| Monday, 10th May 2021, 11:28 am

ഇത് വാക്‌സിനേഷനിലെ അവസാനിക്കൂ; ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് പരിഹാരം സമ്പൂര്‍ണ്ണ വാക്‌സിനേഷനെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി.

ആഗോള തലത്തിലും ആഭ്യന്തര തലത്തിലും കൊവിഡ് വാക്‌സിനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് സമ്പൂര്‍ണ്ണ വാക്‌സിനേഷനിലെ അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അവരുടെ വിഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട്’, ഫൗസി പറഞ്ഞു.

അതേസമയം രോഗവ്യാപനം കുറയ്ക്കാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ഫൗസി പറഞ്ഞു. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നും രാജ്യവ്യാപകമായ അടച്ചുപൂട്ടല്‍ അനിവാര്യമാണെന്നും ഫൗസി പറഞ്ഞു.

ആശുപത്രിയില്‍ ബെഡ്ഡുകളില്ലാത്തതിന്റെ പേരിലും ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരിലും നടക്കുന്ന മരണങ്ങള്‍ ഞെട്ടിപ്പിക്കുന്നുവെന്നും കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങളെ സമീപിക്കണമെന്നും ഫൗസി പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3754 പേര്‍ ഈ സമയത്തിനിടെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

3,53,818 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,45,237 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,86,71,222 പേര്‍ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,26,62,575 ആയി. 2,46,116 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dr Fauci About Covid Spread In India

We use cookies to give you the best possible experience. Learn more