് ഒരു പരിഹാരം കാണേണ്ട ഗുരുതര പ്രശ്‌നമാണ് തെരുവ് നായ്ക്കള്‍. ഇല്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ സംഘടിച്ച് വേണ്ടത് ചെയ്യുകയേ നിര്‍വാഹമുള്ളൂ. ഒരു തെരുവ് നായയുടെ ജീവനേക്കാള്‍ വിലയുണ്ട് മനുഷ്യജീവന്.

Content Highlight: Dr. Jamal writes about the need to manage stray dogs and the systematic approach in Rabies cases

ഡോ. ജമാല്‍

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറില്‍ ഡോക്ടര്‍

We use cookies to give you the best possible experience. Learn more