സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോക്ടര്‍ ഇരുദയരാജന്‍
Kerala News
സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോക്ടര്‍ ഇരുദയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th December 2023, 6:28 pm

തിരുവനന്തപുരം: ‘പ്രവാസിയുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍: നിയമവിദഗ്ധരുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ 13 നടത്തിയ ഓണ്‍ലൈന്‍ സെമിനാറില്‍ സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോക്ടര്‍ ഇരുദയരാജ്.

1983 മുതലുള്ള ഇന്ത്യന്‍ കുടിയേറ്റ നിയമം കാലഹരണപ്പെട്ടുവെന്നും കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിച്ച പുതിയ കുടിയേറ്റ നിയമമാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ഡി.എസ് മുന്‍ പ്രൊഫസ്സറും നിലവില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേരള (ഐ.ഐ.എം.ഡി.കെ) യുടെ അധ്യക്ഷനുമാണ് ഡോക്ടര്‍ ഇരുദയരാജന്‍.

പി.എല്‍.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് പി. മോഹനദാസ് (മുന്‍ ജില്ലാ ജഡ്ജ്, മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍) വെബിനാര്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ എരിഞ്ഞുതീരുന്ന മെഴുകുതിരികള്‍ പോലെയാണെന്ന് തന്റെ ദീര്‍ഘകാലത്തെ അനുഭവത്തില്‍ പറയാനാകുമെന്ന് ഡോ. രാജന്‍ പറഞ്ഞു.

പ്രകാശം പരത്തുന്ന വിദേശവാസത്തിന് ശേഷം മടങ്ങിവരുന്ന ബഹുഭൂരിപക്ഷം പ്രവാസികളുടെയും ജീവിതം ദുരിതപൂര്‍ണമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 കാലഘട്ടത്തില്‍ 15 ലക്ഷം പ്രവാസികളാണ് മടങ്ങിവന്നത്. നിരവധിപേര്‍ വിദേശങ്ങളില്‍ മരണപ്പെട്ടു. മടങ്ങിവന്നവരുടെ പുനരധിവാസത്തിനുവേണ്ട സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലന്ന് ഡോ. രാജന്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ പാസ്‌പ്പോര്‍ട്ടുകള്‍ നിരവധി രാജ്യങ്ങളിലെ സ്പോണ്‍സര്‍മാര്‍ നിയമവിരുദ്ധമായി പിടിച്ചുവയ്ക്കുന്നത് ആധുനികകാലത്തെ അടിമത്തമാണെന്നും ഡോ. രാജന്‍ പറഞ്ഞു.

കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഐ.ഐ.എം.എ.ഡിയും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്ററും ചേര്‍ന്നുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സെന്റര്‍ രൂപീകരിക്കണമെന്നും ഡോ. ഇരുദയരാജന്‍ നിര്‍ദേശിച്ചു.

പ്രവാസികളുടെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും കൊടുക്കാനുദേശിക്കുന്ന അവകാശപത്രികക്ക് തന്റെ സഹകരണം ഉറപ്പുതരുന്നതായി ഡോ. രാജന്‍ പറഞ്ഞു.

കൂടാതെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും ഡോ. രാജന്‍ ഉത്തരം നല്‍കുകയുണ്ടായി.പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം (അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ) വെബിനാറിന്റെ മോഡറേറ്റര്‍ ആയിരുന്നു.

കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ സ്വാഗതവും തല്‍ഹത്ത് പൂവച്ചല്‍ നന്ദിയും പറഞ്ഞു. പി.എല്‍.സി യു.കെ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി, ഗ്ലോബല്‍ പ്രതിനിധി സുധീര്‍ തിരുനിലത്ത്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍ എന്നിവരും പങ്കെടുത്തു.

content highlights: Dr. Irudayarajan says that a strong immigration law is the need of the hour