| Wednesday, 21st June 2023, 1:02 pm

മുസ്‌ലിം വിഭാഗങ്ങളില്‍ മസ്തിഷ്‌ക മരണം കുറവ്; അവര്‍ക്ക് ആക്‌സിഡന്റ് സംഭവിക്കുന്നില്ലേ? വര്‍ഗീയ പരാമര്‍ശവുമായി ഡോ. ഗണപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മുസ്‌ലിം ഡോക്ടര്‍മാരും മുസ്‌ലിം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്ന വര്‍ഗീയ പരാമര്‍ശവുമായി ഡോ. എസ്.ഗണപതി. കേരളത്തില്‍ വളരെ കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്‌ലിം വിഭാഗങ്ങള്‍ക്കാണെന്നും ഒരു യൂട്യൂബ് ചാനലിനോട് അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങള്‍ക്ക് ആക്സിഡന്റ് പറ്റില്ലേയെന്നും അവര്‍ക്ക് ബൈക്കുകളും കാറുകളുമില്ലേയെന്നും ഗണപതി ചോദിക്കുന്നു.

‘കേരളത്തില്‍ 2015ല്‍ 76 പേര്‍ക്കും 16ല്‍ 72 പേര്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് വര്‍ഷം കൊണ്ട് 148 പേര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്‌ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷന്റെ ഒരാള്‍ മാത്രം ബ്രെയ്ന്‍ ഡെത്താകാന്‍ കാരണമെന്താണ്. ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്‌ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ ബൈ മുസ്‌ലിം ഡോക്‌ടേര്‍സ് ഓര്‍ മുസ്‌ലിം ബിസിനസ് മാന്‍.

അവര്‍ക്ക് ആക്‌സിഡന്റ് പറ്റില്ലേ, അവര്‍ക്ക് കാറും, ബൈക്കും ആക്‌സിഡന്റുമില്ലേ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ആശുപത്രികള്‍ കിംസ്, ആസ്റ്റര്‍, ലേക്‌ഷോര്‍, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍ തുടങ്ങിയവയാണ്. ഇതെല്ലാം ഒരു വിഭാഗത്തിന്റെ ആശുപത്രികളാണ്.

ഈ വിഭാഗത്തില്‍, 148ല്‍ ഒരാള്‍ക്ക് മാത്രമാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. അതായത് 0.7 ശതമാനത്തിന് താഴെ,’ ഗണപതി പറഞ്ഞു.

ഡോക്ടര്‍മാര്‍ ഒരുപാട് പണമുണ്ടാക്കുകയും നിര്‍ധനരായ ഡോക്ടര്‍മാര്‍ പോലും ഇഷ്ടം പോലെ കാശുണ്ടാക്കുന്നുണ്ടെന്നും ഗണപതി അധിക്ഷേപിച്ചു.

‘സര്‍ക്കാര്‍ ആശുപത്രികളില്‍ പഠിച്ച നിര്‍ധനരായ ഡോക്ടര്‍മാര്‍ പോലും ഇഷ്ടം പോലെ കാശുണ്ടാക്കാമെന്നാണ് ചിന്തിക്കുന്നത്. ‘എനിക്ക് പൈസയില്ല, ഡിഗ്രിയുണ്ട്. എനിക്ക് എന്തുകൊണ്ട് കാശുണ്ടാക്കി കൂടാ. ഞാന്‍ താഴെ നിലയില്‍ നിന്ന് ഉയര്‍ന്ന് വന്നവനാണ്. എനിക്ക് ഇനി ഉയരണം. അതിന് കാശുവേണം’ എന്നൊക്കെയാണ് ചിന്തിക്കുന്നത്,’ ഗണപതി പറയുന്നു.

മെഡിക്കല്‍ രംഗം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഒരു കാര്യം പോലും നല്ല പോലെ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഡോക്ടര്‍മാര്‍ തനിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘മെഡിക്കല്‍ രംഗം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല, അവര്‍ക്ക് ഏറ്റെടുത്ത് നടത്താന്‍ സാധിക്കില്ല. അവര്‍ക്ക് ഏതെങ്കിലും ഒരു കാര്യം നല്ല പോലെ ചെയ്യാന്‍ അറിയുമോ? എന്നിട്ടാണോ ഹോസ്പിറ്റല്‍ ഏറ്റെടുത്ത് നടത്തുന്നത്.

എനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എതിര്‍ക്കുന്നയാളുകള്‍ ഉണ്ടാകും. അവര്‍ എനിക്ക് ശത്രുക്കളല്ല. പക്ഷേ നേരത്തെ പറഞ്ഞ പോലെ, മസ്തിഷ്‌ക മരണം ഏറ്റവും കുറവ് നടക്കുന്ന സമൂഹങ്ങളുണ്ട്. ആ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എനിക്ക് എതിരാണ്,’ ഗണപതി പറഞ്ഞു.

content highlights: dr ganapathi about brain death

We use cookies to give you the best possible experience. Learn more