കൊച്ചി: വ്യാജ വീഡിയോ പ്രചരിപ്പിച്ച് കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കല്‍.
ആരോഗ്യകരമായി സംവാദങ്ങള്‍ നടത്താന്‍ ആശയ ദാരിദ്ര്യമുള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ദയ മാധ്യമങ്ങളോട് പറഞ്ഞു.
‘നമ്മളോക്കെ മനുഷ്യരല്ലേ..? ഇതോക്കെ ക്രൂരമല്ലേ? ഇലക്ഷന്‍ കഴിഞ്ഞാലും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കെണ്ടെ..? കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ..? എനിക്ക് ജോലിക്ക് പോകണ്ടേ,’ ദയ പാസ്‌കല്‍ പറഞ്ഞു.
വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് ഞങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. ആരോഗ്യകരമായി സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്ര്യമുള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പാര്‍ട്ടി നിയമ നടപടി സ്വീകരിച്ചതിനാല്‍ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.
അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത പ്രൊഫൈലുകളുടെ രേഖകള്‍ സഹിതം ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സി.പി.ഐ.എം പരാതി നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടതെന്നും മന്ത്രി പി. രാജീവും എം. സ്വരാജും പറഞ്ഞിരുന്നു.