| Thursday, 11th February 2021, 7:12 pm

ഒരു ക്രോം മെന്റല്‍ മാത്രമല്ല പ്രശ്‌നം, ആ എട്ട് ലക്ഷം ആര്‍മിക്കാര്‍ കൂടിയാണ്

അന്ന കീർത്തി ജോർജ്

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ അഥവാ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന്റെയും. സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളോ അല്ലെങ്കില്‍ എന്റര്‍ടെയ്ന്‍മെന്റോ അങ്ങനെ എന്തുമാകട്ടെ അതേ കുറിച്ചുള്ള ആദ്യത്തെ റെസ്‌പോണ്‍സ് മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായി വരെ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങളെ പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക്് വലിയ പങ്കുണ്ട്.

ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ വീഡിയോകളോ ചിത്രങ്ങളോ വാക്കുകളോ വരയോ ഒക്കെയായി ഏതെങ്കിലും തരത്തിലുള്ള കണ്ടന്റ് പ്രൊവൈഡ് ചെയ്യുന്നവരെയാണ് ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് പൊതുവെ വിളിക്കുന്നത്. ഇവരെ തന്നെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് എന്നും വിളിക്കാറുണ്ട്. വലിയ ഫോളോയിംഗ് ഉള്ളവരെയാണ് ഇന്‍ഫ്‌ളുവെന്‍സേഴ്‌സായി പരിഗണിക്കുന്നത്.

ലോകം മുഴുവന്‍ നേരത്തെ തന്നെ ആരംഭിച്ച ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് അല്ലെങ്കില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ട്രെന്റ് അടുത്ത കാലത്താണ് കേരളത്തില്‍ സജീവമാകുന്നത്. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍, വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍, ട്രാവല്‍ വീഡിയോസ്, കുക്കിംഗ് വീഡിയോസ്, ഫിലിം റിവ്യൂസ്, എഡ്യുക്കേഷണല്‍ വീഡിയോസ്, സയന്‍സ് എക്‌സ്പിരിമെന്റ് വീഡിയോസ്, പ്രാങ്ക് വീഡിയോസ്, റിയാക്ഷന്‍ വീഡിയോസ് എന്നു തുടങ്ങി ഏത് ഴോണറിലുമുള്ള കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ ഇന്ന് കേരളത്തിലുണ്ട്.

ഇതുവരെ പറഞ്ഞ കാര്യങ്ങളിലൊന്നും വലിയ പുതുമയില്ല, ഇനി പറയാന്‍ പോകുന്ന കാര്യങ്ങളിലും വലിയ പുതുമയില്ല. പക്ഷെ നാളുകളായി സമൂഹത്തില്‍ ഏറെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു ട്രെന്റ് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നത് കാണുന്നതു കൊണ്ട് വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരികയാണ്.

ഡോ.ക്രോം മെന്റല്‍ എന്ന ഇന്‍സ്റ്റ്ഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ അയാളുടെ പേജിലും അനോണിമസ് മല്ലു എന്ന മറ്റൊരു പേജിലും ഷെയര്‍ ചെയ്യുന്ന കണ്ടന്റുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രിയ എന്ന പെണ്‍കുട്ടി രംഗത്തുവന്നതും അതേ തുടര്‍ന്ന് ഇപ്പോഴും തുടരുന്ന വാഗ്വാദങ്ങളും മിക്കവരും ശ്രദ്ധിച്ചു കാണും. ഡോ. ക്രോം മെന്റലിന്റെ കണ്ടന്റിലെയും ശ്രിയയെ വെല്ലുവിളിച്ചെത്തിയ അയാളുടെ ലൈവ് വീഡിയോയിലെയും സ്ത്രീവിരുദ്ധതയും ആക്ഷേപവും ശ്രിയക്കെതിരെ ക്രോം മെന്റല്‍ ഫാന്‍സ് നടത്തുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളും ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ, സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഇന്‍ഫ്‌ളുവേഴ്‌സിന്റെ വരവോടെ കേരളത്തില്‍ കാണുന്ന മൂന്ന് അപകടകരമായ ട്രെന്റുകളെ കുറിച്ചാണ് ഇനി പറയുന്നത്

1 ആഘോഷിക്കപ്പെടുന്ന കണ്ടന്റുകളുടെ പൊതുസ്വഭാവം

നേരത്തെ പറഞ്ഞതു പോലെ വിവിധ മേഖലകളിലുള്ള, വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വളരെ പോപ്പുലറായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് കേരളത്തിലുണ്ട്്. ഇതില്‍ ഏറ്റവും പോപ്പുലറാകുന്ന കണ്ടന്റുകളില്‍ ഭൂരിഭാഗം എണ്ണത്തിന്റെയും പൊതുസ്വഭാവം പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും,

സ്ത്രീവിരുദ്ധത, ജാതീയത, നിറത്തിന്റെ പേരിലുള്ള ആക്ഷേപങ്ങള്‍, സാമ്പത്തിക പിന്നോക്കാവസ്ഥയെ കുറിച്ചുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍, ലൈംഗികച്ചുവയുള്ള ഡയലോഗുകള്‍, അശാസ്ത്രീയത, ഹോമോഫോബിയ തുടങ്ങിയ വിഷയങ്ങളിലെ ട്രോളുകളോ തീര്‍ത്തും മോശമായ ഭാഷയില്‍ വരുന്ന പരാമര്‍ശങ്ങളോ അടങ്ങിയ കണ്ടന്റുകള്‍ക്കോ ആണ് പൊതുവെ  ഈ സ്വീകാര്യത എന്നു വ്യക്തമാണ്.

മറ്റു വിഷയങ്ങളിലെ കണ്ടന്റുകളോ ഇപ്പോള്‍ സൂചിപ്പിച്ച കണ്ടന്റുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കുന്ന വീഡിയോകളോ കാണാന്‍ ആളില്ല എന്നല്ല.  പക്ഷെ ഡോ. ക്രോം മെന്റലിനും കലിപ്പന്റെ കാന്താരിക്കും രജിത് ആര്‍മിക്കും ബോ ചെയുടെ സ്ത്രീവിരുദ്ധത ഡയലോഗുകള്‍ക്കുമെല്ലാം ലഭിക്കുന്ന വ്യൂ പരിശോധിച്ചാല്‍ തന്നെ മലയാളികള്‍ ഓണ്‍ലൈനില്‍ സെലിബ്രേറ്റ് ചെയ്യുന്നത് എന്താണെന്ന് വ്യക്തമാകും. അതുമാത്രമല്ല ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കണ്ടന്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര ചെറുതാണെങ്കില്‍ പോലും ഭയപ്പെടുത്തുന്ന ഒന്നുതന്നെയാണ്.

2 ഫാന്‍സ്

മുന്‍പ് സിനിമാ താരങ്ങള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ ഉണ്ടായിരുന്ന ആരാധക വൃന്ദത്തേക്കാളോ അതിനേക്കാള്‍ അപ്പുറത്തോ ആണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനുള്ള ഫാന്‍ ബേസ്. കേരളത്തില്‍ ഇന്ന് ഒരു പക്ഷെ അന്ധമായ ആരാധന പ്രകടമായി കാണാവുന്ന പ്രധാന വിഭാഗവും നേരത്തെ പറഞ്ഞ സാമൂഹ്യവിരുദ്ധ കണ്ടന്റുകള്‍ ആഘോഷിക്കുന്ന ആര്‍മിയെന്നും അണ്ണന്‍ ഉയിരെന്നുമെല്ലാം അറിയപ്പെടുന്ന ഈ ഫാന്‍സ് അഥവാ ഫോളോവേഴ്‌സാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഏജ് ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഈ ഫാന്‍സ് അധികവും 12 മുതല്‍ 30 വയസ്സ് വരെ ഉള്ളവരാണെന്ന് വ്യക്തമാകും. എന്നുവെച്ചാല്‍ പുതിയ തലമുറ. ഒട്ടും പുരോഗമനപരമല്ലാത്ത, മനുഷ്യത്വരഹിതമായ കണ്ടന്റുകള്‍ ലൈക്കും ഷെയറും ചെയ്ത് ആഘോഷിക്കുന്നവരാണ് ഒരു നാട്ടിലെ വളര്‍ന്നുവരുന്ന തലമുറയെന്നത് അപകടകരമായ പ്രവണതയാണ്.

ഓണ്‍ലൈനായി വരുന്ന കണ്ടന്റുകള്‍ക്ക് ഓണ്‍ലൈനില്‍ ആരാധകരുണ്ടാകുന്നത് ഇത്ര വലിയ സാമൂഹ്യ പ്രശ്‌നമാണോയെന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. ഇന്നത്തെ പ്രധാന സോഷ്യലൈസിംഗ് ഏജന്‍സിയായ, ചുറ്റും നടക്കുന്ന കാര്യങ്ങളറിയാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന, നമ്മുടെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന, വലിയ ചര്‍ച്ചകള്‍ നടക്കുന്ന, എന്റര്‍ടെയ്‌മെന്റ് ഉപാധിയായ, ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സോഷ്യല്‍ മീഡിയയില്‍, നിങ്ങള്‍ എന്തു കാണുന്നു കേള്‍ക്കുന്നു ആരാധിക്കുന്നു എന്നത് ഓണ്‍ലൈനില്‍ മാത്രമായി ഒരിക്കലും ഒതുങ്ങി നില്‍ക്കില്ല. അതൊരു സാമൂഹിക വിഷയം തന്നെയാണ്.

വീടുകള്‍, സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നു തുടങ്ങി എവിടെയുമുള്ള നിങ്ങളുടെ പ്രവര്‍ത്തികളില്‍ പ്രതികരണങ്ങളില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയുടെ പ്രതിഫലനം തീര്‍ച്ചയായുമുണ്ടാകും. ഓണ്‍ലൈനെയും ഓഫ്‌ലൈനെയും ഇനിയും പരസ്പരം കലരാത്ത, രണ്ടു ധ്രുവങ്ങളിലായി നില്‍ക്കുന്നവയാണെന്ന് കരുതുന്നത് വെറും വിഢ്ഡിത്തമാണ്.

3 വിമര്‍ശിക്കുന്നവരോട് ഇന്‍ഫ്‌ളുവെന്‍സേഴ്‌സും ഫാന്‍സും നല്‍കുന്ന പ്രതികരണം

മനുഷ്യത്വരഹിതമായ കണ്ടന്റുകളുടെയും അതിന്റെ ഫാന്‍സിന്റെയും ഏറ്റവും വയലന്റായ അഗ്രസീവായ രൂപം പുറത്തുവരുന്നത് ഈ കണ്ടന്റുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരെങ്കിലം രംഗത്തെത്തുമ്പോഴാണ്. ഇപ്പോള്‍ ഡോ.ക്രോം മെന്റലിന്റെ പേജുകളിലെ കണ്ടന്റിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രിയ ചെയ്ത വീഡിയോയോട് ഡോ.ക്രോം മെന്റലും അദ്ദേഹത്തിന്റെ ഫാന്‍സും പ്രതികരിച്ച രീതി മാത്രം പരിശോധിച്ചാല്‍ അതിലെ വയലന്‍സ് വ്യക്തമാണ്.

നേരത്തെ രജിത് അണ്ണനും കലിപ്പനും എഫ്.എഫ്.സിയും വൈബര്‍ ഗുഡും ഇവരുടെ ഫാന്‍സുമെല്ലാം തങ്ങള്‍ക്കെതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരച്ച അതേ രീതി തന്നെയാണ് ഇവിടെയും കാണാനാകുന്നത്.

ഡോ.ക്രോം മെന്റല്‍ ശ്രിയക്കെതിരെ ചെയ്ത ലൈവ് വീഡിയോയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച കാര്യം എനിക്ക് എട്ട് ലക്ഷം ഫോളോവേഴ്‌സ് ഉണ്ട് എന്നതായിരുന്നു. കണ്ടന്റിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കാതിരിക്കാനും മാറ്റങ്ങള്‍ വരുത്താതിരിക്കാനും ശ്രിയയെ മോളൂസേയെന്നും മറ്റും പലതും വിളിച്ച് അപമാനിക്കാനും വെല്ലുവിളിക്കാനും ആ ഇന്‍ഫ്‌ളുവെന്‍സറിന് ധൈര്യം നല്‍കുന്നത് ഈ ലക്ഷ കണക്കിന് ഫാന്‍സ് ആണെന്നത് വ്യക്തമാണ്.

ഈ ഫാന്‍സ് ശ്രിയയുടെ പേജില്‍ പോയി നടത്തുന്ന തെറിവിളികളെയും ഭീഷണികളെയും തനിക്കുള്ള സ്‌നേഹവും ആരാധനയും സംരക്ഷണ കവചവുമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുണ്ട് ഡോ.ക്രോം മെന്റല്‍ ഈ ലൈവിന് പുറമെ പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളിലെ അയാളുടെ പ്രതികരണങ്ങളില്‍ വരെ ഇക്കാര്യം വ്യക്തമാണ്.

അതുകൊണ്ട് ഡോ.ക്രോം മെന്റലിന്റെയും അതുപോലെയുള്ള ‘ഇന്‍ഫ്ളുവെന്‍സേഴ്സിന്റെയും’ മനുഷ്യത്വവിരുദ്ധതക്ക് കുട പിടിക്കുന്ന, അവര്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങിപ്പുറപ്പെടുന്ന ആര്‍മിയും ഫാന്‍സും ആ ഇന്‍ഫ്ളുവേഴ്സിനോളം തന്നെ കുറ്റക്കാരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dr.Chrome Mental and other toxic Malayalee social media influencers and the danger Explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more