'വേട്ടയാടല്‍ പുത്തരിയല്ലാത്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി'; പിണറായി വിജയനെ കുറിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala
'വേട്ടയാടല്‍ പുത്തരിയല്ലാത്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി'; പിണറായി വിജയനെ കുറിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 1:32 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇടത് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസാനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്.

തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെ നെഞ്ച് വിരിച്ചും ശിരസ് ഉയര്‍ത്തിപ്പിടിച്ചുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണ കടത്ത് കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരേയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയ നിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല്‍ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന്‍ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏര്‍പ്പിച്ച കര്‍ത്തവ്യം, പ്രത്യേകിച്ച ഒരു ദുരന്ത മുഖത്ത്, നിര്‍വഹിച്ചു പോകുന്നതെന്നും മാര്‍ കൂറിലോസ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരേയും പേടിക്കില്ല

വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തേയും നെഞ്ചുവിരിച്ചും ശിരസ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വര്‍ണ കടത്ത് കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്.

തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരേയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയ നിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല്‍ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന്‍ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏര്‍പ്പിച്ച കര്‍ത്തവ്യം, പ്രത്യേകിച്ച ഒരു ദുരന്ത മുഖത്ത്, നിര്‍വഹിച്ചു പോകുന്നത്.

ശിവശങ്കറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയില്‍ അങ്ങനെ സംഭവിച്ചാല്‍ കൂടി അദ്ദേഹത്തെ സംരക്ഷില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ‘ മുറിക്കുന്ന വാര്‍ത്തകള്‍’ വരുമ്പോഴും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനേയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്.

അതുകൊണ്ട് അന്വേഷണവും നിയമവും ആ വഴികളില്‍ നീങ്ങട്ടെ. നമുക്ക് കൊവിഡും വെള്ളപ്പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. ഒരു ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാ ശ്രമങ്ങള്‍ ആകും, അത്ര തന്നെ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ