'മധുരം' മനോഹരമാണ്, പക്ഷേ സാബുവിന്റെ പ്രവര്‍ത്തി അത്ര മനോഹരമല്ല, ഡോക്ടറുടെ കുറിപ്പ്
dool discourse
'മധുരം' മനോഹരമാണ്, പക്ഷേ സാബുവിന്റെ പ്രവര്‍ത്തി അത്ര മനോഹരമല്ല, ഡോക്ടറുടെ കുറിപ്പ്
ഡോ. ബിരണ്‍ റോയ്
Monday, 27th December 2021, 6:13 pm

മധുരം സിനിമയില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച സാബു എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്.

‘അവള്‍ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടുവന്നത്. ഇവിടെ സ്‌കാനിങ്ങിനും എല്ലാത്തിനും ഞങ്ങള്‍ നടന്നാ പോയേ. കുറച്ച് കഴിഞ്ഞിട്ട് ഡോക്ടര്‍ വന്നു പറയുവാ, അവള്‍ നടക്കില്ലെന്ന്’

സാബു അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പിജി ചെയുമ്പോള്‍ കണ്ട പാലിയേറ്റീവ് കേസുകളില്‍, വീഴ്ച കഴിഞ്ഞു തളര്‍ന്നു പോയവരുടെ ഹിസ്റ്ററി എടുക്കുമ്പോള്‍ അതില്‍ പൊതുവായിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള യാത്രയില്‍ വരുന്ന ഈ ശ്രദ്ധക്കുറവ്.

ഒരാള്‍ വീഴുമ്പോള്‍ കൂടെ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണ ആളെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷേ കിട്ടുന്ന വണ്ടിയില്‍ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്.

വീഴ്ചയില്‍ ഉണ്ടാവുന്ന പരിക്കിനെക്കാളും വലിയ പരിക്കാണ് ഈ ഒരൊറ്റ ട്രാന്‍സ്പോര്‍ട്ടേഷന്‍ കൊണ്ട് നമ്മള്‍ രോഗിക്ക് നല്‍കുന്നത്.

വീണ ആളെ ഒരു Spine Immobilization Boardല്‍ കിടത്തി മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാവൂ. എല്ലാ ആംബുലന്‍സുകളിലും Spine Immobilization Board ഉണ്ടായിരിക്കും. വീല്‍ചെയറില്‍ ഇരുത്തി പോലും ട്രാന്‍സ്പോര്‍ട്ട് ചെയ്യരുത്.

മധുരം എന്ന സിനിമ മനോഹരമാണെങ്കിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Don’t be like Sabu

ഹെല്‍മറ്റ് വെക്കുന്നതിനും, പുകവലിക്കുന്നതിനെതിരെയും മാത്രമല്ല, ഇങ്ങനെയുള്ള സിനിമകളുടെ അവസാനം വീണ ഒരു രോഗിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷനെക്കുറിച്ച് നാല് വരിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dr. Biran Roy writes about the medical mistake in a dialogue in Madhuram movie

ഡോ. ബിരണ്‍ റോയ്
Junior Resident in community medicine at Government Medical College, Kozhikode