മുസ്‌ലിംകള്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പേഴ്‌സനല്‍ ലോ പരിശുദ്ധമാക്കപ്പെട്ടതാണെന്നും അത് ശരീഅത്താണെന്നുമൊക്കെ മുസ്‌ലിംകളും അല്ലാത്തവരും വാദിച്ചുപോരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: ബ്രിട്ടീഷുകാര്‍ ഇട്ടേച്ചുപോയ ശരീഅത്ത് ആക്ടാണ് മുസ്‌ലിം വ്യക്തിനിയമമെന്ന് സമസ്ത എ.പി വിഭാഗം സഹയാത്രികനും കോളേജ് അധ്യാപകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി.
മുസ്‌ലിംകള്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പേഴ്‌സനല്‍ ലോ പരിശുദ്ധമാക്കപ്പെട്ടതാണെന്നും അത് ശരീഅത്താണെന്നുമൊക്കെ മുസ്‌ലിംകളും അല്ലാത്തവരും വാദിച്ചുപോരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം ദിനപ്പത്രത്തിലെഴുതിയ ഏക സിവില്‍കോഡാണോ പ്രശ്‌നം? എന്ന തന്റെ ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യന്‍ ശരീഅത്ത് നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയത്.
നിലവിലുള്ള വ്യക്തിനിയമങ്ങളില്‍ പലതും ശരീഅത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിച്ച് അവയില്‍ ശരീഅത്ത് ശരിയായ രീതിയില്‍ പ്രതിഷ്ഠിക്കേണ്ടി വരുന്നു. അല്ലെങ്കില്‍ പുതിയ നിയമങ്ങളുണ്ടാക്കി ശരീഅത്തിന്റെ ലക്ഷ്യം സാധിക്കേണ്ടി വരും. വ്യക്തിനിയമം ശരീഅത്തല്ല; ശരീഅത്തിലുള്ള പലതിനെയും ശരിയല്ലാത്ത രീതിയില്‍ അതുള്‍ക്കൊള്ളുകയാണ്. ഇതിന് ശരീഅത്ത് ആക്ട് എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനെ അപ്പടി വിഴുങ്ങാതെ അവയിലെ പിഴവുകള്‍ ശരീഅത്തിനുസരിച്ച് ഭേദഗതി ചെയ്യാനാണ് മുസ്‌ലിംകള്‍ ശ്രമിക്കേണ്ടതെന്നും ഹുസൈന്‍ രണ്ടത്താണി ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വ്യക്തിനിയമത്തിന് അവലംബമാക്കിയത് ഹനഫി നിയമഗ്രന്ഥമായ ബുര്‍ഹാനുദ്ദീന്‍ മര്‍ഗിനാനിയുടെ “ഹിദായ”യും ഇമാം നവവിയുടെ ശാഫിഈ നിയമഗ്രന്ഥമായ “മിന്‍ഹാജുത്ത്വാലിബീനു”മാണ് എന്നും ആക്ട് അവകാശപ്പെടുന്നു. ആദ്യം സര്‍ ഹാമില്‍ട്ടണും പിന്നീട് സര്‍ മുല്ലാ ദിന്‍ശാ ഫര്‍ദുന്‍ജിയും “ഹിദായ” പരിഭാഷപ്പെടുത്തി. വില്യം ജോണ്‍സ് തയാറാക്കിയ പേര്‍ഷ്യന്‍ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഹാമില്‍ട്ടണ്‍ വിവര്‍ത്തനം നിര്‍വഹിച്ചത്. ഫ്രഞ്ച് പരിഭാഷയെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാരനായ ഹോവാള്‍ഡ് “മിന്‍ഹാജുത്ത്വാലിബീന്‍” ഇംഗ്ലീഷിലാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇസ്‌ലാമിക രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ പഴുതുകള്‍ പരിഹരിക്കപ്പെടും. ഇസ്‌ലാമികമല്ലാത്ത ഭരണകൂടങ്ങള്‍ക്ക് പഴുതുകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക നിയമങ്ങള്‍ ആവശ്യമാണ്. ഈ നിലയിലാണ് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് ചെലവിന് കൊടുക്കാന്‍ പ്രത്യേക നിയമങ്ങള്‍ വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹമോചനം, അനന്തരാവകാശം എന്നീ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ തന്നെ വ്യക്തിനിയമങ്ങളെ ചൂഷണം ചെയ്യുകയും സ്ത്രീകള്‍ക്ക് തുല്യനീതി നല്‍കുന്ന ശരീഅത്ത് നിയമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പുതിയ സാഹചര്യങ്ങളില്‍ നീതി ലഭിക്കാന്‍ പുതിയ നിയമങ്ങള്‍തന്നെ വേണ്ടിവന്നേക്കും. സ്ത്രീകള്‍ സ്വന്തം ജോലി ചെയ്ത് കുടുംബം പോറ്റുന്നിടത്ത് അവര്‍ക്ക് പുരുഷനെ പോലെ സ്വത്തവകാശം നല്‍കിക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നതുകൊണ്ടാണ് അവന് സ്ത്രീയുടെ ഇരട്ടി സ്വത്ത് നല്‍കുന്നത്. സ്ത്രീക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ വിധം പിതാവിന്റെ സ്വത്ത് നല്‍കാന്‍ കോടതിക്ക് നടപടി സ്വീകരിച്ചു കൂടേയെന്നും അദ്ദേഹം ചോദിക്കുന്നു. ഇതൊക്കെ മതപണ്ഡിതന്മാര്‍ തീരുമാനിച്ചുകൊടുക്കേണ്ട കാര്യങ്ങളാണ്. അവരാണ് ശരീഅത്ത് സമഗ്രമായി പഠിച്ചവര്‍. സ്ത്രീയുടെ സംരക്ഷണമാണ് ഇസ്‌ലാം പ്രഥമമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ മാത്രമുള്ള പിതാവിന്റെ സ്വത്ത് മുഴുവന്‍ പെണ്‍കുട്ടിക്ക് ലഭിക്കില്ല. അവളെ സംരക്ഷിക്കാനെന്ന പേരില്‍ ഒരു ഭാഗം പിതൃസഹോദരന്മാര്‍ക്ക് നല്‍കുന്നു. അവര്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ ആ സ്വത്ത് തിരിച്ചുപിടിച്ച് പെണ്‍കുട്ടിക്ക് നല്‍കാന്‍ നിയമം കൊണ്ടുവന്നുകൂടേ? ഇസ്‌ലാമിലില്ലാത്ത സ്ത്രീധനം തടയാന്‍ വ്യക്തിനിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൂടേ? പിതാവിരിക്കെ മരിക്കുന്ന മകന്റെ മക്കള്‍ക്ക് സ്വത്തില്ലാതെ വിഷമിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്വത്തില്‍നിന്ന് ഈ പാവങ്ങളുടെ ജീവിതത്തിനാവശ്യമായ സ്വത്ത് പിടിച്ചുകൊടുക്കാന്‍ നിയമം കൊണ്ടുവന്നു കൂടേ? ശരീഅത്ത് ഏറ്റവും വെറുക്കുന്ന വിവാഹമോചനം ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ടല്ലോ? എന്നീ ചോദ്യങ്ങളും ഈ വിഷയത്തോടനുബന്ധിച്ച് അദ്ദേഹം ഉന്നയിക്കുന്നു.
വ്യക്തിനിയമത്തില്‍ നിന്ന് ഈ വസ്തുതകളൊക്കെ അടര്‍ത്തിമാറ്റിയത് ശരീഅത്തിനെ അപമാനിക്കാന്‍ വേണ്ടിതന്നെയാണ്. മുസ്‌ലിം ഭരണമുള്ള രാജ്യത്ത് പൊതുഖജനാവും മറ്റു നിയമമാര്‍ഗങ്ങളും ഉള്ളതുകൊണ്ട് അവിടെ സ്ത്രീയെ സംരക്ഷിക്കുന്നത് എളുപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് ലോകത്തും തെക്ക്കിഴക്കന്‍ മുസ്‌ലിം രാജ്യങ്ങളിലുമൊക്കെ സ്ത്രീക്ക് മാന്യത ലഭിക്കുന്നത് അവിടെ ശരീഅത്തിന്റെ തുല്യനീതി യഥാവിധി നടപ്പാക്കുന്നത് കൊണ്ടാണ്. ശരീഅത്തിന്റെ ലക്ഷ്യം സാധിച്ചെടുക്കാന്‍ വേണ്ടിവന്നാല്‍ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുകയാണ് വേണ്ടത്. വ്യക്തിനിയമത്തിന്റെ മറവില്‍ ശരീഅത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിച്ചു കൂടായെന്നും ഹുസൈന്‍ രണ്ടത്താണി വ്യക്തമാക്കി.